ഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം നടന്ന ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുപതാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന പുടിന്‍, ഇന്ത്യയുമായുള്ള ബന്ധം പ്രത്യേകതയുള്ളതും തന്ത്രപ്രധാനവുമാണെന്നും വ്യക്തമാക്കി.
റഷ്യന്‍ പ്രസിഡന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം മികച്ച രീതിയില്‍ തുടരുന്നതായും അടുത്ത ഉഭയകക്ഷി സമ്മേളനത്തിനായി റഷ്യന്‍ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് കഷണിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പരസ്പര സഹകരണവും ഉഭയകക്ഷി ബന്ധങ്ങളും ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിന്റെ അടയാളമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ബ്രിക്സ് ഉച്ചകോടിയുടെ ഷാംഗ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയുടെയും വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റിനെ അഭിനന്ദിച്ചു. ഇരു രാജ്യങ്ങള്‍ക്കും പങ്കെടുക്കാന്‍ പറ്റുന്ന തരത്തില്‍ അടുത്ത ഉച്ചകോടിയുടെ സമയം ക്രമീകരിക്കുമെന്നും ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.