അയോധ്യയിലെ രാമക്ഷേത്രം പൂര്‍ണതയിലേക്ക്; കാവി കൊടിയുയര്‍ത്തി പ്രധാനമന്ത്രി

0
29

ശ്രീരാമന്‍റെയും സീതാദേവിയുടെയും വിവാഹ പഞ്ചമി ദിനത്തിലാണ് പതാക ഉയര്‍ത്തല്‍.

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടി ഉയര്‍ത്തി (ധ്വജാരോഹണം). ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ‌എസ്‌എസ് നേതാവ് മോഹൻ ഭഗവത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചതിന്‍റെ പ്രതീകമായുള്ള ആചാരപരമായ കൊടിയുയര്‍ത്തലാണ് സംഘടിപ്പിച്ചത്. 11.58നും 12 മണിക്കും ഇടയിലാണ് പതാക ഉയര്‍ത്തിയത്.

ധ്വജാരോഹണത്തിന് പിന്നാലെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുകയാണ്. പതാക ഉയര്‍ത്തല്‍ ചടങ്ങിന് മുന്നോടിയായി അയോധ്യയില്‍ പ്രധാനമന്ത്രിയുടെ റോഡ്‌ ഷോയും നടന്നിരുന്നു. സാകേത് കോളജില്‍ നിന്നും ആരംഭിച്ച റോഡ്‌ ഷോ അയോധ്യധാം വരെ നീണ്ടു. റോഡ് ഷോയ്‌ക്ക് പിന്നാലെ അയോധ്യയിലെ ക്ഷേത്രങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഇതിന് പിന്നാലെയാണ് പതാക ഉയര്‍ത്തിയത്.

നിരവധി രാഷ്‌ട്രീയ പ്രമുഖരും അയോധ്യ നിവാസികളും ചടങ്ങില്‍ സംഗമിച്ചു. പിന്നാക്ക സമുദായപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ നടന്ന പ്രാണ പ്രതിഷ്‌ഠാ ചടങ്ങിലേക്ക് പ്രദേശവാസികള്‍ക്ക് ക്ഷണമില്ലായിരുന്നു. ഇത് അയോധ്യയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാകുകയും ചെയ്‌തു. ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ അടക്കം ബിജെപിക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

മാർഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ശുഭപഞ്ചമി ദിനത്തിലാണ് ഈ ചടങ്ങ് നടന്നത്. ശ്രീരാമന്‍റെയും സീതാദേവിയുടെയും വിവാഹ പഞ്ചമി ദിനമായ അഭിജിത് മുഹൂർത്തത്തോടനുബന്ധിച്ചാണ് ചടങ്ങ്.

LEAVE A REPLY

Please enter your comment!
Please enter your name here