ജീവനെടുക്കുന്ന ടോക്‌സിനുകളും അലർജിയും, അറിയേണ്ട കാര്യങ്ങൾ

0
15

ഹോട്ടൽ ഭക്ഷണം കഴിച്ച് ഗുരുതരാവസ്ഥയിലാകുന്ന വാർത്തകൾ കേരളത്തിൽ വർധിച്ചുവരികയാണ്. ഇത്തരത്തിലൊരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്. വിഴിഞ്ഞത്തുള്ള ഒരു ഹോട്ടലില്‍നിന്ന് മത്സ്യവിഭവങ്ങള്‍ കഴിച്ച രണ്ടു പേരുടെ മരണം വിവാദത്തിനു വഴിവെച്ചിരുന്നു. അപകടത്തിനു പിന്നാലേ ഹോട്ടലിലെ ഭക്ഷണമാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉടൻ ഉയര്‍ന്നിരുന്നു.

ഭക്ഷ്യവിഷബാധ (Food Poisoning), ടോക്സിനുകളുടെ സാന്നിധ്യം, മാരകമായ അലർജി (Food Allergy) എന്നിവയെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഗ്യാസ്ട്രോ എൻ്ററോളജിസ്റ്റും ഐഎംഎ കൊച്ചി മുന്‍ പ്രസിഡൻ്റുമായ ഡോ. രാജീവ് ജയദേവന്‍ ഇ ടിവി ഭാരതിനോട് പറഞ്ഞു.

ഒരു ഭക്ഷണശാലയിൽ നിന്ന് കഴിച്ചതിനുശേഷം അസുഖം വന്നാൽ ഉടൻ തന്നെ ആ സ്ഥാപനത്തെ കുറ്റപ്പെടുത്തുന്നതിന് മുൻപ് ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ആ ഗ്രൂപ്പിലില്ലാത്ത മറ്റ് ആളുകൾക്കും അസുഖം ബാധിച്ചിട്ടുണ്ടോ എന്നത് പ്രധാനമാണ്. രോഗബാധിതരായ വ്യക്തികൾ മറ്റ് എവിടെയെങ്കിലും നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടോ, അല്ലെങ്കിൽ വീട്ടിൽ നിന്നോ മറ്റോ കഴിച്ച ഭക്ഷണമാണോ വില്ലനായത് തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. എന്നാൽ തിരുവനന്തപുരത്തെ സംഭവത്തില്‍ അന്നേ ദിവസം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച അനവധി പേർക്കു സമാനമായ പ്രശ്നമുണ്ടായാൽ അത് ഭക്ഷ്യ വിഷബാധ ആകാനാണ് മിക്കവാറും സാധ്യത.

ഭക്ഷ്യവിഷബാധയുടെ മൂന്ന് പ്രധാന വഴികൾ

പ്രധാനമായും മൂന്ന് രീതിയിലാണ് ഭക്ഷണത്തിലൂടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ഡോ. രാജീവ് പറയുന്നു.

ബാക്ടീരിയ- വൈറസ് ബാധ: ഭക്ഷണത്തിലുണ്ടാകുന്ന രോഗാണുക്കൾ നേരിട്ട് ശരീരത്തിലെത്തുന്നു. ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, ബാക്ടീരിയൽ ഡിസെൻട്രി തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഓരോ വ്യക്തിയുടെയും രോഗപ്രതിരോധ ശേഷി, അനുബന്ധ രോഗങ്ങൾ, ആരോഗ്യനില, കഴിച്ച ഭക്ഷണത്തിൻ്റെ അളവ് ഇവ അനുസരിച്ചായിരിക്കും രോഗത്തിൻ്റെ തീവ്രത.

ടോക്സിനുകൾ  ചില ബാക്ടീരിയകൾ ഭക്ഷണത്തിൽ ഉത്പാദിപ്പിക്കുന്ന വിഷാംശങ്ങളാണ് വില്ലനാകുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ഇത്തരം ടോക്സിനുകൾ ‘ഹീറ്റ് സ്റ്റേബിൾ’ (Heat Stable) ആണ് എന്നതാണ്. അതായത്, ഭക്ഷണം നന്നായി ചൂടാക്കിയാലും അതിലെ രോഗാണുക്കൾ നശിച്ചേക്കാമെങ്കിലും വിഷാംശം (Toxin) നശിക്കാതെ നിലനിൽക്കാം. ഇത് ശരീരത്തിലെത്തിയാൽ മണിക്കൂറുകൾക്കുള്ളിൽ ഗുരുതരമായ ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ അല്ലെങ്കിൽ ഇതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ചിലപ്പോൾ പഴക്കം മൂലവും ബാക്ടീരിയ ഉല്‍പാദിപ്പിച്ച ടോക്സിൻസ് ഉണ്ടായേക്കാം.

