രണ്ടാം ഘട്ടത്തിനൊരുങ്ങി ബിഹാര്‍; നാളെ വോട്ടെടുപ്പ്, ഇന്ന് നിശബ്‌ദ പ്രചാരണം

0
24

രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ബിഹാര്‍. 20 ജില്ലകളിലെ 122 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. ഇന്ന് നിശബ്‌ദ പ്രചാരണങ്ങള്‍.

രണ്ടാം ഘട്ടത്തില്‍ 1302 സ്ഥാനാര്‍ഥികളാണ് മാറ്റുരയ്‌ക്കുന്നത്. ഇതില്‍ 136 സ്‌ത്രീകളും ഉള്‍പ്പെടും. 3.70 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. ഇതില്‍ 1.95 കോടി പുരുഷന്മാരും 1.74 കോടി സ്‌ത്രീകളുമാണുള്ളത്.

വോട്ടെടുപ്പ് നടക്കുക 45,399 പോളിങ് ബൂത്തുകളില്‍. ഇതില്‍ 5326 എണ്ണം നഗരമേഖലകളിലും 40,073 എണ്ണം ഗ്രാമീണ മേഖലകളിലുമാണ്. 595 ബൂത്തുകള്‍ പൂര്‍ണമായും വനിതകളും 91 ബൂത്തുകള്‍ ഭിന്നശേഷിക്കാരും നിയന്ത്രിക്കും.

സാധാരണ പോളിങ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണെങ്കിലും ചെയിൻപൂർ, രജൗളി, ഗോവിന്ദ്പൂർ, സിക്കന്ദ്ര, ജാമുയി, ജാഝ, ചകായ് എന്നിവിടങ്ങളിലും ഔറംഗാബാദ്, ഗയ, കൈമൂർ ജില്ലകളിലെ വിവിധ പോളിങ് ബൂത്തുകളിലും ഒരു മണിക്കൂര്‍ മുമ്പ് പോളിങ് അവസാനിപ്പിക്കും. സ്ഥിരമായി നക്‌സല്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന സ്ഥലമാണ് ഇതെല്ലാം. അതുകൊണ്ട് ക്രമസമാധാനം കണക്കിലെടുപ്പാണ് ഈ തീരുമാനം.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പട്‌നയില്‍ കണ്‍ട്രോള്‍ റൂം തുറന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ടെലിഫോൺ നമ്പർ: 0612-2824001, ഫാക്‌സ് നമ്പർ: 0612-2215611 എന്നീ നമ്പറുകളിലും ceo_bihar@eci.gov.in, ceobihar@gmail.com എന്ന ഇമെയിലൂടെയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.

നവംബര്‍ 14നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. നവംബര്‍ ആറിനാണ് ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായത്. ഒന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഏറെ ആശ്വസത്തിലാണ് ഇന്ത്യ സഖ്യവും അതോടൊപ്പം എന്‍ഡിഎയും. മുഴുവന്‍ നേതാക്കള്‍ക്കും ഒരുപോലെ ആശ്വാസം നല്‍കിയിട്ടുള്ള വോട്ടെടുപ്പായിരുന്നു ബിഹാറിലെ ആദ്യഘട്ടം. വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്‌താവനകളും നിരത്തിയ തെളിവുകളും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണ പ്രതിഫലിക്കുമെന്ന വിലയിരുത്തലിലാണ് ഇന്ത്യ സഖ്യം. അതുകൊണ്ട് തന്നെ ഇത് ഭരണമാറ്റത്തിന്‍റെ സൂചനയാണെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുടെയും പ്രതീക്ഷ. അതേസമയം സംസ്ഥാനത്ത് ഒരു രാഷ്‌ട്രീയ വഴിത്തിരിവാണ് കാണാന്‍ പോകുന്നതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

പ്രചാരണത്തിന് പ്രമുഖര്‍: ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത് പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കളാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. എന്നാല്‍ എന്‍ഡിഎയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി പ്രസിഡന്‍റ് ജെപി നദ്ദ എന്നിവരും പ്രചാരണത്തിനെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here