വിൽപന വർധിപ്പിക്കാനും സ്ത്രീകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനുമാണ് ‘സ്വാശ്രയ ഗ്രാമം കാമ്പയിൻ’. കാറ്റലോഗും സ്മാർട്ട്‌ഫോണും ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ വിതരണം ചെയ്യുക.
ഉത്പന്നങ്ങൾ വീടുകളിൽ എത്തിക്കാൻ സോഷ്യൽ സെല്ലർമാരെ നിയോഗിച്ച് കുടുംബശ്രീ. ഓരോ സിഡിഎസിൻ്റെ കീഴിലുള്ള അയൽക്കൂട്ടങ്ങളിൽനിന്നായി 25,000ൽ പരം സോഷ്യൽ സെല്ലർമാർ നവംബർ ഒന്നു മുതൽ ജില്ലയിൽ രംഗത്തിറങ്ങും. ഇവർക്ക് നേതൃത്വം നൽകാൻ ഓരോ സിഡിഎസിലും ഓരോ സ്വാശ്രയ മെൻ്റർമാരെയും നിയമിക്കും.
വിൽപനയ്ക്ക് അനുസരിച്ച് ഇവർക്ക് കമ്മിഷനും നൽകും. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന സ്വാശ്രയ ഗ്രാമം കാമ്പയിനിൻ്റെ ഭാഗമായി കാൽ ലക്ഷത്തിലധികം സ്ത്രീകൾക്ക് പദ്ധതിയിലൂടെ സ്ഥിരവരുമാനം ലഭ്യമാകുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പിസി കവിത ഇടിവി ഭാരതിനോട് പറഞ്ഞു. വിറ്റുവരവ് വർധിപ്പിക്കുക, അതിലൂടെ കൂടുതൽ പേർക്ക് വരുമാനം ഉണ്ടാക്കുക ഇതുതന്നെയാണ് കുടുംബശ്രീയുടെ പുതിയ ചുവടുവയ്പിൻ്റെ ലക്ഷ്യം. 75 ലക്ഷം മുതൽ ഒരു കോടി വരെയാണ് ജില്ലയിലെ കുടുംബശ്രീയുടെ മാസവിറ്റുവരവ്.
സോഷ്യൽ സെല്ലർമാർ കൂടി രംഗത്തിറങ്ങുന്നതോടെ ഇത് വർധിക്കും. ഹോം സർവീസ് നിലവിലുണ്ടെങ്കിലും കച്ചവടത്തിന് നിയോഗിക്കപ്പെട്ടവർ വീട്ടിലെത്തി ഓർഡർ സ്വീകരിച്ച് അപ്പോൾ തന്നെ സാധനങ്ങൾ കൈമാറുന്ന രീതിയാണ്. എന്നാൽ സോഷ്യൽ സെല്ലർമാർ രംഗത്തിറങ്ങുന്നതോടെ ഉത്പന്നങ്ങളെ പരിചയപ്പെടുത്തുന്നതും ഓർഡർ എടുക്കുന്നതും നേരത്തെ തന്നെ നടക്കും. ഓർഡർ അനുസരിച്ച് പിന്നാലെ ഉത്പന്നങ്ങൾ വിതരണം ചെയ്താൽ മാത്രം മതിയാകും. ഒരു പരിധിവരെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതുകൂടിയാണ് പുതിയ ചുവടുവയ്പ്.
ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്ക് അടുത്ത ദിവസം തൊട്ടുതന്നെ പരിശീലനം നൽകും. കാറ്റലോഗും സ്‌മാർട്‌ഫോണും ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. അതിന് സോഷ്യൽ സെല്ലർമാരെ പ്രാപ്തരാക്കുമെന്ന് പിസി കവിത പറഞ്ഞു. നിത്യോപയോഗ സാധനങ്ങളായ നൂറിൽപരം ഉത്പന്നങ്ങളാണ് കുടുംബശ്രീ വിതരണം ചെയ്യുന്നത്. ജില്ലയിലെ 60,000ത്തിലധികം കുടുംബശ്രീ യൂണിറ്റുകളിൽ നിർമിക്കുന്ന വസ്തുക്കളാണ് ജില്ലയിലുടനീളം വിറ്റഴിക്കപ്പെടുന്നത്.
ഉത്പന്നങ്ങളുടെയും നിർമാണ യൂണിറ്റുകളുടെയും എണ്ണം വർധിപ്പിക്കുമെന്നും ജില്ലാ കോഓർഡിനേറ്റർ പറഞ്ഞു. കോഴിക്കോട് ആരംഭിച്ച പുതിയ മാതൃക മറ്റ് ജില്ലകളിലും പ്രാവർത്തികമാക്കാനുള്ള പദ്ധതിയുണ്ട്. ഓരോ ജില്ലയിലെയും പ്രവർത്തനങ്ങൾ വ്യത്യസ്തമാണെങ്കിലും ഉത്പന്നങ്ങളിലൂടെയുള്ള വിറ്റുവരവ് പ്രധാന ഘടകവും നിലനിൽപിൻ്റെ ആവശ്യകതയുമാണ്. വളരെ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് കുടുംബശ്രീ സംരംഭങ്ങൾ വഴി വിപണിയിലെത്തുന്നത്.
