ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ 5 വർഷം തടവ് : ബില്ല് രാജ്യസഭയിൽ പാസായി

0
108

ന്യൂഡല്‍ഹി : ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തെ കഠിന തടവ് നല്‍കുന്ന ബില്ലാണ് രാജ്യസഭ പാസാക്കിയിരിക്കുന്നത്.

 

കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധനാണ് പകര്‍ച്ചവ്യാധി നിയമം രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ കൂടാതെ ഇത്തരം പകര്‍ച്ചവ്യാധികള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിയമത്തിലൂടെ സംരക്ഷണം നല്‍കുന്നത്. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് പോരാടുന്ന സ്ഥാപനങ്ങള്‍ക്കോ അവിടെയുള്ള വസ്തുവകകള്‍ക്കോ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ക്കോ, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ക്കോ നാശനഷ്ടമുണ്ടാക്കുന്നവര്‍ക്ക് നിയമത്തിലൂടെ തക്കതായ ശിക്ഷ നല്‍കാനാകും.

 

ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവര്‍ക്കായിരിക്കും അന്വേഷണ ചുമതല. 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും നിയമം അനുശാസിക്കുന്നു. മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് കുറ്റക്കാര്‍ക്കുള്ള ശിക്ഷ . 50,000 മുതല്‍ രണ്ട് ലക്ഷം വരെയുള്ള പിഴ ശിക്ഷയും നിയമം അനുശാസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here