വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചഹർ

0
50

നാലാം വിവാ​ഹ വാർഷികത്തിനു തൊട്ടുമുൻപ് വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചഹർ. 2022 മാർച്ചിലായിരുന്നു താരത്തിന്റെ വിവാഹം. 22ാം വയസിൽ ഇഷാനി ജോഹറുമായാണ് രാഹുലിന്റെ വിവാഹം നടന്നത്. ​ഗോവയിൽ വച്ചായിരുന്നു ചടങ്ങുകൾ.

ഒരു വർഷത്തിൽ കൂടുതലായി കഠിനമേറിയ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും വിവാഹ മോചനമല്ലാതെ മറ്റു വഴികളില്ലെന്നും ച​ഹർ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.

‘ജീവിതത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും മനസിലാക്കുന്നതിനു മുൻപ് ചെറിയ പ്രായത്തിൽ തന്നെ വിവാഹത്തിലേക്ക് കടന്നിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത പാഠങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ അനുഭവിച്ചത്. ഇന്ന് എന്റെ ജീവിതത്തിലെ ഒരു അധ്യായം പൂർത്തിയാകുകയാണ്. രോഷത്തിലോ കുറ്റബോധത്തിലോ അല്ല ഞാൻ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. ചില ബന്ധങ്ങൾ എന്നേക്കുമായി നിലനിൽക്കില്ല. അവ നമ്മെ ഉണർത്താനും രൂപാന്തരപ്പെടുത്താനുമുള്ളതാണ്. ഭാവി ജീവിതം കെട്ടിപ്പടുക്കാൻ ആത്മബോധത്തോടെ മുന്നോട്ടു പോകും’- രാഹുൽ ചഹർ കുറിച്ചു.

ഇന്ത്യൻ ജേഴ്സിയിൽ 7 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് ച​ഹർ. 2021ലാണ് അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനൊപ്പം 2 കിരീട നേട്ടങ്ങളിൽ പങ്കാളിയാണ്. നിലവിൽ താരം ചെന്നൈ സൂപ്പർ കിങ്സിലാണ്. 5.2 കോടി രൂപയ്ക്കാണ് ചഹറിനെ ചെന്നൈ സ്വന്തമാക്കിയത്. ഐപിഎല്ലിൽ 79 മത്സരങ്ങളിൽ നിന്നു 75 വിക്കറ്റുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here