കശ്മീരിൽ കഴിഞ്ഞയിടെ നടത്തിയ ഒരു സർവേയിൽ വീട്ടിൽ വളർത്തുമൃഗങ്ങള്‍ ഉള്ളവരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. നമ്മുടെ നാട്ടിലുമുണ്ട് ഈ പ്രവണത. പട്ടിയും പൂച്ചകളുമൊക്കെ ആയി ഓമനമൃഗങ്ങളെ വളർത്താൻ ഇഷ്‌ടമുള്ളവരാണ് മിക്കവരും.
ഇഷ്‌ടക്കൂടുതലുള്ളത് കൊണ്ട് തന്നെ ഹാളിലും ബെഡ്റൂമിലും അടുക്കളയിലും വരെ നമ്മളിവർക്ക് സ്വാതന്ത്ര്യവും അനുവദിച്ചു നൽകാറുണ്ട്. ഇവയിൽ തന്നെ പൂച്ചയെ വളർത്തുന്നവർ നിരവധിയാണ്. നാടൻ പൂച്ചകൾ മാത്രമല്ല, വിദേശി ഇനം പൂച്ചകളും മലയാളി വീടുകളിൽ ഇടംപിടിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇതിന് പിന്നാലെ പുതിയ മാർഗനിർദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്‌ധർ.
പൂച്ചകളുമായുള്ള അടുത്ത സമ്പർക്കം പല അണുബാധകളും പകരാൻ കാരണമാകുമെന്ന് ഓർമപ്പെടുത്തുകയാണ് ഇവർ. ഇതിൽ തന്നെ മനുഷ്യരിലേയ്‌ക്ക് എളുപ്പത്തിൽ പകരുന്ന ടോക്സോപ്ലാസ്‌മ കൂടുതൽ അപകടകാരിയാണെന്നാണ് പുതിയ കണ്ടെത്തൽ. പ്രത്യേകിച്ച് ഗർഭിണികളിൽ ഗർഭം അലസാനുള്ള സാധ്യത പോലും വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയന്നു.
ടോക്സോപ്ലാസ്‌മ പകരുന്നതെങ്ങനെ?
പൂച്ചയുടെ വിസർജ്യവുമായി സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ഇത് മനുഷ്യരിലേയ്‌ക്ക് പകരുന്നത്. ഗർഭാവസ്ഥയിൽ ഉള്ളവർക്കും അമ്മയിൽ നിന്ന് കുഞ്ഞിലേക്കും ഇത് പകരാം. ഈ രോഗം പനി, ചൊറിച്ചിൽ, തലവേദന എന്നിവയ്ക്ക് കാരണമാകും. പൂച്ചകൾ അവരുടെ വിസർജ്യത്തിൽ നിന്ന് പുറംതള്ളുന്ന ഒരു പരാദമാണ് ടോക്സോപ്ലാസ്മോസിസ് ഉണ്ടാക്കുന്നത്.
ഇത് ഗർഭിണികളിൽ ഗർഭം അലസലിലേക്ക് വരെ നയിച്ചേക്കാമെന്ന് ശ്രീനഗറിലെ ഗവൺമെൻ്റ് മെഡിക്കൽ കോളജിലെ (ജിഎംസി) കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ എം സലീം ഖാൻ പറഞ്ഞു. കുഞ്ഞിൻ്റെ വളർച്ചയെ ബാധിക്കുമെന്നും ശ്രദ്ധ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗർഭധാരണത്തിന് മുമ്പും വൈറസ് ശരീരത്തിൽ പിടിപെടാം.
നേരിട്ടോ അല്ലാതെയോ ഇവയുമായി സമ്പർക്കം പുലർത്തിയാൽ ഗർഭം അലസലിന് കാരണമാകുമെന്ന് സലീം ഖാൻ പറഞ്ഞു. മൃഗാശുപത്രിയിൽ പോവേണ്ടതും കൃത്യമായ പരിചരണവും വാക്സിനും എടുക്കേണ്ടതും അത്യാവശ്യമാണ്.
പേർഷ്യൻ പോലുള്ള വിദേശ ഇനം പൂച്ചകളെയാണ് പലരും വളർത്തുന്നത്. അവയെ ശരിയായി പരിപാലിക്കണമെന്ന് ശ്രീനഗറിലെ സെൻട്രൽ വെറ്ററിനറി ആശുപത്രി മേധാവി ഡോ സയ്യിദ് അൽതാഫ് ഗിലാനി പറഞ്ഞു.
പ്രധാന ലക്ഷണങ്ങള്‍
- പനി
- തലവേദന
- ക്ഷീണം
- ശരീര വേദന
നിസാരമാക്കരുത് പൂച്ചകളിൽ നിന്നുള്ള പരിക്ക്
ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ കശ്മീരിലുടനീളം വളർത്തുപൂച്ചകളുടെ ആക്രമണത്തിൽ കുറഞ്ഞത് 1,864 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 956 പേരും സ്ത്രീകളാണ്. ഇത്തരം ആരോഗ്യപരമായ അപകടസാധ്യതകൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കേണ്ടതിൻ്റെയും വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതിൻ്റെയും പ്രാധാന്യം ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. പൂച്ചകളെ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കണം. പതിവായി വാക്സിനേഷൻ, സമയബന്ധിതമായ പരിശോധനകൾ, ശരിയായ ഭക്ഷണം എന്നിവ ഉറപ്പാക്കണം. അതിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
- പൂച്ചകളെ വളർത്തുന്ന കൂട്, ലിറ്റർ ബോക്സ് എന്നിവ വൃത്തിയായി സൂക്ഷിക്കുക
- വളർത്തുമൃഗങ്ങളെ സ്പർശിച്ചതിന് ശേഷം കൈകൾ നന്നായി കഴുകുക
- പൂച്ചകൾക്ക് വിര മരുന്ന് നൽകുകയും വാക്സിനേഷൻ നൽകുകയും ചെയ്യുക
- അലഞ്ഞുതിരിയുന്ന പൂച്ചകളെയോ പൂച്ചക്കുട്ടികളെയോ വളർത്തുന്നത് ഒഴിവാക്കുക
- പോഷകസമൃദ്ധമായ ഭക്ഷണം നൽകുക
- മൃഗങ്ങളുടെ ശരീര ദ്രവങ്ങൾ നമ്മുടെ ശരീരത്തിൽ ആയാൽ ഉടൻ സോപ്പ് ഉപയോഗിച്ച് കഴുകുക
- മൃഗങ്ങൾക്ക് നല്ല പാരൻ്റിങ് നൽകാൻ ശ്രദ്ധിക്കണം






