ന്യൂഡൽഹി: ജസ്റ്റീസ് അരുണ്‍ മിശ്ര സുപ്രീംകോടതിയിൽനിന്നു വിരമിച്ചു. ഹർജികളിൽ മനസാക്ഷിക്ക് അനുസരിച്ചാണു കേസുകളിൽ തീരുമാനം എടുത്തിരുന്നതെന്നും തന്റെ വിധികളെ വിശകലനം ചെയ്യുന്നതിലോ, വിമർശിക്കുന്നതിലോ തെറ്റില്ലെന്നും വിരമിക്കൽ അറിയിച്ചുകൊണ്ടു ജസ്റ്റീസ് മിശ്ര പറഞ്ഞു. അതേസമയം, വിധികൾക്കു പ്രത്യേക നിറം നൽകരുതെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഐപിഎസ് ഓഫിസർ സഞ്ജയ് ഭട്ടിന്റെ ഹർജി, ജസ്റ്റീസ് ലോയയുടെ ദുരൂഹ മരണം, സിബിഐ മേധാവി തർക്കം, ഹരേണ്‍ പാണ്ഡ്യ വധക്കേസ്, പ്രശാന്ത് ഭൂഷണ് പ്രതിയായ കോടതിയലക്ഷ്യ കേസ്, മരട് ഫ്ളാറ്റ് പൊളിക്കൽ, അടക്കം നിരവധി വിവാദ കേസുകളിൽ വാദം കേട്ട ജഡ്ജിയാണ് അരുണ്‍ മിശ്ര.
2014 ലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന മിശ്ര, രാജസ്ഥാൻ, കോൽക്കത്ത ഹൈക്കോടതികളിൽ ചീഫ് ജസ്റ്റീസായിരുന്നു.