അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ്ട്രോഫിയിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഐസിസി ഔദ്യോഗിക ഈ മെയിലിലൂടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ (പിസിബി) അറിയിച്ചു. വിഷയത്തിൽ തുടർ മാർഗ നിർദ്ദേശങ്ങൾക്കായി പിസിബി പാകിസ്ഥാൻ ഭരണകൂടത്തെ സമീപിച്ചിരിക്കുകയാണ്.
ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്കില്ലെന്ന് ബിസിസിഐ വാക്കാൽ ഐസിസിയോട് പറഞ്ഞതായി നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് പിസിബി ചീഫായ മൊഹ്സിൻ നഖ്വി ഇന്ത്യയുടെ നിലപാട് രേഖാമൂലം അറിയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ടൂർണമെന്റിന്റെ തീയതികൾ പ്രഖ്യാപിക്കുന്നതിന് മുന്നേതന്നെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട് ഐസിസിയെ അറിയിച്ചെന്നാണ് സൂചന. 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ ലാഹോർ, റാവൽപിണ്ടി, കറാച്ചി എന്നിവിടങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക.
8 വർഷത്തിനു ശേഷം തിരിച്ചെത്തുന്ന ചാമ്പ്യൻ ട്രോഫിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ മുമ്പൻമാരായ 8 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ചാമ്പ്യൻ ട്രോഫിയിൽ ഇന്ത്യക്ക് പങ്കെടുക്കണമെങ്കിൽ ശത്രു രാജ്യത്തേക്ക് വരണമെന്ന് പിസിബി ചീഫായ മൊഹ്സിൻ നഖ്വി മുൻപ് പറഞ്ഞിരുന്നു.
2023ൽ എഷ്യ കപ്പിന് ആതിഥേയത്വം വഹിച്ചത് പാകിസ്ഥാനായിരുന്നു. എന്നാൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ ശ്രീലങ്കയിൽ വച്ചായിരുന്നു നടന്നത്. ഇത്തവണയും ഹൈബ്രിഡ് മോഡലിൽ മത്സരങ്ങൾ നടത്തുമെന്നുള്ള വാർത്തകളെ പിസിബി തള്ളിയിരുന്നു.
സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിൽ താമസിക്കുന്നതിന് അസൌകര്യമുണ്ടെങ്കിൽ മത്സര ശേഷം ന്യൂ ഡൽഹിയിലോ ചണ്ഡീഗണ്ഡിലോ ടീമിന് ക്യാമ്പ് ചെയ്യാനുള്ള സൌകര്യം ഒരുക്കാമെന്ന നിർദ്ദേശം പിസിബി മുന്നോട്ട് വച്ചിരുന്നു. മത്സരത്തിനായി ലാഹോറിലേക്ക് വരാൻ ചാറ്റേർഡ് വിമാനങ്ങളും ഒരുക്കാമെന്നും പിസിബി വാക്കാൽ അറിയിച്ചിരുന്നു. എന്നാൽ രേഖാമൂലം ഈ നർദ്ദേശങ്ങളൊന്നും പരസ്പരം കൈമാറിയില്ലെന്ന് പിടിഎ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ലാഹോറിലാണ് പിസിബി തീരുമാനിച്ചിരുന്നത്.