അമിത രക്തസമ്മർദവും മാനസിക സമ്മർദവും ഇന്നത്തെ കാലത്ത് മിക്കവരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. എന്നാൽ, മരുന്നുകളില്ലാതെ പ്രകൃതിദത്തമായിത്തന്നെ ഇതിന് പരിഹാരം കാണാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ജനറൽ ഫിസിഷ്യൻ ഡോ.ശാലിനി സിങ് സാലുങ്കെ പങ്കുവെച്ച ഒരു ലളിതമായ യോഗാഭ്യാസമായ ‘ഭ്രമരി പ്രാണായാമം’ ആണ് ഇതിനായി സഹായിക്കുന്നത്.
രാവിലെ എഴുന്നേറ്റ ഉടനെ ഫോൺ നോക്കുന്നതും വാർത്തകൾ വായിക്കുന്നതും തിരക്കിട്ട് ജോലികൾ ചെയ്യുന്നതും ശരീരത്തിൽ കോർട്ടിസോൾ, അഡ്രിനാലിൻ എന്നീ ഹോർമോണുകളുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകുന്നു. ഇത് സമ്മർദം വർധിപ്പിക്കുകയും ബിപി കൂടാൻ ഇടയാക്കുകയും ചെയ്യും. ഇതിനൊരു പരിഹാരമായാണ് ഡോ.സാലുങ്കെ ഭ്രമരി പ്രാണായാമം നിർദേശിക്കുന്നത്.
മാനസികമായി വളരെ ശാന്തമായി ഇരിക്കാൻ ഈ പ്രാണായാമം നമ്മളെ സഹായിക്കും. ദിവസവും ചെയ്യുന്നതിലൂടെ ഓർമശക്തിയും ഏകാഗ്രതയും കൂടാൻ ഈ പ്രാണായാമം സഹായിക്കും. ശരീരത്തെ ശാന്തമാക്കാനും വാഗസ് നാഡിയെ ഉത്തേജിപ്പിക്കാനും ഈ പ്രാണായാമം സഹായിക്കുന്നു.
ഭ്രമരി പ്രാണായാമം എങ്ങനെ ചെയ്യാം?
- രാവിലെ വെറും വയറ്റിൽ എഴുന്നേറ്റ ഉടനെ ഇത് ചെയ്യുന്നതാണ് ഏറ്റവും ഉചിതം.
- നട്ടെല്ല് നിവർത്തി സൗകര്യപ്രദമായി ഇരിക്കുക.
- രണ്ടു കൈകളുടെയും ചൂണ്ടു വിരൽ കൊണ്ട് ഇയർലോക്ക് (ചെവിയുടെ പുറത്തായുള്ള കുഞ്ഞു ചെവി) അടച്ചു പിടിക്കാം.
- ബാക്കി വിരലുകൾ കണ്ണുകൾക്ക് മുകളിൽ വെക്കുക (കണ്ണുകളിൽ അമർത്തരുത്).
- മൂക്കിലൂടെ സാവധാനം ശ്വാസം പുറത്തേക്ക് വിടുമ്പോൾ, വണ്ട് മൂളുന്നതുപോലെയുള്ള ശബ്ദം മെല്ലെ ചൊല്ലാം.
- പതിയെ പതിയെ ശബ്ദം കൂട്ടികൂട്ടി ആറോ ഒൻപതോ തവണ ചൊല്ലാവുന്നതാണ്.
- തുടക്കത്തിൽ 5 തവണ ചെയ്യുക. ക്രമേണ ഇത് 15 തവണ വരെയായി വർധിപ്പിക്കാം.
ദിവസവും ഇത് ശീലിക്കുന്നത് മാനസികാവസ്ഥയെ നിയന്ത്രിക്കാനും രക്തസമ്മർദം സ്വാഭാവികമായി 4 മുതൽ 5 പോയിന്റ് വരെ കുറയ്ക്കാനും സഹായിക്കുമെന്ന് ഡോ.സാലുങ്കെ വ്യക്തമാക്കുന്നു.





