രാജി പ്രഖ്യാപനവുമായി ബൾഗേറിയൻ പ്രസിഡൻ്റ് റുമെൻ ജോർജിയെവ് റാഡെവ്. വൈസ് പ്രസിഡൻ്റായ ഇലിയാന യോട്ടോവ സ്ഥാനം ഏറ്റെടുക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ റുമെൻ ജോർജിയെവ് റാഡെവ് മത്സരിക്കുമെന്നും സൂചന.
സോഫിയ: രണ്ടാം തവണയിലെ അധികാര തുടർച്ചയ്ക്ക് ശേഷം രാജി പ്രഖ്യാപിച്ച് ഇടതുപക്ഷ ചായ്‌വുള്ള ബൾഗേറിയൻ പ്രസിഡൻ്റ് റുമെൻ ജോർജിയെവ് റാഡെവ്. കോടതിയിൽ തൻ്റെ രാജി ഔദ്യോഗികമായി സമർപ്പിക്കുമെന്ന് റുമെൻ റാഡെവ് തിങ്കളാഴ്‌ച അറിയിച്ചു. പ്രസിഡൻ്റ് സ്ഥാനം രാജിവച്ച് ഒഴിയുന്നതോടെ വൈസ് പ്രസിഡൻ്റായ ഇലിയാന യോട്ടോവ സ്ഥാനം ഏറ്റെടുക്കുമെന്ന് ഔദ്യോഗിക വൃത്തം അറിയിച്ചു.
മാതൃരാജ്യത്തിൻ്റെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് താനെന്ന് റുമെൻ റാഡെവ് പറഞ്ഞു. “അർഹതയുള്ളവരും പ്രചോദിതരുമായ എല്ലാവരുമായും ഒരുമിച്ച് നിന്ന് രാജ്യത്തെ പ്രതിസന്ധികൾ നേരിടുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ തയാറാണ്. നമുക്ക് വിജയിക്കാനാകും” റുമെൻ റാഡെവ് കൂട്ടിച്ചേർത്തു. രാജിക്ക് ശേഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് റുമെൻ റാഡേവിൻ്റെ പുതിയ പാർട്ടിയുടെ രൂപീകരണ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബൾഗേറിയൻ ജനങ്ങൾ.
ഇടത് -വലത് പക്ഷങ്ങളിലുള്ള എല്ലാ ജനാധിപത്യവാദികളെയും ഒരുമിച്ച് നിര്‍ത്തുന്ന ഒരു പാർട്ടിയുടെ ആവശ്യകതയുണ്ടെന്ന് റുമെൻ റാഡെവ് പറഞ്ഞു. നീതിയുക്തമായ തെരഞ്ഞെടുപ്പുകളും ജനാധിപത്യപരവും സ്വതന്ത്രവുമായ വികസനവും ആവശ്യമാണെന്നും റുമെൻ റാഡെവ് കൂട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റാനന്തര രാജ്യമായ ബൾഗേറിയയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു രാഷ്‌ട്ര തലവൻ രാജിവയ്‌ക്കുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ദീർഘകാലമായി ബൾഗേറിയയിലുള്ള രാഷ്‌ട്രീയ പ്രതിസന്ധിയാണ് പ്രസിഡൻ്റിൻ്റെ രാജിക്ക് കാരണമെന്നും നിരീക്ഷകർ കൂട്ടിച്ചേർക്കുന്നു.
2026ലാണ് രണ്ടാം റുമെൻ റാഡെവ് സർക്കാരിൻ്റെ ഭരണം അവസാനിക്കുന്നത്. രാജിവച്ചെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുള്ള ശക്തമായ സൂചനകൾ നൽകിയിട്ടുണ്ട്. 62കാരനായ മുൻ വ്യോമസേന ജനറൽ, ജിഇആർബി പാർട്ടിയുടെ നേതാവ് ബോയ്‌കോ ബോറിസോവ്, യുഎസ്, യുകെ ഉപരോധങ്ങൾക്ക് വിധേയനായ രാഷ്ട്രീയക്കാരൻ ഡെലിയൻ പീവ്‌സ്‌കി, എംആർഎഫ് ന്യൂ ബിഗിനിങ് പാർട്ടി എന്നിവർ റുമെൻ റാഡെവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയനിൽ അംഗത്വമുള്ള ജനാധിപത്യ രാജ്യമാണ് ബൾഗേറിയ. പ്രധാനമന്ത്രിയെയാണ് രാജ്യ തലവനായി കണക്കാക്കുന്നത്. രാജ്യത്ത് സ്ഥിരതയില്ലാത്ത സർക്കാരുകൾ സാധാരണമാണെന്നും സമീപ വർഷങ്ങളിൽ നിരവധി തെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ടെന്നും വിവിധ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
തെക്കുകിഴക്കൻ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ബൾഗേറിയ റൊമാനിയ, സെർബിയ, വടക്കേ മാസിഡോണിയ, ഗ്രീസ്, തുർക്കി എന്നിവയുമായി അതിർത്തി പങ്കിടുന്നു. ബൾഗേറിയയ്ക്ക് റഷ്യയുമായി രാഷ്‌ട്രീയ ബന്ധമുണ്ടെങ്കിലും ഊർജം, രാഷ്ട്രീയം എന്നിവയിൽ ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായി നിരീക്ഷകർ അഭിപ്രായപ്പെടുന്നു.





