ബിഹാറിലെ കാറ്റ് ഇനി തമിഴ്‌നാട്ടിലും!” കർഷക സമ്മേളനത്തിൽ പ്രധാനമന്ത്രി

0
28

സൗത്ത് ഇന്ത്യൻ ഓർഗാനിക് ഫാമിങ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ജൈവ കാർഷിക ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പരാമർശം.

കോയമ്പത്തൂർ: കൈകൾ ഉയർത്തിക്കൊണ്ടുള്ള കർഷകരുടെ സന്തോഷപ്രകടനം കാണുമ്പോൾ ബിഹാറിൽ വീശിയ കാറ്റ് തമിഴ്‌നാട്ടിലും വീശാൻ ആരംഭിച്ചതായി തോന്നുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൗത്ത് ഇന്ത്യൻ ഓർഗാനിക് ഫാമിങ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ജൈവ കാർഷിക ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പരാമർശം.

“തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങൾക്കും എൻ്റെ ആശംസകൾ നേരുന്നു. കർഷക സംഘടനയുടെ അധ്യക്ഷൻ പിആർ പാണ്ഡ്യൻ വളരെ മികച്ചൊരു പ്രസംഗമാണ് നടത്തിയത്. തമിഴ് പഠിച്ചിരുന്നെങ്കിലെന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ, പാണ്ഡ്യൻ്റെ പരാമർശങ്ങൾ ഹിന്ദിയിലേക്കോ ഇംഗ്ലീഷിലേക്കോ വിവർത്തനം ചെയ്യാൻ തമിഴ്‌നാട് ഗവർണർ ആർഎൻ രവിയോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്,” നരേന്ദ്ര മോദി പറഞ്ഞു.

കോയമ്പത്തൂർ നിരവധി പ്രത്യേകതകളുടെ സ്ഥലമാണ്. മരുതമലയിലെ മുരുക ഭഗവാൻ്റെ നാട്. കോയമ്പത്തൂരിൽ നിന്നുള്ള സിപി രാധാകൃഷ്‌ണൻ രാഷ്‌ട്രപതിയായി ജനങ്ങളെ നയിച്ചു. കോയമ്പത്തൂർ ദക്ഷിണേന്ത്യയുടെ ശക്തിപീഠമാണ്. വസ്ത്ര മേഖലയിൽ രാജ്യത്തിന് വലിയ സംഭാവനകളാണ് കോയമ്പത്തൂർ നൽകുന്നത്. ഇവിടുത്തെ പ്രധാന കാര്യമാണ് ജൈവകൃഷിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

“ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ എനിക്ക് പലതും മനസിലാക്കാൻ കഴിയുമായിരുന്നില്ല. യുവാക്കൾ കൃഷിയെ ആധുനികവൽക്കരിക്കുന്നു. വരും വർഷങ്ങളിൽ കാർഷിക മേഖലയിൽ വലിയ മാറ്റമുണ്ടാകും. അങ്ങനെയുണ്ടാകുന്ന മാറ്റം ലോകം മുഴുവൻ പ്രതിധ്വനിക്കും,” മോദി സമ്മേളന വേദിയിൽ പറഞ്ഞു.

ചെറുകിട കർഷകർക്കായി ഇതുവരെ നാല് ലക്ഷം കോടി രൂപ വരെ അനുവദിച്ചിട്ടുണ്ടെന്നും ജൈവകൃഷിയാണ് ഈ നൂറ്റാണ്ടിൻ്റെ പ്രധാന ആവശ്യമെന്നും മോദി അഭിപ്രായപ്പെട്ടു. രാസവളം ഉപയോഗിക്കുമ്പോൾ മണ്ണിൻ്റെ ഫലഭൂയിഷ്‌ഠത നശിക്കും. രാസവളം ക്രമേണ ഒഴിവാക്കണം. കർഷകർ പൂർണമായും ജൈവകൃഷിയിലേക്ക് മടങ്ങണമെന്നും മോദി നിർദേശിച്ചു.

ജിഎസ്‌ടി കുറച്ചതിൽ കർഷകർ സന്തുഷ്‌ടരാണെന്നും കർഷകരുടെ പുരോഗതിക്കായി കേന്ദ്ര സർക്കാർ നൽകുന്ന നിരവധി പ്രോത്സാഹനങ്ങൾ ഇനിയും തുടരുമെന്നും മോദി കൂട്ടിച്ചേർത്തു. കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ കേന്ദ്ര സഹമന്ത്രി എൽ മുരുകൻ, ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, എഐഎഡിഎംകെ വിപ്പ് എസ്‌പി വേലുമണി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ, ഇന്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷൻ പരി വെന്ദർ, ന്യൂ ജസ്റ്റിസ് പാർട്ടി അധ്യക്ഷൻ എസി ഷൺമുഖം, കോയമ്പത്തൂർ ജില്ലാ കളക്‌ടർ പവൻ കുമാർ, പൊലീസ് ഉദ്യോഗസ്ഥർ, സഖ്യകക്ഷി നേതാക്കൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here