നമ്മുടെ പാർലമെൻ്റിൽ എന്തൊക്കെയാണ് നടക്കുന്നത്? എന്തെല്ലാമാണ് അവിടുത്തെ നടപടിക്രമങ്ങള്‍? ടെലിവിഷനിൽ കണ്ടതല്ലാതെ എത്രപേർ ഇതെല്ലാം നേരിട്ട് കണ്ടിട്ടുണ്ട്… ഡൽഹിയിലെ പാർലമെൻ്റിൻ്റെ ഒരു നേർക്കാഴ്‌ച വിദ്യാര്‍ഥികള്‍ ഒരുക്കിയാല്‍ എങ്ങെനെയിരിക്കും?..
ഇതൊരു കുട്ടിക്കളിയല്ല, കാര്യങ്ങളെല്ലാം അല്‍പം ഗൗരവം തന്നെയാണ്. പാർലമെൻ്റിലെ എല്ലാ നടപടിക്രമങ്ങളും അതേപടി വളരെ ഗൗരവത്തോടെ സ്‌കൂളില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് കോഴിക്കോട് കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികള്‍. രാഷ്ട്രപതിയെ പാർലമെൻ്റ് മന്ദിരത്തിലേക്ക് ആനയിക്കുന്നത് മുതൽ എല്ലാ നടപടിക്രമങ്ങളും വളരെ മനോഹരമായിട്ടാണ് ഈ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്.
അൻപത്തി ഒന്ന് അംഗങ്ങളാണ് യൂത്ത് പാർലമെൻ്റിൽ ആകെ ഉണ്ടായിരുന്നത്. പതിമൂന്ന് പേർ വിവിധ വകുപ്പുകളിലെ മന്ത്രിമാരായിരുന്നു. കുടിവെള്ളം, ഭിന്നശേഷി ക്വാട്ടയിലെ അധ്യാപക നിയമനം, സൈബർ, പ്രതിരോധം, ആഭ്യന്തരം, വിദ്യാഭ്യാസം തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും ഗൗരവമായി പാർലമെൻ്റിനകത്ത് ചർച്ച നടത്തി. കൂടാതെ ഏറ്റവും പുതിയ പ്രധാന വിഷയമായ വോട്ടർപട്ടികയുടെ പരിഷ്‌കരണവും പാർലമെൻ്റ് അങ്കണത്തിൽ സമഗ്രമായി ചർച്ചചെയ്‌തു.
ഓരോ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴും ഭരണപക്ഷവും പ്രതിപക്ഷവും ഡസ്ക്കിൽ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. പ്രസിഡൻഷ്യൽ അഡ്രസ്, സത്യപ്രതിജ്ഞ, മന്ത്രിമാരെ പരിചയപ്പെടുത്തൽ, ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ക്വാക്കിങ് അറ്റൻഷൻ, നിയമനിർമാണം, ചരമോപചാരം എന്നിവയും പാർലമെൻ്റ് നടപടി ക്രമങ്ങളുടെ
പുനരാവിഷ്‌കാരമായി. കേരള സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്‌സും ജനാധിപത്യത്തിനും സാമൂഹ്യ നീതിക്കുമുള്ള വേദിയായ എഫ് ഡി എഫ് ജെ യുടെസഹകരണത്തോടെയാണ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ യൂത്ത് പാർലമെൻ്റ് സംഘടിപ്പിച്ചത്.
ജനാധിപത്യ രീതികളെ കുറിച്ചും പാർലമെൻ്റ് നടപടിക്രമങ്ങളെക്കുറിച്ചുമുള്ള അവബോധം സൃഷ്‌ടിക്കുക എന്നതാണ് യൂത്ത് പാർലമെൻ്റിലൂടെ ലക്ഷ്യമിട്ടത്. കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച യൂത്ത് പാർലമെൻ്റ് മറ്റ് സ്‌കൂളുകൾക്കും നല്ലൊരു മാതൃകയാണ് എന്ന് പാർലമെൻ്ററി ക്ലബ്ബ് കോർഡിനേറ്റർ എം.കെ ഫൈസൽ പറഞ്ഞു.
എല്ലാ വിദ്യാർഥികളിലും ജനാധിപത്യ ബോധം സൃഷ്‌ടിക്കുക എന്ന വലിയൊരു ലക്ഷ്യം ഈയൊരു പ്രവർത്തനത്തിലൂടെ സാധിക്കുന്നു. ഇന്ത്യൻ പാർലമെൻ്ററിയിൽ പ്രസിഡൻ്റ്, സ്‌പീക്കർ, പ്രധാനമന്ത്രി, പ്രതിപക്ഷം, മന്ത്രിമാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നും പാർലമെൻ്റ് അംഗങ്ങളുടെ കടമകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവുണ്ടാകുന്നു.
അതുപോലെ തന്നെ ഇന്ത്യയിൽ നിയമം എങ്ങനെ നിർമിക്കപ്പെടുന്നു, ഇതിൻ്റെ ഘട്ടങ്ങൾ എന്തൊക്കെയാണ് ഇങ്ങനെ ധാരാളം വിഷയങ്ങളെ എങ്ങനെയാണ് പാർലമെൻ്റിൽ കൈകാര്യം ചെയ്യുന്നത് എന്ന ഒരു അവബോധവും സൃഷ്‌ടിക്കാനാണ് ഈ പുനരാവിഷ്‌ക്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വീഡിയോ വൈറലായതോടെ ജനാധിപത്യം മുറുകെ പിടിക്കുന്ന വളര്‍ന്നുവരുന്ന തമലുറയെ സോഷ്യല്‍ മീഡിയയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്.