വളരെ അപൂർവമായി, മീനുകൾ സമുദ്രത്തിൽ ജീവിക്കുന്ന പരിസ്ഥിതിയിൽ ഉള്ള ചെറുസസ്യങ്ങളായ അൽഗേകളിൽ (algae) നിന്ന് വിഷാംശങ്ങൾ ദശയിലേയ്ക്ക് വലിച്ചെടുക്കാനിടയുണ്ട്. ഇത്തരം മത്സ്യം ഉള്ളിൽ ചെന്നവരിൽ പതിവ് വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾക്കു പകരം നാഡികളുടെ (nerves) തളർച്ച ഉണ്ടാക്കാനിടയുണ്ട്, ഗുരുതരമായാൽ ശ്വസനം പോലും നിലച്ചു പോയേക്കാം.

ഷെൽഫിഷ് അലർജിഏറ്റവും അപകടകരമായ സാഹചര്യമാണിത്. നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം ചില ഭക്ഷണങ്ങളോട് അമിതമായി പ്രതികരിക്കുന്ന അവസ്ഥയെയാണ് അലർജി എന്ന് വിളിക്കുന്നത്. ഇതിൻ്റെ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ‘അനാഫിലാക്സിസ്’.

കൊഞ്ചും ചെമ്മീനും ജീവനെടുത്തേക്കാം; ഷെൽഫിഷ് അലർജി നിസ്സാരമല്ല

ചെമ്മീൻ, കൊഞ്ച്, ഞണ്ട് തുടങ്ങിയ ഷെൽ ഫിഷുകളോടാണ് (Shell Fish) പലർക്കും അലർജി കാണാറുള്ളത്. അത്തരം അലർജിയുടെ ചരിത്രം ഉള്ള ഒരാൾക്ക് ഇടക്കാലത്ത് അലർജി ഉണ്ടായിട്ടില്ല എന്നത് പിന്നീട് ഉണ്ടാകില്ല എന്നതിന് ഉറപ്പല്ല. ഷെൽഫിഷ് അലർജിയുള്ള ഒരു വ്യക്തി അബദ്ധവശാൽ ഇത്തരം ഭക്ഷണം കഴിച്ചാൽ സെക്കൻഡുകൾക്കുള്ളിൽ ശരീരമാസകലം തടിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ബിപി താഴുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്യാം. ഇത് ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

ജീവൻ രക്ഷിക്കാൻ ‘എപ്പിനെഫ്രിൻ’

അലർജിക് റിയാക്ഷൻ മൂലം ഒരാൾ കുഴഞ്ഞുവീണാൽ മിനിറ്റുകൾക്കുള്ളിൽ ചികിത്സ നൽകണം. ‘എപ്പിനെഫ്രിൻ’ (Epinephrine) ഇഞ്ചക്ഷൻ ഉടൻ നൽകുന്നത് വഴി രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം. അലർജി ഉള്ളവർ തങ്ങൾക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക മാത്രമാണ് ഏക പോംവഴി.

ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കാൻ

  • അലർജി പല വിധമുണ്ട്. അത്തരം ഹിസ്റ്ററി ഉള്ളവർ പരിചിതമല്ലാത്ത ഭക്ഷണങ്ങൾ പരീക്ഷിക്കുമ്പോൾ അലർജി സാധ്യത കൂടി കണക്കിലെടുക്കുക.
  • പഴയതോ പാതി വെന്തതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത തോന്നിയാൽ വൈകാതെ വൈദ്യസഹായം തേടുക.
  • ഭക്ഷണം ആസ്വദിക്കുമ്പോൾ തന്നെ സ്വന്തം ആരോഗ്യത്തെയും ശരീരത്തിൻ്റെ പ്രത്യേകതകളെയും കുറിച്ച് അറിഞ്ഞിരിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here