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി, വെജിറ്റബിൾ മസാല, മീൻ മസാല, ഇറച്ചി മസാല, ചിക്കൻ മസാല, അരിപ്പൊടി, പുട്ടുപൊടി, അപ്പം/ഇടിയപ്പം പൊടി, ഗോതമ്പുപൊടി (ആട്ട) തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഭക്ഷ്യ ഉത്പന്നങ്ങളും കറി പൗഡറുകളും ധാന്യപ്പൊടികളും. മാങ്ങ, നാരങ്ങ, വെളുത്തുള്ളി, മുളക് അച്ചാറുകൾ, ചില യൂണിറ്റുകൾ മീൻ, ബീഫ് അച്ചാറുകളും ഉണ്ടാക്കുന്നു. വിവിധതരം ചിപ്സുകൾ, ശർക്കര വരട്ടി, കോണ്ടട്ടം, ചോക്ലേറ്റ്, ബേക്കറി ഉത്പന്നങ്ങൾ.
ചപ്പാത്തി, പൂരി, ചക്ക ഉത്പന്നങ്ങൾ, ന്യൂട്രിമിക്സ് തുടങ്ങിയ റെഡി റ്റു ഈറ്റ് ഉത്പന്നങ്ങളും ജാം, സ്‌ക്വാഷ് എന്നിവയുമുണ്ട്. കുളിക്കാനുള്ള സോപ്പ്, സോപ്പ് ബേസ്, ലിക്വിഡ് ഡിഷ് വാഷ്, ഹാൻഡ് വാഷ്, ഫ്ലോർ ക്ലീനർ, ക്ലീനിങ് ലോഷൻ. എണ്ണകളും തലമുടി സംരക്ഷണ ഉത്പന്നങ്ങളും വെളിച്ചെണ്ണ, വിവിധതരം ഹെയർ ഓയിലുകൾ, പ്രകൃതിദത്തമായ ഹെയർ വാഷ് പൗഡറുകൾ, താരനുള്ള എണ്ണകൾ. ചർമസംരക്ഷണ ഉത്പന്നങ്ങൾ, കറ്റാർ വാഴ ജെൽ, ഫേസ് പൗഡർ.
പ്രകൃതിദത്തമായ ഫേസ് പാക്കുകൾ, ഫേഷ്യൽ ഓയിൽ, മുൾട്ടാണി മിട്ടി, തേനീച്ച മെഴുകിൽനിന്നുള്ള ഉത്പന്നങ്ങൾ. സുഗന്ധ തൈലങ്ങൾ, ലേഡീസ് ഗാർമെൻ്റ്‌സ്, കൈത്തറി ഉത്പന്നങ്ങൾ, സോഫ്റ്റ് ടച്ച് നാപ്കിനുകൾ, കരകൗശല വസ്തുക്കൾ, വീട്ടുപകരണ വസ്തുക്കൾ, അലങ്കാര വസ്തുക്കൾ എന്നിവയും ലഭ്യമാണ്. കേരള സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ്റെ ഭാഗമായി 1998ൽ കേരള സർക്കാർ രൂപീകരിച്ച സംരംഭമാണ് കുടുംബശ്രീ.
1998 മേയ് 17ന് മലപ്പുറം ജില്ലയിൽവച്ച് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയിയാണ് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചത്. ഇത് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ദാരിദ്ര്യ നിർമാർജനം, സ്ത്രീ ശാക്തീകരണം, സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനം എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. 2012ൽ, കേന്ദ്ര സർക്കാരിൻ്റെ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പ്രകാരം മറ്റ് സംസ്ഥാനങ്ങളിലെ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള ഒരു ദേശീയ വിഭവശേഷി സംഘടനയായി കുടുംബശ്രീയെ അംഗീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മകളിൽ ഒന്നായി കുടുംബശ്രീ വളർന്നു. കേരളത്തിൽ 50 ലക്ഷത്തോളം കുടുംബങ്ങൾ ഇതിൻ്റെ ഭാഗമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ കുടുംബശ്രീ പ്രധാന പങ്ക് വഹിച്ചു. ദേശീയ, അന്തർദേശീയ തലങ്ങളിൽ മികച്ച പ്രവർത്തനത്തിനുള്ള നിരവധി അംഗീകാരങ്ങളും അവാർഡുകളും കുടുംബശ്രീ നേടിയിട്ടുണ്ട്. ചുരുക്കത്തിൽ, ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് തുടങ്ങിയ കുടുംബശ്രീ ഇന്ന് കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിൻ്റെ ഒരു ബൃഹത് മാതൃകയായി ലോകശ്രദ്ധ ആകർഷിക്കുന്നു.







