വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പേരില്‍ വൈറ്റ് ഹൗസിലേക്ക് കൊടും വിഷം അടങ്ങിയ കത്ത്. റിസിന്‍ എന്ന മാരക വിഷം പുരട്ടിയ കത്താണ് ഡൊണാള്‍ഡ് ട്രംപിനെ തേടി എത്തിയത്.
ശരീരത്തിനകത്ത് ചെന്നാല്‍ 36 മുതല്‍ 72 മരണം സംഭവിക്കുന്ന വിഷമാണ് റിസിന്‍. സംഭവത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ…അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് കച്ച മുറുക്കുന്നതിനിടെയാണ് ഡൊണാള്‍ഡ് ട്രംപിനെ തേടി മാരക വിഷം എത്തിയിരിക്കുന്നത്.പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്കുളള കത്തുകള്‍ പരിശോധിക്കുന്നയിടത്ത് നിന്നാണ് മാരക വിഷം അടങ്ങിയ കവര്‍ കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.റിസിന്‍ എന്ന മാരക വിഷമാണ് കത്തില്‍ എന്നാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ട്രംപ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും അമേരിക്കന്‍ സീക്രട്ട് സര്‍വീസുമാണ് ഈ കത്തിനെ കുറിച്ച് അന്വേഷിക്കുന്നത്. അമേരിക്കന്‍ പോസ്റ്റല്‍ സംവിധാനം വഴി ഇത്തരത്തില്‍ മറ്റാര്‍ക്കെങ്കിലും കത്തുകള്‍ പോയിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.മാത്രമല്ല വൈറ്റ് ഹൗസിനെ ലക്ഷ്യം വെച്ച് എത്തിയ കത്തിന്റെ ഉറവിടവും തേടുന്നു. ഇതുവരെ അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് എഫ്ബിഐ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. റിസിന്‍ അടങ്ങിയ കത്ത് എത്തിയത് കാനഡയില്‍ നിന്നാണ് എന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. എഫ്ബിഐക്കൊപ്പം റോയല്‍ കനേഡിയന്‍ മൗണ്ട് പോലീസും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്
ഉളളില്‍ ചെല്ലുന്ന വിഷത്തിന്റെ അളവ് അനുസരിച്ച് 36 മുതല്‍ 72 മണിക്കുറിനുളളില്‍ ആള്‍ മരണപ്പെടും എന്നാണ് അമേരിക്കന്‍ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പറയുന്നത്. പൊടിയുടേയോ വെടിയുണ്ടയുടേയോ രൂപത്തില്‍ ആയുധങ്ങളിലും ഈ വിഷം ഉപയോഗിക്കാനാവും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് റിസിന്‍ ഉപയോഗിക്കാറുണ്ടെന്നും പറയുന്നു.
അമേരിക്കയില്‍ വൈറ്റ് ഹൗസും മറ്റ് ഫെഡറല്‍ സംവിധാനങ്ങളും ഇതിന് മുന്‍പും റിസിന്‍ ഉപയോഗിച്ചുളള ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. മുന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയ്ക്കും ഉദ്യോഗസ്ഥര്‍ക്കും 2014ല്‍ റിസിന്‍ അടങ്ങിയ കത്തുകള്‍ അയച്ചതിന് മിസ്സിസ്സിപ്പി സ്വദേശി 25 വര്‍ഷത്തേക്കാണ് ശിക്ഷിക്കപ്പെട്ടത്. 2018ല്‍ പെന്റഗണിലേക്കും വൈറ്റ് ഹൗസിലേക്കും വിഷം അടങ്ങിയ കത്ത് അയച്ചതിന് ഒരു നേവി ഉദ്യോഗസ്ഥനെതിരെയും കേസെടുത്തിരുന്നു.