യുഎസിനെ ആറ് വിക്കറ്റിന് വീഴ്‌ത്തി ഇന്ത്യ അണ്ടർ 19 ലോകകപ്പിൽ

0
35

ടോസ് നേടിയ ഇന്ത്യ അമേരിക്കയെ ബാറ്റിങ്ങിനിറക്കി 35.2 ഓവറിൽ 107 റൺസിന് ആൾഔട്ടാക്കി.

ബുലവായോ (സിംബാബ്‌വെ): അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്‌ക്ക് ജയത്തുടക്കം. ആറ് വിക്കറ്റിനാണ് ഇന്ത്യ യുഎസിനെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ അമേരിക്കയെ ബാറ്റിങ്ങിനിറക്കി 35.2 ഓവറിൽ 107 റൺസിന് ആൾഔട്ടാക്കി. അഞ്ച് വിക്കെറ്റെടുത്ത ഹെനിൽ പട്ടേലാണ് അമേരിക്കയെ തകർത്തത്. മഴ മൂലം ഇന്ത്യയുടെ ലക്ഷ്യം 37 ഓവറിൽ 96 റൺസാക്കി പുതുക്കി.

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ അൽപം പ്രതിരോധത്തിലായിരുന്നു. വൈഭവ് സൂര്യവംശിയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ആദ്യം നഷ്‌ടമായത്. രണ്ട് റൺസ്‌ മാത്രം എടുത്താണ് വൈഭവ് പുറത്തായത്. പിന്നീട് മഴയും വെളിച്ചക്കുറവും കാരണം മത്സരം നിർത്തിവച്ചു. കുറച്ച് സമയം കഴിഞ്ഞാണ് വീണ്ടും ആരംഭിച്ചത്. ഇതോടെ 37 ഓവറിൽ 96 റൺസാക്കി പുനഃക്രമീകരിച്ചു.

പോരാട്ടം തുടരവേ ക്യാപ്‌റ്റൻ ആയുഷ് മാത്രെയും(19) വേദാന്ത് ത്രിവേദിയും(2) പുറത്തായതോടെ ഇന്ത്യൻ ടീം 25-3 എന്ന നിലയിലേക്ക് വീണു. എന്നാൽ അഭിഗ്യാൻ കുൺഡുവും വിഹാൻ മൽഹോത്രയും ഇന്ത്യയെ തിരിച്ച് ട്രാക്കിലേക്ക് കൊണ്ടുവരികയായിരുന്നു.

വിഹാൻ 18 റൺസെടുത്ത് പുറത്തായെങ്കിലും അഭിഗ്യാൻ 42 റൺസെടുത്ത് പുറത്താവാതെ നിന്നു. 17.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് ഇന്ത്യ വിജയ ലക്ഷ്യത്തിലെത്തിയത്. ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

റെക്കോർഡിട്ട് സൂര്യവംശി

അണ്ടൽ 19 ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് സൂര്യവംശി. 14 വയസ് പ്രായമുള്ളപ്പോഴാണ് വൈഭവ് അണ്ടർ 19 ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്നത്. 15 വയസുള്ളപ്പോൾ കാനഡയ്‌ക്ക് വേണ്ടി അണ്ടർ 19ന് അരങ്ങേറ്റം കുറിച്ച ഇന്ത്യൻ വംശജൻ നിതീഷ് കുമാറിൻ്റെ പേരിലുള്ള റെക്കോഡാണ് വൈഭവ് തൻ്റെ പേരിലാക്കിയത്.

ആയുഷ് മാത്രെ നയിക്കുന്ന 15 അംഗ ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും ഇടം നേടിയിട്ടുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ ലോകകപ്പ് ടീമിൽ 2 മലയാളികൾ ഉൾപ്പെടുന്നത്.

ഇന്ത്യൻ അണ്ടർ 19 സ്ക്വാഡ്

ആയുഷ് മാത്രെ (ക്യാപ്റ്റൻ), അംബ്രീഷ്, കനിഷ്‌ക് ചൗഹാൻ, ഡി.ദീപേഷ്, മുഹമ്മദ് ഇനാൻ, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ടു, കിഷൻ കുമാർ സിങ്, വിഹാൻ മൽഹോത്ര, ഉധവ് മോഹൻ, ഹെനിൽ പട്ടേൽ, ഖിലാൻ പട്ടേൽ, ഹർവൻഷ് സിങ്, വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി.

LEAVE A REPLY

Please enter your comment!
Please enter your name here