ലേബർകോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. സംയുക്ത കിസാൻ മോർച്ചയും സംയുക്ത തൊഴിലാളി യൂണിയനും അടക്കമുള്ള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധം ആഹ്വാനം ചെയ്‌തിരിക്കുന്നത്.
ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ ലേബർകോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. സംയുക്ത കിസാൻ മോർച്ചയും സംയുക്ത തൊഴിലാളി യൂണിയനും അടക്കമുള്ള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധം ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഓരോ സംസ്ഥാനത്തും ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടക്കുക.
ലേബർകോഡ് പിൻവലിക്കുന്നതിന് പുറമെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കുക, സംസ്ഥാനങ്ങൾക്ക് സംഭരണത്തിനായി കൂടുതൽ തുക അനുവദിക്കുക എന്നീ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയ നിവേദനം സംയുക്ത കിസാൻ മോർച്ച അതത് ജില്ലാ കലക്‌ടർമാർക്ക് നൽകും. അതേസമയം തൊഴിൽ സംഘടനകളുടെ എതിർപ്പുകൾ അവഗണിച്ചാണ് നവംബർ 21 മുതൽ ലേബർ കോഡുകൾ പ്രാബല്യത്തിൽ വന്നത്.
നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ച് നാല് ലേബർ കോഡുകളാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വേതന കോഡ്, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സോഷ്യൽ സെക്യൂരിറ്റി കോഡ്, ഒക്കുപേഷണൽ സേഫ്റ്റി ഹെൽത്ത് ആൻഡ് വർക്കിങ് കണ്ടിഷൻസ് കോഡ് എന്നിവയാണ് ഈ നാല് കോഡുകൾ.
എന്നാൽ ഇതിനെതിരെ രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തൊഴിൽ എന്നത് ഭരണഘടനയുടെ കൺകറൻ്റ് ലിസ്‌റ്റിൽ ഉൾപ്പെടുന്ന വിഷയമാണ്. അതിനാൽ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ നിയമനിർമാണത്തിനും അഭിപ്രായം പറയുന്നതിനും അവകാശമുണ്ട്. എന്നാൽ സംസ്ഥാനങ്ങളുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രം ഏകപക്ഷീയമായി ലേബർ കോഡുകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നതാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പ്രധാന പരാതി.
ആശങ്കകളും വിമർശനങ്ങളും
തൊഴിലാളികളുടെ പണിമുടക്കാനുള്ള അവകാശം പരിമിതപ്പെടുത്തുന്നു, സ്ഥിരമായ തൊഴിൽ എന്ന സങ്കൽപ്പം ഇല്ലാതാക്കി നിശ്ചിതകാല തൊഴിൽ (ഫിക്‌സഡ് ടേം എംപ്ലോയ്മെൻ്റ്) വ്യാപകമാക്കുന്നു, തൊഴിലുടമകൾക്ക് തൊഴിലാളികളെ പിരിച്ചുവിടാനുള്ള നടപടികൾ എളുപ്പമാക്കുന്നു തുടങ്ങിയവയാണ് പുതിയ ലേബർ കോഡുകൾക്കെതിരെ ഉയരുന്ന പ്രധാന വിമർശനങ്ങൾ.
ഹയർ ആൻഡ് ഫയർ നയം കോർപറേറ്റുകളെ സഹായിക്കാനാണെന്നും ഇത് തൊഴിലാളികളുടെ തൊഴിൽ സുരക്ഷയെയും സാമൂഹിക സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എട്ട് മണിക്കൂർ ജോലി എന്നത് 12 മണിക്കൂർ വരെ ആക്കാൻ തൊഴിലുടമകൾക്ക് അവസരം നൽകുന്ന വ്യവസ്ഥകളും പുതിയ കോഡുകളിൽ ഉണ്ടെന്ന ആശങ്കയും ശക്തമാണ്.
ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിക്കും
അതേസമയം ലേബർ കോഡുമായി ബന്ധപ്പെട്ട് ഡിസംബർ 19ന് തിരുവനന്തപുരത്ത് ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്‌റ്റ് വഴി അറിയിച്ചിരുന്നു.
ബിജെപി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് മന്ത്രിമാരെയും തൊഴിൽ നിയമ വിദഗ്‌ധരെയും പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയിലൂടെ കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് സംസ്ഥാനം ഇതിലൂടെ ലക്ഷ്യമിടുന്നത്.
തമിഴ്‌നാട്, തെലങ്കാന, കർണാടക, പശ്ചിമ ബംഗാൾ, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മന്ത്രിമാർ കോൺക്ലേവിൽ പങ്കെടുത്തേക്കും. കൂടാതെ തൊഴിൽ നിയമ വിദഗ്‌ധർ, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ ഭാരവാഹികൾ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും കോൺക്ലേവിൽ പങ്കെടുക്കും. ഓരോ സംസ്ഥാനത്തെയും തൊഴിൽ മേഖലയിലെ പ്രത്യേകതകൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ, മിനിമം വേതനം ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളും കോൺക്ലേവിൽ ചർച്ചയാകും.








