സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ നാലുപേരെക്കൂടി അറസ്റ്റ് ചെയ്തു. സി.വി. ജിഫ്സല്‍, പി .അബൂബക്കര്‍, മുഹമ്മദ് അബു ഷമീം, അബ്ദുല്‍ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തുകേസില്‍ ആകെ 25 പ്രതികളാണുള്ളത്. ഇനി അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്.
അതിനിടെ സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ വിവിധ ജ്വല്ലറികളിലും എന്‍ഐഎ റെയ്ഡ് നടത്തി. എന്നാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് സൂചന. കേസില്‍ അറസ്റ്റിലായ കെ.ടി. സംജുവിന്‍റെ ഭാര്യവീട്ടിലും സുഹൃത്തിന്‍റെ വീട്ടിലും അന്വേഷണസംഘം രാവിലെ പരിശോധന നടത്തിയിരുന്നു.
കെ.ടി. സംജുവിന്‍റെ എരഞ്ഞിക്കലിലെ ഭാര്യ വീട്ടിലാണ് എന്‍ഐഎ ആദ്യമെത്തിയത്. ഭാര്യാപിതാവിന്‍റെ ജ്വല്ലറികളിലൂടെ സംജു സ്വര്‍ണം വിറ്റഴിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഒന്നര മണിക്കൂറിലധികം നീണ്ട പരിശോധനയില്‍ സംഘം രേഖകളുമായി മടങ്ങി.
തൊട്ടു പിന്നാലെയാണ് കോഴിക്കോട് കമ്മത്ത് ലൈനിലും വട്ടക്കിണറിലും ഉള്ള ജ്വല്ലറികളില്‍ എന്‍ഐഎ പരിശോധന നടത്തിയത്. ചില രേഖകള്‍ കണ്ടെത്തിയെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ തുടര്‍പരിശോധനകള്‍ വേണ്ടി വരും. കൊടുവള്ളി മാനിപുരത്തുള്ള സംജുവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി.