ആണവ ദുരന്തമുണ്ടായാൽ ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനികൾക്ക് മേൽ ഉത്തരവാദിത്തം ചുമത്തുന്ന 2010-ലെ നിയമത്തിലെ 17 (b) വകുപ്പിൽ ഇളവ് വരുത്താനാണ് സർക്കാരിന്റെ നീക്കം
ന്യൂഡൽഹി: രാജ്യത്തെ ആണവോർജ മേഖലയിൽ സ്വകാര്യ പങ്കാളിത്തവും വിദേശ നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച സസ്‌റ്റെയിനബിൾ ഹാർനസിങ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോർമിങ് ഇന്ത്യ (ശാന്തി) ബില്ലിലൂടെ നിർണായക മാറ്റങ്ങൾ വരുന്നു. നിലവിലുള്ള അറ്റോമിക് എനർജി ആക്ട് (1962), സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ട് (2010) എന്നിവയ്ക്ക് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
ആണവ ദുരന്തമുണ്ടായാൽ ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനികൾക്ക് മേൽ ഉത്തരവാദിത്തം ചുമത്തുന്ന 2010-ലെ നിയമത്തിലെ 17 (b) വകുപ്പിൽ ഇളവ് വരുത്താനാണ് സർക്കാരിന്റെ നീക്കം. വിദേശ കമ്പനികൾ ഇന്ത്യയിലെ ആണവോർജ പദ്ധതികളിൽ നിക്ഷേപം നടത്താൻ മടിച്ചിരുന്ന പ്രധാന കാരണം ഈ നിയമമായിരുന്നു. പുതിയ ഭേദഗതിയോടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഈ ഉത്തരവാദിത്തം പുനർനിർണയിക്കപ്പെടും.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പരമാധികാര ഫണ്ടുകൾ ഇന്ത്യൻ ആണവോർജ്ജ മേഖലയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ ഊർജ സ്രോതസുകൾ വർധിപ്പിക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വലിയ തോതിൽ മൂലധനം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം. ചെറുകിട ആണവ റിയാക്ടറുകളുടെ നിർമ്മാണ മേഖലയിലും വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്.
ഭേദഗതിയിലെ പ്രധാന വശങ്ങൾ
നിർവ്വചനങ്ങളിലെ വ്യക്തത: വിതരണക്കാരൻ എന്ന വാക്കിന്റെ പരിധിയിൽ ആരൊക്കെ വരുമെന്ന കാര്യത്തിൽ ബില്ലിൽ കൂടുതൽ വ്യക്തത വരുത്തി. ഇതുവഴി ചെറുകിട ഇന്ത്യൻ ഉപകരണ നിർമ്മാതാക്കളുടെ ആശങ്കകൾ പരിഹരിക്കപ്പെടും.
നഷ്ടപരിഹാര പരിധി: കരാറിന്റെ വലിപ്പത്തിനനുസരിച്ച് നഷ്ടപരിഹാര ബാധ്യതയ്ക്ക് പരിധി നിശ്ചയിക്കും.
സുരക്ഷാ പരിശോധന: ആണവോർജ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ (AERB) സുരക്ഷാ അനുമതി വാങ്ങുന്നത് നിർബന്ധമാക്കും.
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനിരിക്കെ, ആണവ മേഖലയിലെ ഈ നിയമ പരിഷ്കാരങ്ങൾ ഇന്ത്യയുടെ വിലപേശൽ ശേഷി വർധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ലോക്സഭയിൽ അവതരിപ്പിച്ച ബിൽ പാസാകുന്നതോടെ ഊർജ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.





