സ്ഥിരമായി രാത്രി ഭക്ഷണം വൈകുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്‌ധര്‍. നല്ല ആരോഗ്യത്തിന് ഉറക്കവും ഭക്ഷണവും ക്രമീകരിക്കേണ്ടതുണ്ടെന്നും പഠനങ്ങള്‍. പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ.
ശരിയായ ആരോഗ്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ് നല്ല ഭക്ഷണവും ആവശ്യത്തിനുള്ള ഉറക്കവും. ജീവിത ശൈലികളെല്ലാം നല്ല ചിട്ടയില്‍ മുന്നോട്ട് നീക്കിയാല്‍ നല്ല ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ജീവിത തിരക്കുകളും ജോലിയുമെല്ലാം ഇന്ന് മനുഷ്യ ജീവിതം താളം തെറ്റിക്കുകയാണ്.
തൊഴിലിടത്തിലെ തിരക്കുകള്‍ കാരണം പലര്‍ക്കും സമയത്ത് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ സാധിക്കാത്ത അവസ്ഥയാണ്. എന്നാല്‍ ഇത്തരക്കാരെ കാത്തിരിക്കുന്നത് വലിയ അപകടങ്ങളാണ്. പതിവായി വൈകി ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും നിങ്ങളുടെ ദഹനവ്യവസ്ഥയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മൂലം ഉണ്ടാകാൻ സാധ്യതയുള്ള ജീവിതശൈലി പ്രശ്‌നങ്ങളെക്കുറിച്ച് ആസ്റ്റർ ആർവി ആശുപത്രിയിലെ മെഡിക്കൽ ഗ്യാസ്ട്രോളജി ആൻഡ് ഹെപ്പറ്റോളജി കൺസൾട്ടൻ്റ് ഡോ ഗിരീഷ് പി വീരണ്ണ പറയുന്നതിങ്ങനെയാണ് – ” രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം ചെറിയ പ്രത്യാഘാതങ്ങളല്ല ഉണ്ടാക്കുന്നത്. വിചാരിക്കുന്നതിലും വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് അതുമൂലം ഉണ്ടാകുന്നത്. കാലക്രമേണ ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ തകരാറിലാക്കുകയും ശസ്ത്രക്രിയ ഉൾപ്പെടെ ചെയ്യേണ്ടതായുള്ള അവസ്ഥയിലേക്കെത്തിക്കുകയും ചെയ്യുമെന്ന്” അദ്ദേഹം പറഞ്ഞു.
രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കല്‍ ഉപാപചയ പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു. ഇത് അസിഡിറ്റിക്ക് കാരണമാകുന്നു. ആദ്യഘട്ടങ്ങളില്‍ നെഞ്ചിൽ ചെറിയ എരിച്ചിലും അസ്വസ്ഥതയും ഇതിൻ്റെ ഫലമായി ഉണ്ടാകുന്നു. ഭക്ഷണ ശേഷം വയറ്റില്‍ അനുഭവപ്പെടുന്ന ആസിഡ് റിഫ്ലക്‌സിനെ മിക്ക ആളുകളും ഒരു ചെറിയ അസ്വസ്ഥതയായി തള്ളിക്കളയുന്നു. വേദനയോ എരിച്ചിലോ അനുഭവപ്പെടുമ്പോൾ സ്വയം ചികിത്സിക്കുന്നവരുമുണ്ട്. എന്നാൽ അത് വെറും താത്‌കാലിക ശമനം മാത്രമാണ്.
ആവർത്തിച്ചുള്ള ആസിഡ് റിഫ്ലക്‌സ് ജിഇആർഡി (ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്‌സ് ഡിസീസ്) എന്ന രോഗമായി മാറുമെന്ന് ഡോ.വീരണ്ണ ചൂണ്ടിക്കാട്ടുന്നു. GERD വെറും അസിഡിറ്റി അല്ല. ഇത് അൾസർ, അന്നനാളം ചുരുങ്ങൽ, ദഹന ശേഷി കുറയ്‌ക്കൽ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. മരുന്നുകൾ കൊണ്ടും ശാശ്വത പരിഹാരമില്ലാതെ വരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ശസ്‌ത്രക്രിയ വരെ ചെയ്യേണ്ടതായി വരുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്. ഇത് കുടലിൻ്റെ പ്രവർത്തനത്തെ മൊത്തമായും ബാധിക്കുന്നു. തന്മൂലം ദഹനപ്രക്രിയ മന്ദഗതിയിലാകുന്നു. ഭക്ഷണം കൂടുതൽ നേരം ദഹിക്കാതെ ഇരിക്കുകയും അതിൻ്റെ ഫലമായി വയറ് വീർക്കൽ, ഗ്യാസ്, മലബന്ധം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യുന്നു.
ഇത് മൂലം വയറിനുള്ളിൽ അസ്വസ്ഥതയും വലിയ വേദനയും അനുഭവപ്പെട്ടേക്കാം. കാലക്രമേണ, ഈ അവസ്ഥ വിട്ടുമാറാതെ നിൽക്കുകയും കൂടുതൽ ആഴത്തിലുള്ള ദഹനനാള പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിൻ്റെ മറ്റൊരു അപകടകരമായ ഫലങ്ങളിലൊന്നാണ് ആമാശയ പാളിയിലുണ്ടാകുന്ന വീക്കം. ഇത് അൾസറിനും കുടൽ സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകും.
മേല്‍ പറഞ്ഞ ലക്ഷണങ്ങളുമായി ഒരു ഡോക്‌ടറെ സമീപിക്കുമ്പോൾ അവസാന ഘട്ടങ്ങളിൽ മാത്രമെ ഡോക്‌ടർമാർ ശസ്ത്രക്രിയക്ക് ശുപാർശ ചെയ്യുകയുള്ളൂ. അവസാന ആശ്രയമാണ് ശസ്ത്രക്രിയ. ആദ്യ ഘട്ടത്തിൽ തന്നെ പ്രതിരോധിക്കുകയും ഡോക്‌ടർമാർ നിർദേശിക്കുന്ന പ്രകാരം ഭക്ഷണ ശൈലിയിൽ മാറ്റം വരുത്തുകയും ചെയ്‌താൽ മാത്രമെ ശസ്ത്രക്രിയ ഒഴിവാക്കേണ്ടിവരൂവെന്ന് ഡോ.വീരണ്ണ നിർദേശിക്കുന്നു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
- അത്താഴത്തിനും ഉറക്കത്തിനും ഇടയിൽ 2-3 മണിക്കൂർ ഇടവേള നിലനിർത്തുക. ഭക്ഷണം കഴിച്ചയുടൻ കിടക്കാതിരിക്കുക.
- രാത്രിയിൽ ലഘുവായ ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കുന്നു.
- ഒരു പതിവ് ഭക്ഷണക്രമം പാലിക്കുന്നത് നിങ്ങളുടെ കുടലിനെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്നു.







