മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ് അന്തരിച്ചു.

0
12

കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര റെയില്‍വേ മന്ത്രിയുമായിരുന്ന മുകുള്‍ റോയ് (71) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്നു.സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.30ഓടെയാണ് അന്ത്യം. ദിവസങ്ങളായി അദ്ദേഹം അബോധാവസ്ഥയിലായിരുന്നുവെന്ന് മകന്‍ സുഭ്രാംശു റോയ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാപക അംഗമാണ് മുകുള്‍ റോയ്. 1998ലാണ് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകൃതമായത്. പശ്ചിമബംഗാളിലെ 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃഷ്‌ണ നഗര്‍ ഉത്തരമണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം വീണ്ടും ടിഎംസിയിലേക്ക് മടങ്ങി.

2011ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് റെയില്‍വേ മന്ത്രിയായി പ്രവര്‍ത്തിച്ചു. ദീര്‍ഘമായ രാഷ്‌ട്രീയ ജീവിതത്തില്‍ രണ്ട് തവണ പശ്ചിമബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗവുമായിരുന്നു.

വിടവാങ്ങിയത് ബംഗാള്‍ രാഷ്‌ട്രീയത്തിലെ ചാണക്യന്‍

വര്‍ണാഭമായ രാഷ്‌ട്രീയ ജീവിതത്തിനുടമയാണ് മുകുള്‍ റോയ്. ഇടത് പക്ഷത്തോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. എന്നാല്‍ ആ യാത്ര അധികകാലം തുടര്‍ന്നില്ല. നോര്‍ത്ത് 24 പര്‍ഗാനയിലെ അന്നത്തെ ശക്തനായ കോണ്‍ഗ്രസ് നേതാവായിരുന്ന മൃണാള്‍ സിങ്റായ് അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് കൈപിടിച്ചു. ഛത്രപരിഷത്തില്‍ ചേര്‍ന്ന് കൊണ്ടായിരുന്നു റോയി തന്‍റെ കോണ്‍ഗ്രസ് സഹയാത്ര തുടങ്ങിയത്. അന്ന് മുതല്‍ മമത ബാനര്‍ജിയുടെ വിശ്വസ്‌തനുമായി.

തൊണ്ണൂറുകളുടെ അവസാനമാണ് പുതിയൊരു രാഷ്‌ട്രീയ കക്ഷി രൂപീകരണത്തെക്കുറിച്ച് മമത ചിന്തിച്ച് തുടങ്ങിയത്. മുകളടക്കമുള്ള യുവതുര്‍ക്കികളായിരുന്നു മമതയുടെ കരുത്ത്. മുകള്‍ അടക്കം ഒന്‍പത് നേതാക്കളുമായാണ് മമത തന്‍റെ സ്വന്തം രാഷ്‌ട്രീയ പാത വെട്ടിത്തെളിച്ചത്. അതിന്‍ ഘോഷ്, തമോനാഘോഷ് തുടങ്ങിയവരായിരുന്നു അന്ന് ഒപ്പമുണ്ടായിരുന്ന പ്രമുഖര്‍. അന്ന് മമത ഔദ്യോഗികമായി പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല. പിന്നീട് പാര്‍ട്ടിയിലേക്ക് വരികയായിരുന്നു.

അന്ന് തൊട്ട് 2017 വരെ മുകുള്‍ എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്നായിരുന്നു അര്‍ത്ഥം. 2009ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തില്‍ സഹമന്ത്രിയായി. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാളില്‍ അധികാരം പിടിക്കുകയും മമത മുഖ്യമന്ത്രി ആകുകയും ചെയ്‌തതോടെ റെയില്‍വേമന്ത്രിയായി ദിനേഷ് ത്രിവേദി ചുമതലയേറ്റു. പിന്നീട് റെയില്‍വേ നിരക്കുകളില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ദിനേഷ് മന്ത്രി സ്ഥാനം രാജി വച്ചു. അതോടെ റെയില്‍വേ മന്ത്രിപദം മുകളിലേക്ക് വന്ന് ചേര്‍ന്നു.

2017 ദുര്‍ഗാപൂജയുടെ പഞ്ചമി വേളയില്‍ അദ്ദേഹം തൃണമൂല്‍ വിടുന്നതായി പ്രഖ്യാപിച്ചു. നിസാം കൊട്ടാരത്തില്‍ വിളിച്ച് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബംഗാള്‍ രാഷ്‌ട്രീയത്തെ ഞെട്ടിച്ച ആ പ്രഖ്യാപനം ഉണ്ടായത്. ദുര്‍ഗാപൂജയ്ക്ക് ശേഷം അദ്ദേഹം രാജ്യസഭാംഗത്വം രാജി വച്ചു. മുകുള്‍ ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നു എന്നൊരു അഭ്യൂഹം മാസങ്ങളായി ബംഗാള്‍ രാഷ്‌ട്രീയത്തില്‍ പടര്‍ന്നിരുന്നു. ഒടുവില്‍ നവംബര്‍ മൂന്നിന് അദ്ദേഹം ഡല്‍ഹിയിലെ ബിജെപിയുടെ കേന്ദ്രകമ്മിറ്റി കാര്യാലയത്തിലെത്തി മുതിര്‍ന്ന പാര്‍ട്ടി നേതാവ് രവിശങ്കര്‍ പ്രസാദില്‍ നിന്ന് ബിജെപി പതാക ഏറ്റുവാങ്ങി ബിജെപി അംഗമായി.

2021 ജൂണ്‍ വരെ അദ്ദേഹം ബിജെപിയില്‍ തുടര്‍ന്നു. കൃഷ്‌ണ നഗര്‍ നോര്‍ത്ത് നിയമസഭ മണ്ഡലത്തില്‍ തൃണമൂലിന്‍റെ താര സ്ഥാനാര്‍ത്ഥി കൗശാനി മുഖര്‍ജിയെ തോല്‍പ്പിച്ച് കൊണ്ട് മുകുള്‍ ആദ്യമായി നിയമസഭാംഗമായി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടതോടെ റോയ് കളംമാറ്റി ചവിട്ടി. എന്നാല്‍ പിന്നീടിങ്ങോട്ട് അദ്ദേഹം രാഷ്‌ട്രീയത്തില്‍ അദ്ദേഹം അത്ര സജീവമായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here