മുട്ടകളിൽ നൈട്രോഫ്യൂറാനുകൾ? ആശങ്ക പരത്തി വൈറല്‍ വീഡിയോ,

0
43

ഉയർന്ന അളവിലുള്ള നൈട്രോഫ്യൂറാനുകളും അവയുടെ മെറ്റബോളിറ്റുകളും ആരോഗ്യത്തിന് ഹാനികരം. മുട്ട പാകം ചെയ്‌താലും ഇവയുടെ അംശങ്ങള്‍ പറ്റിപ്പിടിച്ചിരിക്കും.

പ്രോട്ടീന്‍ കൂടുതലുള്ള ഒരു ഭക്ഷണമാണ് മുട്ട. പ്രോട്ടീന്‍ കൂടുതലുള്ളത് കൊണ്ട് തന്നെ മിക്ക ആളുകളും ദിവസം ഒരു മുട്ട വീതമെങ്കിലും കഴിക്കാറുണ്ട്. അതുപോലെ ജിമ്മില്‍ പോകുന്നവരും അവരുടെ ഡയറ്റില്‍ പ്രധാനമായും മുട്ട ഉള്‍പ്പെടുത്താറുണ്ട്. പ്രഭാത ഭക്ഷണത്തില്‍ നിര്‍ബന്ധിതമായും മുട്ട ഉള്‍പ്പെടുത്തുന്നവരും ഏറെയാണ്.

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുട്ടയില്‍ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥം ഉള്‍പ്പെട്ടിട്ടുണ്ടെന്ന വീഡിയോ വൈറലായതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. വീഡിയോയിലെ കാര്യങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് മനസിലാക്കാതെ ആളുകള്‍ ഇതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടത്താന്‍ തുടങ്ങി. കോഴി, ആട് പോലുള്ള മൃഗങ്ങളില്‍ കാൻസർ വരുത്താന്‍ സാധ്യതയുള്ള ഒരു തരം ആൻ്റി ബയോട്ടിക്കാണ് നൈട്രോഫ്യൂറാനുകള്‍.

ഒരു ജനപ്രിയ ബ്രാൻഡിൻ്റെ മുട്ടകളില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന നൈട്രോഫ്യൂറാനുകളുടെ അംശം കണ്ടെത്തിയെന്നുള്ള യുട്യൂബ് വീഡിയോയില്‍ നിന്നാണ് തുടക്കം. ഈ വീഡിയോകള്‍ നിമിഷനേരം കൊണ്ട് സമൂഹമാധ്യമത്തില്‍ വൈറലായി. ഇതോടെ ആളുകള്‍ ആശങ്കയിലുമായി.

സംഭവം വഷളാകാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ നിയന്ത്രണ ഏജൻസിയായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഇടപെട്ടു. രാജ്യത്തുടനീളം (ബ്രാൻഡഡ്, ബ്രാൻഡഡ് അല്ലാത്ത) മുട്ട സാമ്പിളുകൾ ഏജന്‍സി ശേഖരിച്ചു.

എന്തുകൊണ്ടാണ് നൈട്രോഫ്യൂറാനുകൾ വില്ലന്‍മാരാകുന്നത്

ലാബുകളിൽ നിർമിക്കുന്ന പ്രത്യേക ആൻ്റിബയോട്ടിക്കുകളാണ് നൈട്രോഫ്യൂറാനുകൾ. സാൽമൊണെല്ല പോലുള്ള ദോഷകരമായ ബാക്‌ടീരിയകളെ കൊല്ലാനാണ് ഇവ ഉപയോഗിച്ചിരുന്നത്. വളരെ വിലക്കുറവില്‍ ലഭിക്കുന്നവയാണിവ. അതുകൊണ്ട് തന്നെ കോഴികൾ, പന്നികൾ, ചെമ്മീൻ, മറ്റ് മൃഗങ്ങൾ എന്നിവയെ ചികിത്സിക്കാൻ ഒരുകാലത്ത് ഇവ ധാരാളം ഉപയോഗിച്ചിരുന്നു.

അവയുടെ രാസഘടനയിൽ നൈട്രോ ഗ്രൂപ്പുള്ള ഫ്യൂറാൻ റിങ് എന്ന ഭാഗം ഉൾപ്പെടുന്നു. ഇത് ഒരു രാസ പദാര്‍ഥമായതിനാല്‍ ഇതിൻ്റെ ഉപയോഗം ശാസ്‌ത്രജ്ഞരില്‍ ആശങ്ക ഉളവാക്കി. തുടര്‍ന്ന് നടത്തിയ ശാസ്‌ത്രീയ പഠനങ്ങളിലാണ് നൈട്രോഫ്യൂറാനുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.

നൈട്രോഫ്യൂറാനുകളും അവ വിഘടിപ്പിക്കുന്ന ഉത്‌പന്നങ്ങളും കാൻസർ, ഡിഎന്‍എ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ കണ്ടെത്തി. ഈ രാസപദാര്‍ഥങ്ങള്‍ മൃഗങ്ങളില്‍ ഉപയോഗിച്ചാല്‍ മാംസത്തിലും മുട്ടയിലും പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ്. പാകം ചെയ്യുമ്പോഴോ വറുക്കുമ്പോഴോ പോലും അവ പോകില്ല. ഇതോടെ നൈട്രോഫ്യൂറാനുകള്‍ ഭക്ഷ്യ സുരക്ഷയ്ക്ക് ആശങ്കയായി മാറി.

