ഇരട്ട ഗോളടിച്ച് ഒബിയെറ്റ: സൂപ്പർ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം;

0
27

ഐഎഫ്എഫ് സൂപ്പർ കപ്പ് ടൂര്‍ണമെന്‍റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് തുടർച്ചയായ രണ്ടാം വിജയം. ജിഎംസി ബാംബോളിം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പോർട്ടിങ് ക്ലബ് ഡൽഹിയെയാണ് മഞ്ഞപ്പട ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് (3-0) തകർത്തത്. ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി ഗ്രൂപ്പ് സിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനം നിലനിർത്തി. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. ഒരു ജയം നേടിയ മുംബൈ സിറ്റി എഫ്.സി മൂന്നു പോയിന്‍റുമായി രണ്ടാമതാണ്.

മത്സരമൊട്ടാകെ ബ്ലാസ്റ്റേഴ്‌സ് പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. മുൻ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കോച്ച് കാറ്റാല ടീമിനെ ഇറക്കിയത്. ഡൂസൻ ലഗേറ്റർ, നോഹ സദൂയി എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. ആദ്യ 30 മിനിറ്റിനുള്ളിൽ കോൾഡോ ഒബിയേറ്റ നേടിയ ഇരട്ട ഗോളുകളാണ് മത്സരത്തിന്‍റെ ഗതി മാറ്റിയത്, രണ്ട് ഗോളുകളും എസ്‌സി ഡൽഹിയുടെ പ്രതിരോധ പിഴവുകൾ മുതലെടുത്താണ് പിറന്നത്. പിന്നാലെ കൊറോ സിങ് നേടിയ ഗോളുമാണ് ടീമിന് വിജയം ഉറപ്പിച്ചത്.

18ആം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോളടിച്ചത്. ഒബിയേറ്റ ആയിരുന്നു ഗോൾ സ്കോറർ. നാല് മിനിട്ടുകൾക്ക് ശേഷം ഒബിയേറ്റ വീണ്ടും ലക്ഷ്യം ഭേദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് ഇരട്ടിയാക്കി. 33ആം മിനിട്ടിൽ ലൂണയുടെ ക്രോസിൽ നിന്ന് ഒരു ഗംഭീര ഫിനിഷിംഗിലൂടെയാണ് കോറോ സ്കോർഷീറ്റിൽ ഇടം നേടിയത്. ആദ്യ പകുതിയിലെ മികച്ച പ്രകടനം രണ്ടാം പകുതിയില്‍ ആവര്‍ത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല.

സ്പോര്‍ട്ടിങ് ക്ലബ് ഡല്‍ഹി ശക്തമായ തിരിച്ചുവരവിനായി രണ്ടാം പകുതിയില്‍ കിണഞ്ഞുപരിശ്രമിച്ചു. 55-ാം മിനിറ്റിൽ വിബിൻ മോഹനൻ, ഐബാൻ ദോഹ്ലിങ് എന്നിവരെ ഇറക്കി കാറ്റല ടീമിൻ്റെ താളം നിലനിർത്തി.ആദ്യ പകുതിയിൽ സ്‌പോർട്ടിംഗ് ക്ലബ് ഡൽഹിക്ക് മറുപടിയൊന്നും ലഭിച്ചില്ല, ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഇടാൻ കഴിഞ്ഞില്ല. അവരുടെ പ്രതിരോധ ഘടന ദുർബലമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ വേഗതയെ നേരിടാൻ ഡല്‍ഹി പാടുപെട്ടു. ഇടവേളയ്ക്ക് ശേഷം അവർ കൂടുതൽ ശക്തരായി ഉയർന്നുവന്നു.

88-ാം മിനിറ്റിൽ അഗസ്റ്റിൻ ലാൽറോചന ആശ്വാസ ഗോളിന് അടുത്തെത്തി, പക്ഷേ നോറ ഫെർണാണ്ടസ് താരത്തിന്‍റെ ശ്രമം സമർത്ഥമായി രക്ഷപ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്‌സ് നവംബർ 6ന് ഗ്രൂപ്പ് സ്റ്റേജിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റിയെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here