കാസർകോട്: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ആന്ധ്രാ-ഒഡിഷ തീരം കടന്ന അതിതീവ്ര ന്യൂനമർദം ദുർബലമാകുന്നു. ഇതിൻ്റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
മഴ മുന്നറിയിപ്പുകൾ
ഒഡിഷയുടെ വടക്കുപടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ പൂർണമായും ദുർബലമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ സ്വാധീനഫലമായി കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഇന്നലെ ആരംഭിച്ച മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. എന്നാൽ ഇന്ന് വൈകിട്ടോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ നിഗമനം.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
കാസർകോട് ഓറഞ്ച് അലർട്ട്
രാവിലെ 10 മണിവരെ കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത കൽപിച്ചിരുന്നത്.
കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴക്കുറവ് 27 ശതമാനം
സംസ്ഥാനത്ത് ഇത്തവണ ലഭിക്കേണ്ട മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കേരളത്തിൽ ലഭിക്കേണ്ട മഴയുടെ 27 ശതമാനം കുറവാണ് ഉള്ളത്. ഈ സീസണിൽ 1957.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ 1420.8 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ലക്ഷദ്വീപിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. അവിടെ 28 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ലഭിക്കുന്ന മഴയിലൂടെ ഈ കുറവ് നികത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് സെപ്റ്റംബർ 26 രാത്രി 11.30 വരെ 0.3 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇൻകോയ്സ്) അറിയിച്ചു. കന്യാകുമാരി തീരത്തും സമാനമായ മുന്നറിയിപ്പുണ്ട്. ഇവിടെ സെപ്റ്റംബർ 26 രാത്രി 11.30 വരെ 0.9 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.