ഭയക്കണോ നിലവിലെ ചർച്ചകളെ…

മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ നിന്നും കാൻസറിന് കാരണമായ അളവുകളേക്കാൾ വളരെ കുറവാണു ഭക്ഷണത്തിൽ കാണപ്പെടുന്ന നൈട്രോഫ്യൂറാൻ അവശിഷ്‌ടങ്ങളെന്ന് വിദഗ്‌ധർ പറയുന്നു. ഈ രാസവസ്‌തുക്കളുടെ ചെറിയ അംശങ്ങളുള്ള ഒരു മുട്ട കഴിക്കുന്നത് മനുഷ്യർക്ക് ഉടനടി കാൻസറിന് കാരണമാകില്ല.

വീഡിയോ വന്‍ തോതില്‍ പ്രചരിച്ചതിലൂടെ ഭക്ഷണത്തിലെ ചെറിയ അളവിലുള്ള രാസവസ്‌തുക്കളെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ജനങ്ങള്‍ ആശങ്കകുലരാകുന്നു. എന്നാൽ ഒരു ചെറിയ അളവിൽ കണ്ടെത്തിയതുകൊണ്ട് അത് അപകടകരമാണെന്ന് അർത്ഥമാക്കുന്നില്ലെന്ന് പഠനങ്ങള്‍ പറയുന്നു.

എഫ്എസ്എസ്എഐയുടെ പ്രതികരണം

മുട്ടയില്‍ അടങ്ങിയ പദാര്‍ഥം കണ്ടെത്തുന്നതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വളരെ പെട്ടെന്നാണ് രാജ്യവ്യാപകമായി പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷ എന്നത് ആളുകൾക്ക് അസുഖം വരുന്നതുവരെ കാത്തിരിക്കുന്നതല്ല, മറിച്ച് പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് അവ കണ്ടെത്തി പരിശോധന നടത്തുക എന്നതാണ്.

മുട്ട സാമ്പിളുകൾ ശേഖരിച്ച് LC-MS/MS എന്ന വളരെ സെൻസിറ്റീവ് ടെസ്റ്റ് ഉപയോഗിക്കുന്ന പ്രത്യേക ലാബുകളിലേക്ക് അയയ്ക്കാൻ എഫ്എസ്എസ്എഐ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെയും മറ്റും ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയാണിത്.

ഐസിഎആര്‍ ഡാറ്റ അനുസരിച്ച്, 2023-ൽ പരിശോധിച്ച മുട്ട സാമ്പിളുകളിൽ 98%-ത്തിലധികവും ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു. ആ സ്ഥിതിവിവരക്കണക്കുകൾ അപൂർവ്വമായി മാത്രമേ വാർത്തകളിൽ ഇടം നേടുന്നുള്ളു എന്നതാണ് വാസ്‌തവം. ഇന്ത്യയുടെ കർശനമായ നയം അർഥമാക്കുന്നത് രാസവസ്‌തുക്കളുടെ ചെറിയ അംശം പോലും ലംഘനമായി കണക്കാക്കപ്പെടുന്നു എന്നാണ്. രാസവസ്‌തുക്കളുടെ നിയമവിരുദ്ധ ഉപയോഗം തടയണമെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.

നൈട്രോഫ്യൂറാനുകളുടെ പ്രാധാന്യത്തിന് മറ്റൊരു കാരണവുമുണ്ട്. വൈറൽ വീഡിയോകളുമായി ഇതിന് ബന്ധമില്ല. കോഴിയിറച്ചിയിൽ ആൻ്റിബയോട്ടിക്കുകളുടെ നിയമവിരുദ്ധ ഉപയോഗം ആൻ്റിമൈക്രോബയൽ പ്രതിരോധത്തിന് (AMR) കാരണമാകുന്നു. ഇത് ഏറ്റവും ഗുരുതരമായ ആരോഗ്യ ഭീഷണികളിൽ ഒന്നാണ്. മൃഗങ്ങളില്‍ ഉപയോഗിക്കുന്ന ആൻ്റിബയോട്ടിക് അവശിഷ്‌ടങ്ങൾ കഴിക്കുമ്പോൾ അവ കുറഞ്ഞ അളവിലെങ്കിലും മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നു. അവ കുടലിൽ പ്രതിരോധശേഷിയുള്ള ബാക്‌ടീരിയകൾ വളരാൻ പ്രോത്സാഹിപ്പിച്ചേക്കാം.

എന്നാല്‍ പഠനത്തില്‍ കുട്ടികളെയും ഗർഭിണികളെയും പലപ്പോഴും ദുർബല ഗ്രൂപ്പുകളായി പരാമർശിക്കുന്നു. മൃഗ പഠനങ്ങൾ ചില നൈട്രോഫ്യൂറാൻ മെറ്റബോളിറ്റുകളെ (ജീവനുള്ള കോശങ്ങളിൽ രൂപം കൊള്ളുന്നതും ഉപയോഗിക്കപ്പെടുന്നതുമായ രാസവസ്‌തുക്കള്‍) വികസന പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എഫ്എസ്എസ്എഐ സാക്ഷ്യപ്പെടുത്തിയ ഉറവിടങ്ങളിൽ നിന്ന് മുട്ടകൾ വാങ്ങുക. ഔദ്യോഗിക സ്രോതസുകളില്‍ നിന്ന് വിവരങ്ങൾ അറിഞ്ഞിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here