ദുബായ് വിമാനത്താവളം അടച്ചുപൂട്ടി, വിമാന സര്‍വീസുകള്‍ റദ്ദാക്കി,

0
3

ദുബായ്‌: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചു. സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളം അടച്ചുപൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. മേഖലയിലുണ്ടായ സുരക്ഷാ സാഹചര്യങ്ങളും സംഘർഷങ്ങളും മുൻനിർത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ദുബായിലേക്കും തിരിച്ചുമുള്ള തങ്ങളുടെ ഷെഡ്യൂൾ ചെയ്‌ത സർവീസുകൾ മാർച്ച് 7 രാത്രി 11:59 വരെ താൽക്കാലികമായി നിർത്തിവച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ കൊണ്ടുപോകുന്നതിനായുള്ള പ്രത്യേക വിമാനങ്ങളും കാർഗോ സർവീസുകളും പരിമിതമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എയർലൈനിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കാത്ത പക്ഷം ആരും വിമാനത്താവളത്തിലേക്ക് പോകരുത് എന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ എമിറേറ്റ്‌സ് എയർലൈൻ ശനിയാഴ്‌ച റദ്ദാക്കിയെന്ന് പ്രസ്‌താവനയില്‍ പറയുന്നു. പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുന്നതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് എയർലൈൻ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അപ്‌ഡേറ്റുകൾ പങ്കുവയ്‌ക്കുമെന്ന് എമിറേറ്റ്‌സ് എക്‌സിലൂടെ പുറത്തുവിട്ട പ്രസ്‌താവനയിൽ, അറിയിച്ചു. “യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നത്, അതിൽ വിട്ടുവീഴ്‌ചയില്ല,” എന്ന് വ്യക്തമാക്കിയ എയർലൈൻ, ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ കാണിക്കുന്ന ക്ഷമയ്ക്കും സഹകരണത്തിനും നന്ദി രേഖപ്പെടുത്തി.

റീബുക്കിംഗും റീഫണ്ട് ഓപ്ഷനുകളും

ഫെബ്രുവരി 28-നും മാർച്ച് 31-നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്രയിൽ മാറ്റങ്ങൾ വരുത്താനുള്ള സൗകര്യം നൽകും. ഇവർക്ക് ഏപ്രിൽ 30-നോ അതിന് മുമ്പോ ഉള്ള മറ്റൊരു വിമാനത്തിലേക്ക് യാത്ര മാറ്റാൻ സാധിക്കും. ട്രാവൽ ഏജൻ്റുമാർ വഴി ടിക്കറ്റ് എടുത്തവർ അവരെ നേരിട്ട് ബന്ധപ്പെടണം. എയർലൈൻ വഴി നേരിട്ട് ബുക്ക് ചെയ്‌തവർക്ക് ഔദ്യോഗിക സപ്പോർട്ട് ചാനലുകൾ വഴി റീബുക്കിംഗ് നടത്താം. യാത്രക്കാർക്ക് റീഫണ്ട് ആവശ്യമുണ്ടെങ്കിൽ എമിറേറ്റ്‌സിൻ്റെ വെബ്‌സൈറ്റിലെ റീഫണ്ട് ഫോം പൂരിപ്പിച്ചു നൽകാം. ട്രാവൽ ഏജൻ്റുമാർ വഴിയാണെങ്കിൽ അവരെയാണ് സമീപിക്കേണ്ടത്.

ചെക്ക്-ഇൻ കേന്ദ്രങ്ങൾ അടച്ചു

ദുബായിലുടനീളമുള്ള സിറ്റി ചെക്ക്-ഇൻ പോയിൻ്റുകളെല്ലാം താൽക്കാലികമായി അടച്ചു. ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാകുന്നതിനായി യാത്രക്കാർ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ ബുക്കിംഗ് പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. സ്ഥിതിഗതികൾ മാറുന്നതനുസരിച്ച് ഔദ്യോഗിക ചാനലുകൾ വഴി കൂടുതൽ വിവരങ്ങൾ കൈമാറുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here