ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വരും മണിക്കൂറുകളിൽ നേരിയ, ഇടത്തരം മഴയ്‌ക്ക് സാധ്യത.
കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത. വിവിധ ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ വരും മണിക്കൂറുകളിൽ നേരിയ, ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
യെല്ലൊ അലർട്ട് പ്രഖ്യാപിച്ച ജില്ലകള്‍
11/10/2025: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
12/10/2025: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
13/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
മത്സ്യത്തൊഴിലാളികൾക്കുന്ന മുന്നറിയിപ്പ്
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (11-10-2025) തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
തുലാവർഷ മഴ ഒക്ടോബർ പകുതിക്ക്
തുലാവർഷ മഴ ഒക്ടോബർ പകുതിക്ക് ശേഷം കേരളത്തിൽ ആരംഭിക്കുമെന്നാണ് സൂചന. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇക്കുറി മെച്ചപ്പെട്ട തുലാമഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. എല്ലാ ജില്ലകളിലും മഴ ലഭിച്ച തെക്കു പടിഞ്ഞാറൻ കാലവർഷം ആണ് കഴിഞ്ഞു പോയത്. മികച്ച തുലാമഴ കൂടി ലഭിച്ചാൽ ജല സമ്പത്ത് കൂടും. ഒപ്പം കർഷകർക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. 112% തുലാവർഷമാണ് പ്രതീക്ഷിക്കുന്നത്.
മൺസൂൺ ആരംഭിച്ചത് മേയ് 24 മുതൽ
ജൂൺ ഒന്ന് മുതലാണ് മൺസൂൺ കേരളത്തിൽ എത്താറുള്ളതെങ്കിലും മൺസൂൺ കാറ്റിൻ്റെ വേഗതയും മറ്റ് അനുകൂല ഘടകങ്ങളും കാരണം പലപ്പോഴും മെയ് മാസം തന്നെ കേരളത്തിൽ കാലവർഷം എത്താറുണ്ട്. എന്നാൽ ഇത്തവണ ഏഴ് ദിവസം മുന്നേയാണ് കാലവർഷം കേരളതീരം തൊട്ടത്. തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മെയ് 13ന് കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
പിന്നാലെ കേരളതീരത്തും മേഘരൂപീകരണം തുടങ്ങി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴയ്ക്ക് മുന്നോടിയായുള്ള മുന്നറിയിപ്പുകളും നൽകിയിരുന്നു. മെയ് 24 മുതൽ തുടങ്ങിയ മഴ മെയ് 31നാണ് അൽപം ശമിച്ചത്. ഈ സമയത്ത് 440.5 മില്ലിമീറ്റർ മഴ ലഭിച്ചു. തുടർന്ന് ജൂൺ അഞ്ച് മുതൽ വീണ്ടും മഴയെത്തി. പതിവുപോലെ വടക്കൻ കേരളത്തിൽ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ ഒഴിച്ച് ബാക്കി എല്ലാ ദിവസവും മഴ ലഭിച്ചു.









