ട്രംപിൻ്റെ തീരുവ പ്രഖ്യാപനം തള്ളിക്കളഞ്ഞ് യൂറോപ്യന്‍ യൂണിയന്‍. ഇത് അപകടത്തിന് വഴിവയ്‌ക്കുമെന്നും പ്രതിരോധിക്കാന്‍ തയ്യാറാണെന്നും മുന്നറിയിപ്പ്.
ബെർലിൻ: യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ 10 ശതമാനം തീരുവ പ്രഖ്യാപനം പൂര്‍ണമായും തള്ളിക്കളഞ്ഞ് എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍. ഇത് ബന്ധങ്ങളെ ദുർബലപ്പെടുത്തുമെന്നും അപകടകരമായ ഒരു ഘട്ടത്തിലേക്ക് നയിക്കുമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കി. പരമാധികാരത്തെയും സുരക്ഷയെയും ചൊല്ലിയുള്ള പിരിമുറുക്കങ്ങളുടെ സൂചനയാണിതെന്നും അവര്‍ വ്യക്തമാക്കി.
സംയുക്ത പ്രസ്‌താവനയിലൂടെയാണ് അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഗ്രീന്‍ലാന്‍ഡ് നിയന്ത്രണത്തില്‍ പിന്തുണയ്ക്കാത്ത എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ട്രംപ് അധിക തീരുവ ചുമത്തിയത്. പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത് എത്തിയത്. ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷം യൂറോപ്യൻ സഖ്യകക്ഷികളിൽ നിന്ന് ലഭിച്ച ഏറ്റവും ശക്തമായ ശാസനയാണിത്.
ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യുണൈറ്റഡ് കിഗ്‌ഡം, നെതർലാൻഡ്‌സ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്‌താവന പുറത്തിറക്കിയത്. ആർട്ടിക് എൻഡുറൻസ് എന്ന ദൗത്യത്തിനായി ഗ്രീൻലാൻഡിലേക്ക് അയച്ച സൈനികർക്ക് നേരെ ഭീഷണികളില്ലെന്നും അവര്‍ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.
അടിയന്തര ചര്‍ച്ച നടത്തി യൂറോപ്യന്‍ പ്രതിനിധികള്‍
അധിക തീരുവ പ്രഖ്യാപനത്തിന് പിന്നാലെ യൂറോപ്യൻ യൂണിയന്‍റെ ദേശീയ പ്രതിനിധികൾ തമ്മില്‍ അടിയന്തര ചർച്ചകൾ നടത്തി. ട്രംപിന്‍റെ തീരുവ ഭീഷണികള്‍ സഖ്യകക്ഷികൾക്കിടയിൽ സ്വീകാര്യമല്ലെന്ന് നോർവീജിയൻ വിദേശകാര്യ മന്ത്രി എസ്പെൻ ബാർത്ത് എയ്‌ഡ് പറഞ്ഞു. “തീരുവ ഭീഷണിയിലൂടെ തങ്ങളെ സമ്മർദ്ദത്തിലാകാൻ അനുവദിക്കില്ല. കൂടാതെ അത്തരം താരിഫുകള്‍ സഖ്യകക്ഷികൾക്കിടയിൽ സ്വീകാര്യമല്ല. ലക്ഷ്യമിട്ട ആറ് രാജ്യങ്ങൾ 27 അംഗ യൂറോപ്യൻ യൂണിയൻ്റെ ഭാഗമാണ്. വ്യാപാരത്തിൻ്റെ കാര്യത്തിൽ ഇത് ഒരൊറ്റ സാമ്പത്തിക മേഖലയായി പ്രവർത്തിക്കുന്നു” ബാർത്ത് എയ്‌ഡ് കൂട്ടിച്ചേര്‍ത്തു.
താരിഫുകൾ ബന്ധങ്ങളെ ദുർബലപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡൻ്റ് അൻ്റോണിയോ കോസ്റ്റ ചര്‍ച്ചയില്‍ പറഞ്ഞു. “താരിഫുകൾ അറ്റ്ലാൻ്റിക് സമുദ്ര ബന്ധങ്ങളെ ദുർബലപ്പെടുത്തുമെന്നും യൂറോപ്യൻ യൂണിയൻ യുഎസ് വ്യാപാര കരാറുമായി പൊരുത്തപ്പെടുന്നില്ലെന്നും” അൻ്റോണിയോ കോസ്റ്റ വ്യക്തമാക്കി. ഈ ആഴ്‌ചയില്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ചേര്‍ന്ന് ഉച്ചകോടി നടത്താന്‍ സാധ്യതയുണ്ടെന്ന് ചർച്ചകള്‍ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി. അതേസമയം ഏതെങ്കിലും തരത്തില്‍ ബലപ്രയോഗം നടത്തിയാല്‍ സ്വയം പ്രതിരോധിക്കുമെന്നും യൂറോപ്യൻ യൂണിയൻ്റെ ദേശീയ പ്രതിനിധികൾ പറഞ്ഞു.
ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ കഴിഞ്ഞയാഴ്‌ച യുഎസുമായി സംഭാഷണം ആരംഭിച്ചുവെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്‌മുസെന്‍ പറഞ്ഞു. ” ഞങ്ങള്‍ ഗ്രീന്‍ലാന്‍ഡ് ഉപേക്ഷിക്കാന്‍ തയ്യാറല്ല. യുഎസ് തീരുമാനം മാറ്റുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് ഇത്തരത്തില്‍ മുന്നോട്ട് പോകേണ്ടിവരും’ റാസ്‌മുസെന്‍ കൂട്ടിച്ചേര്‍ത്തു.
ഡെന്മാർക്കിനോടും ഗ്രീൻലാൻഡിനോടുമുള്ള ഐക്യദാർഢ്യം
ട്രംപിന് യൂറോപ്യൻ യൂണിയനെതിരെ എങ്ങനെ താരിഫുകൾ നടപ്പിലാക്കാൻ കഴിയുമെന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് യുറോപ്യന്‍ യൂണിയന്‍ ഡെന്മാര്‍ക്ക് രാജ്യത്തോടും ഗ്രീൻലാൻഡിലെ ജനങ്ങളോടും പൂർണ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പരമാധികാരത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും യൂറോപ്യൻ യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഗ്രീൻലാൻഡിൻ്റെ സുരക്ഷ അപകടത്തിലാണെങ്കിൽ നാറ്റോയ്ക്കുള്ളിൽ അത് പരിഹരിക്കാൻ കഴിയുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി കാജ കല്ലാസ് പറഞ്ഞു.
താരിഫ് ഭീഷണികൾ സാധാരണയായി സഖ്യകക്ഷികൾ തമ്മിലുള്ള പ്രദേശിക തർക്കങ്ങളിൽ നിന്നല്ല, വ്യാപാര വിയോജിപ്പുകളിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് ഡാനിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർനാഷണൽ സ്റ്റഡീസിലെ മുതിർന്ന ഗവേഷകനായ റാസ്‌മസ് സോണ്ടർഗാർഡ് പറഞ്ഞു.







