വയറിൽ ഗ്യാസ് നിറയുന്നതും ദഹനക്കേടും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇതിനായി പലപ്പോഴും നാം മരുന്നുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ഭക്ഷണക്രമത്തിലോ മരുന്നുകളിലോ ശ്രദ്ധിക്കുന്നതിനേക്കാൾ ഉപരിയായി, നമ്മുടെ ദൈനംദിന ശീലങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്ന് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.പാൽ പറയുന്നു. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും അദ്ദേഹം 6 ശീലങ്ങൾ നിർദേശിച്ചിട്ടുണ്ട്.
1. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക
നമ്മുടെ ദഹനവ്യവസ്ഥ ഒരു ക്ലോക്ക് പോലെയാണ് പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കും. ഓരോ ദിവസവും വ്യത്യസ്ത സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെ കുഴപ്പത്തിലാക്കുകയും ഗ്യാസ് ഉണ്ടാകാൻ കാരണമാവുകയും ചെയ്യും.
2. ഭക്ഷണം കഴിക്കുമ്പോൾ സ്ക്രീനുകൾ ഒഴിവാക്കുക
ഭക്ഷണം കഴിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിക്കുന്നതോ ടിവി കാണുന്നതോ ദഹനത്തെ ബാധിക്കും. മസ്തിഷ്കം ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് ദഹനത്തിനാവശ്യമായ സിഗ്നലുകൾ ശരിയായ രീതിയിൽ ശരീരത്തിന് ലഭിക്കുന്നത്. ശ്രദ്ധയില്ലാതെ ഭക്ഷണം കഴിക്കുന്നത് ദഹനക്കേടിനും വയറു വീർക്കുന്നതിനും കാരണമാകുന്നു.
3. ശരിയായ ഉറക്കം
ഉറക്കം ദഹനാരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വൈകി ഉറങ്ങുന്ന ശീലം അസിഡിറ്റിക്കും ഗ്യാസിനും വഴിമാറുന്നു. തലച്ചോറും വയറും തമ്മിലുള്ള ബന്ധം ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കൃത്യസമയത്തുള്ള ഉറക്കം അത്യാവശ്യമാണ്.
4. നാരിന്റെ അളവ് വർധിപ്പിക്കുക
ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ പച്ചക്കറികളും പയർവർഗങ്ങളും ഉൾപ്പെടുത്തുന്നത് വയറിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കും. ഇത് ദഹനം എളുപ്പമാക്കുകയും ഗ്യാസ് ഫോർമേഷൻ കുറയ്ക്കുകയും ചെയ്യുന്നു.
5. കൃത്യമായ പ്രഭാത ദിനചര്യ
ശോധന തോന്നുന്ന സമയത്ത് അവഗണിക്കുന്നത് ഗ്യാസ് കെട്ടിക്കിടക്കാനും അസ്വസ്ഥതകൾക്കും കാരണമാകും. ഓരോ ദിവസവും കൃത്യമായ ഒരു സമയം ശോധനയ്ക്കായി മാറ്റിവെക്കുന്നത് വയറിന്റെ ആരോഗ്യം നിലനിർത്താൻ പ്രധാനമാണ്.
6. ശാരീരിക വ്യായാമം
ദിവസവും നടക്കുകയോ ചെറിയ വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് ദഹനവ്യവസ്ഥയുടെ ചലനത്തെ സഹായിക്കും. വ്യായാമമില്ലായ്മ ദഹനപ്രക്രിയ മന്ദഗതിയിലാക്കാനും ഗ്യാസ് അടിഞ്ഞുകൂടാനും ഇടയാക്കും.
മരുന്നുകളേക്കാൾ ഉപരിയായി നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങളാണ് വയറിന്റെ ആരോഗ്യത്തിന് ഏറ്റവും ഗുണകരം. ലളിതമായ ഈ 6 ശീലങ്ങൾ പിന്തുടരുന്നതിലൂടെ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഒരു പരിധിവരെ പടിക്കൽ നിർത്താം.









