രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

0
26

ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് വിവരം.

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിൻ്റെ തീരുമാനം. രാഹുലിന് വേണ്ടി അഭിഭാഷകന്‍ ശാസ്‌തമംഗലം അജിത്ത് ഹാജരാകും.

മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. പൊങ്കൽ പ്രമാണിച്ച് തിരുവല്ലയിൽ പ്രാദേശിക അവധിയായതിനാൽ തിരുവല്ല കോടതിയുടെ ചുമതലയുള്ള പത്തനംതിട്ട മജിസ്‌ട്രേറ്റിന്‍റെ വസതിയിലാണ് രാഹുലിനെ എത്തിച്ചത്. പൊലീസ് രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് രാഹുലിനെ മജിസ്ട്രേറ്റ് റിമാന്‍ഡ്‌ ചെയ്യുകയായിരുന്നു. തുടര്‍ന്ന് രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റുകയും ചെയ്‌തു. ഈ മാസം 24 വരെയാണ് റിമാന്‍ഡ് കാലാവധി.

വൻ പൊലീസ് സന്നാഹത്തോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമായിരുന്നു ഹാജരാക്കൽ നടപടികൾ. കസ്റ്റഡിയിലായിരുന്ന കഴിഞ്ഞ ദിവസങ്ങളിൽ നിർണായകമായ ചില തെളിവെടുപ്പുകൾ പ്രത്യേക അന്വേഷണ സംഘം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ 2024 ഏപ്രിൽ 8ന് താൻ അവിടെ എത്തിയതായി രാഹുൽ സമ്മതിച്ചിട്ടുണ്ട്.

അതേസമയം അതിജീവിതയുടെ പേരിലാണ് മുറി എടുത്തതെന്നും യുവതിക്കൊപ്പം ഒരു മണിക്കൂർ സമയം അവിടെ ചെലവഴിച്ചതായും അദ്ദേഹം പൊലീസിനോട് പറഞ്ഞു. എന്നാൽ പീഡനാരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം സാധാരണ പോലെ മൗനം പാലിക്കുകയായിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അടൂർ നെല്ലിമുകളിലുള്ള വീട്ടിലും കഴിഞ്ഞ ദിവസം എസ്ഐടി പരിശോധന നടത്തിയിരുന്നു. ഇതില്‍ ലാപ്ടോപ്പ് കണ്ടെത്തുകയും ചെയ്‌തു. എന്നാല്‍ പത്ത് മിനിറ്റ് നീണ്ട പരിശോധനയില്‍ മറ്റ് ഡിജിറ്റൽ തെളിവുകൾ ലഭിച്ചോയെന്നത് വ്യക്തമല്ല. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എംഎൽഎയെ വീട്ടിലേക്ക് കൊണ്ടുപോകാതെയാണ് സംഘം പരിശോധന പൂർത്തിയാക്കിയത്.

ചോദ്യം ചെയ്യലിനോട് രാഹുൽ പൂർണമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. പീഡനാരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും ഹോട്ടലിലെ സാന്നിധ്യം അടക്കമുള്ള വിവരങ്ങൾ ശരിവച്ചുകൊണ്ടുള്ള മൊഴികളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്കുള്ള വഴിയില്‍ രാഹുലുമായി വന്ന പൊലീസ് വാഹനത്തിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചീമുട്ട എറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here