യുകെ പ്രധാനമന്ത്രി കെയര്‍ സ്‌റ്റാർമർ ഇന്ത്യയിൽ;

0
27

കെയര്‍ സ്റ്റാര്‍മറുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഈ വർഷം ജൂലൈയിൽ നരേന്ദ്ര മോദി നടത്തിയ യുകെ സന്ദര്‍ശനത്തിൻ്റെ തുടര്‍ച്ചയാണിത്.

യുകെ പ്രധാനമന്ത്രി കെയര്‍ സ്‌റ്റാർമർ ഇന്ത്യയിൽ എത്തി. ഇന്ന് രാവിലെ മുംബൈയിൽ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സ്‌റ്റാർമറിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ, സംസ്ഥാന ഗവർണർ ആചാര്യ ദേവ്‌രത് എന്നിവർ ചേർന്ന് സ്വീകരിച്ചു.

‘യുകെ പ്രധാനമന്ത്രി കെയര്‍ സ്‌റ്റാർമറിന് സ്വാഗതം. അദ്ദേഹത്തിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യ-യുകെ ബന്ധത്തിൻ്റെ ഒരു പുതിയ അധ്യായം ഇന്ന് ആരംഭിക്കുകയാണെന്ന്’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു. വിമാനത്താവളത്തിൽ വന്നിറങ്ങിയ കെയര്‍ സ്‌റ്റാർമറിനെ സ്വീകരിക്കുന്ന ചിത്രങ്ങളും പോസ്‌റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിലേയ്‌ക്ക് വരുന്നത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മുംബൈ സന്ദർശനത്തിൽ ഇരു നേതാക്കളും വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.

കെയര്‍ സ്‌റ്റാർമറുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഈ വർഷം ജൂലൈയിൽ നരേന്ദ്ര മോദി നടത്തിയ യുകെ സന്ദര്‍ശനത്തിൻ്റെ തുടര്‍ച്ചയാണിത്. ഇന്ത്യ- യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറും വിഷന്‍ 2035ൻ്റെ രൂപരേഖയും മറ്റും ഇരുവരും വിലയിരുത്തും. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നവീകരണം, പ്രതിരോധം, വിദ്യാഭ്യാസം, ഗവേഷണം, സുസ്ഥിരത, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളും അവലോകനം ചെയ്യും.

കൂടിക്കാഴ്‌ച നാളെ

യുകെ പ്രധാനമന്ത്രി കെയര്‍ സ്‌റ്റാർമറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാളെ(ഒക്‌ടോബർ 9) ഔദ്യോഗിക കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്ടുകൾ. മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ നടക്കുന്ന സിഇഒ ഫോറത്തിലാണ് ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തുക. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിലും കെയര്‍ സ്‌റ്റാർമര്‍ പങ്കെടുത്ത് സംസാരിക്കും.

ബിസിനസ്, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 10 വർഷം നീണ്ടു നിൽക്കുന്ന സമഗ്ര പദ്ധതിയായ ‘വിഷൻ 2035’നെ കുറിച്ചും ചർച്ച ചെയ്യും. സാമ്പത്തിക, സാങ്കേതിക, മേഖലകളിൽ ഇന്ത്യ-യുകെ ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ഒരവസരം കൂടിയാണിത്.

2025 ജൂലൈ 24-നാണ് സുപ്രധാനമായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിൽ ഇന്ത്യയും യുകെയും ഒപ്പുവച്ചത്. ഇതിൻ്റെ തുടർച്ചയായാണ് സ്‌റ്റാർമർ ഇന്ത്യ സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം 2030 ഓടെ ഇരട്ടിയാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ്

ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൻ്റെ ആറാം പതിപ്പിൽ പങ്കെടുക്കാൻ ഒരുങ്ങി യുകെ പ്രധാനമന്ത്രി കെയര്‍ സ്‌റ്റാർമർ. ഈ വർഷം 75-ലധികം രാജ്യങ്ങളിൽ നിന്നായി 100,000-ത്തിലധികം പേരാണ് ഫെസ്‌റ്റിൽ പങ്കെടുക്കാൻ എത്തുന്നത്. ഇത് ലോകത്തിലെ ഏറ്റവും വലിയ ഫിൻടെക് ഒത്തുചേരലുകളിൽ ഒന്നായി മാറുമെന്നാണ് പ്രതീക്ഷ.

ഏകദേശം 7,500 കമ്പനികൾ, 800 പ്രഭാഷകർ, 400 പ്രദർശകർ, 70 റെഗുലേറ്റർമാർ എന്നിവർ ഉൾപ്പെടുന്ന പരിപാടിയിൽ കെയര്‍ സ്‌റ്റാർമർ സംസാരിക്കും. സിംഗപ്പൂരിലെ മോണിറ്ററി അതോറിറ്റി, ജർമ്മനിയിലെ ഡച്ച് ബുണ്ടസ്ബാങ്ക്, ബാങ്ക് ഡി ഫ്രാൻസ്, സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റി (FINMA) തുടങ്ങിയവരും പങ്കെടുക്കും.

100-ലധികം ബിസിനസ് നേതാക്കൾ, വൈസ് ചാൻസലർമാർ, സാംസ്‌കാരിക മേധാവികൾ എന്നിവരടങ്ങുന്ന ഒരു പ്രതിനിധി സംഘവും സ്‌റ്റാർമറുമായി കൂടിക്കാഴ്‌ച നടത്തും. യുകെ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം ഉഭയകക്ഷി ബന്ധം വളർത്തിയെടുക്കാനും സാമ്പത്തിക വ്യാപാര മേഖല മെച്ചപ്പെടുത്താനും സഹായിക്കും. യുകെയും ഇന്ത്യയും തമ്മിലുള്ള നിക്ഷേപ സാധ്യതകൾക്കും സാമ്പത്തിക വളർച്ചയ്ക്കുള്ള അവസരമാണിതെന്ന് യുകെ പ്രധാനമന്ത്രി പ്രതിനിധി സംഘത്തിലെ അംഗമായ റിച്ചാർഡ് ഹീൾഡ് പറഞ്ഞു.

വിസ വിഷയത്തിൽ ചർച്ച?

ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള യുകെയുടെ നീക്കത്തിൻ്റെ പശ്ചാത്തലത്തിലാണ് സ്‌റ്റാർമറുടെ ഇന്ത്യ സന്ദർശനം. 2025 മെയ് 12-നാണ് യുകെ സർക്കാർ ഇമിഗ്രേഷൻ സംവിധാനത്തിൽ നിയന്ത്രണം പുനഃസ്ഥാപിക്കൽ എന്ന പേരിൽ ഒരു ധവളപത്ര നയം പ്രസിദ്ധീകരിച്ചത്. ബ്രിട്ടീഷ് സർക്കാരിൻ്റെ നിയമനുസരിച്ച് വിസ, സെറ്റിൽമെൻ്റ് തുടങ്ങിയ കാര്യങ്ങളിൽ മാറ്റവരുത്തിയതായി കഴിഞ്ഞ മാസം യുകെ പാർലമെൻ്റ് പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here