ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമിന്ന്

0
35

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് (ഒക്‌ടോബര്‍ 23) അവസാനിക്കും. നിലവില്‍ 12 സീറ്റുകളില്‍ മഹാസഖ്യത്തിലെ സ്ഥാനാര്‍ഥികള്‍ പരസ്‌പരം മത്സരിക്കുന്നുണ്ട്. നിലവില്‍ മഹാസഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പ്രചാരണം പൊടി പൊടിക്കുകയാണ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറില്‍ പ്രചാരണ കൊഴുപ്പിക്കുകയാണ് രാഷ്‌ട്രീയ പാര്‍ട്ടിയും നേതാക്കളും. എന്‍ഡിഎയുടെ പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് ബിഹാറിലെത്തും. തുടര്‍ന്ന് വൈശാലിയിലും ഔറംഗാബാദിലും നടക്കുന്ന പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും.

ശ്വേത സുമന്‍റെ നാമനിര്‍ദേശ പത്രിക തള്ളി: മൊഹാനിയ നിയമസഭ സീറ്റില്‍ നിന്നുള്ള ആര്‍ജെഡി സ്ഥാനാര്‍ഥി ശ്വേത സുമന്‍റെ നാമിര്‍ദേശ പത്രിക തള്ളി. സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. സൂക്ഷ്‌മ പരിശോധനക്കിടെയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടത്. അതേസമയം നാമനിര്‍ദേശ പത്രിക തള്ളിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ശ്വേത സുമന്‍ പറഞ്ഞു.

മഹാസഖ്യത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മഹാസഖ്യത്തിന്‍റെ സീറ്റ് ധാരണ സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കാം. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്. പട്‌നയിലെത്തിയ അശോക്‌ ഗെലോട്ട് ഇന്ന് മാധ്യമങ്ങളെ കാണും.

ഇന്ത്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര്‍ജെഡി നേതാവ് തേജസ്വി യാദവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യ സഖ്യത്തിലെ ആര്‍ക്കും തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. മഹാസഖ്യത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ മുഖമാണ് തേജസ്വി യാദവിന്‍റേത്. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് ഏതൊരാള്‍ക്കും ഊഹിക്കാവുന്നതേയുള്ളൂവെന്നും ഡി. രാജ പറഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പ്: നവംബര്‍ 6നും 11നുമാണ് ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. 243 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വിവിധയിടങ്ങളില്‍ നിന്നും ഉയരുന്നത് വിവിധ ചോദ്യങ്ങളാണ്. ഹരിയാന, മഹാരാഷ്‌ട്ര, ഡല്‍ഹി എന്നിവയ്‌ക്ക് പിന്നാലെ ബിഹാര്‍ കൂടി എന്‍ഡിഎക്ക് നിലനിര്‍ത്താനാകുമോ എന്നതാണ് പലരും ചിന്തിക്കുന്നത്. അതേസമയം മഹാസഖ്യം അധികാരം പിടിച്ചാല്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മ കൂടുതല്‍ സജീവമാകുകയും ചെയ്യും. അതുകൊണ്ട് തന്നെ ഏറെ നിര്‍ണായകമാണ് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്. നവംബര്‍ 14നാണ് വോട്ടെണ്ണല്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here