ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള പോര്‍ട്ടലില്‍ വീണ്ടും സാങ്കേതിക തകരാര്‍. തിങ്കളാഴ്ച മുതൽ പുനര്‍മൂല്യനിര്‍ണയത്തിനുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്നായിരുന്നു സിബിഎസ്ഇ അറിയിച്ചിരുന്നത്.
എന്നാല്‍ ഇതനുസരിച്ച് അപേക്ഷ നല്‍കാനായി ശ്രമിച്ചപ്പോള്‍ പോര്‍ട്ടല്‍ തുറക്കാന്‍ കഴിയുന്നില്ല എന്നാണ് കുട്ടികളുടെ പരാതി. മുൻപും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു. പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് ലഭിക്കാനും അപേക്ഷിച്ചപ്പോഴാണ് വിദ്യാര്‍ഥികള്‍ സാങ്കേതിക തകരാര്‍ നേരിട്ടത്.
17.68 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. അതിൽ നാലു ലക്ഷത്തിലേറെപ്പേര്‍ ഉത്തരക്കടലാസിന്‍റെ പകര്‍പ്പ് പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയം നടത്താന്‍ കൂട്ടത്തോടെ അപേക്ഷ വന്നാല്‍ പോര്‍ട്ടലിന് തകരാറുണ്ടാവുമോ എന്ന ആശങ്ക ശരിവയ്ക്കുന്നതാണ് ഇപ്പോൾ നേരിടുന്ന പ്രശ്നം.







