അയവില്ലാതെ പശ്ചിമേഷ്യൻ സംഘർഷം

0
13

പശ്ചിമേഷ്യൻ സംഘർഷത്തിന് അയവില്ല. ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം. 2,500 ഓളം മറീൻ സൈനികരെ അമേരിക്ക പശ്ചിമേഷ്യയിലേക്ക്‌ അയക്കും. പരമോന്നത നേതാവ് മുജ്തബ ഖമനയി അടക്കം ആറ് പേരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു. 10 ദശലക്ഷം ഡോളർ വരെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറാൻ കപ്പലുകൾക്ക് നേരെ ആക്രമണം കടുപ്പിച്ചതോടെ, പ്രതിരോധ നടപടികളുടെ ഭാഗമായി 2,500 ഓളം മറീൻ സൈനികരെ അമേരിക്ക പശ്ചിമേഷ്യയിലേക്ക്‌ അയക്കുന്നു. ഇൻഡോ-പസഫിക് മേഖലയിൽ നിലയുറപ്പിച്ചിരുന്ന മൂന്ന് യുദ്ധക്കപ്പലുകളിലായാണ് സൈനികർ പുറപ്പെട്ടിരിക്കുന്നത്. USS ട്രിപ്പോളി എന്ന യുദ്ധക്കപ്പലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വരുന്നത്. ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആയുധധാരികളായ സൈന്യത്തെ നേരിടുക എന്നത് സാധാരണക്കാരായ ജനങ്ങൾക്ക് വലിയൊരു തടസമാണെന്ന് ട്രംപ് പറഞ്ഞു.

സൗദി അറേബ്യയിൽ വിവിധയിടങ്ങളിലായി നടന്ന മിസൈൽ – ഡ്രോൺ ആക്രമണശ്രമങ്ങൾ പ്രതിരോധ സേന പരാജയപ്പെടുത്തി. ഖത്തറിൽ ചില പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. കുവൈറ്റിൽ പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായി. ബഹ്‌റൈനിൽ 2 തവണ സൈറൺ മുഴങ്ങി. യുഎയിൽ ആകെ പരിക്കേറ്റവരുടെ എണ്ണം 141 ആയി. സംഘർഷബാധിത മേഖലയിൽ ദൃശ്യങ്ങൾ പകർത്തിയ 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്.

അതേസമയം ഇസ്രയേൽ ആക്രമണത്തിൽ ലെബനോണിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 773 ആയി ഉയർന്നു. ലെബനോൺ ആരോ​ഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.മാർച്ച് 2 മുതൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 1933 പേർക്കും പരിക്കേറ്റു.പരിക്കേറ്റവരിൽ 103 പേർ കുട്ടികളാണ്. യുദ്ധം ആരംഭിച്ചതിന് ശേഷം 1,444 പേരാണ് ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത്. 18,551 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here