റാഞ്ചി: ജാര്‍ഖണ്ഡില്‍ വന്ദേ ഭാരത് ട്രെയിനിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മധ്യവയസ്‌കനും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. നാഗര്‍നബി റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടം. മൂവരും റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ട് 7.30ന് നാഗര്‍നബി സ്റ്റേഷന്‍ വഴി കടന്ന് പോയ ട്രെയിനിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ മൂവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ‘മരിച്ച മൂവരെയും ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന്’ ആര്‍പിഎഫ് ഇന്‍ ചാര്‍ജ് സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു. ഇതിനായി പ്രദേശവാസികളില്‍ നിന്നും പഞ്ചായത്ത് പ്രതിനിധികളില്‍ നിന്നും സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.
വിവരം അറിഞ്ഞ നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി. എന്നാല്‍ റെയില്‍വേ പൊലീസ് ജനങ്ങളെ സംഭവ സ്ഥലത്ത് നിന്നും മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറുമെന്നും സിങ് വ്യക്തമാക്കി.
ഹരിയാനയിലും ഞെട്ടിക്കുന്ന അപകടം: ഫരീദാബാദില്‍ താര്‍ അപകടത്തില്‍പ്പെട്ട് 15 വയസുകാരന്‍ മരിച്ചു. 9ാം ക്ലാസ് വിദ്യാര്‍ഥി സോഹനാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. വാഹനമോടിച്ച വികാസ് (20), ഇരുവരുടെയും സുഹൃത്ത് ഹേമന്ത് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിലവില്‍ ഇരുവരും ചികിത്സയില്‍ തുടരുകയാണ്.
ഇന്നലെ ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. റോഡില്‍ നിര്‍ത്തിയിട്ട താര്‍ തെന്നിമാറി 100 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. വിവരം അറിഞ്ഞയുടന്‍ ദൗജ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സോഹന്‍റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ബദ്‌ഷാ ഖാന്‍ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട് പേരെ അല്‍ഫലാഹ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തില്‍ മരിച്ച സോഹന്‍ പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരനായ പ്രമോദിന്‍റെ മകനാണ്. കര്‍നേരയിലെ ബാലാജി കോളനിയിലാണ് കുടുംബം താമസിക്കുന്നത്. സോഹന്‍റെ അയല്‍വാസിയാണ് പരിക്കേറ്റ വികാസ്. ഒരു മാസം മുമ്പാണ് വികാസിന്‍റെ കുടുംബം താര്‍ എസ്‌യുവി വാങ്ങിയത്. വികാസ് കൂട്ടുകാരായ സോഹനെയും ഹേമന്തിനെ വിളിച്ച് താറുമായി ഒരു റൈഡ് പോകാമെന്ന് പറഞ്ഞു. ഇതോടെ മൂവരും യാത്ര തിരിക്കുകയായിരുന്നു. എന്നാല്‍ ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കുമാണ് അപകടമുണ്ടായത്.
റോഡിന്‍റെ വശത്തുള്ള കൊക്കയ്‌ക്ക് അടുത്ത് വാഹനം നിര്‍ത്തി സംഘം അതിനുള്ളില്‍ ഇരുന്ന് തന്നെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. അതിനിടെ മുന്നിലേക്ക് നീങ്ങിയ വാഹനം താഴ്‌ചയിലേക്ക് പതിച്ചു. സംഭവം കണ്ട വഴിയാത്രക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
വിവരം അറിഞ്ഞെത്തിയ പൊലീസ് മൂന്ന് പേരെയും പുറത്തെത്തിച്ചു. ക്രെയിനിന്‍റെ സഹായത്തോടെ താര്‍ താഴ്‌ചയില്‍ നിന്നും പുറത്തെടുത്തു. ഇതുപോലെയുള്ള കുന്നിന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് പറഞ്ഞു. ചെറിയ അശ്രദ്ധ വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്നും പൊലീസ് പറഞ്ഞു.







