തിരുവനന്തപുരം: സ്തനാർബുദ അവബോധത്തിന്‍റെ ഭാഗമായി ഒക്ടോബർ 10-ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫോഴ്സാ കൊച്ചിക്കെതിരെ ട്രിവാൻഡ്രം കൊമ്പൻസ് പിങ്ക് ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങും. ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് നടന്ന ചടങ്ങിൽ ശശി തരൂർ എം.പി.യും നിഷ ജോസ് കെ. മാണിയും ചേർന്നാണ് പിങ്ക് ജേഴ്‌സി പ്രകാശനം ചെയ്തത്.
ഒക്ടോബർ – നവംബർ മാസങ്ങളെ സ്തനാർബുദ അവബോധ മാസമായി ആചരിക്കുന്നതിന്‍റെ ഭാഗമായി, 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സൗജന്യ മാമ്മോഗ്രാം പരിശോധന നടത്തുമെന്ന് കിംസ് ഹെൽത്ത്‌കെയർ മാനേജിങ് ഡയറക്ടർ ഡോ. എം.ഐ. സഹദുള്ള പരിപാടിയിൽ പ്രഖ്യാപിച്ചു.
പരിപാടിയുടെ ഭാഗമായി എച്ച്.പി.വി. (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനേഷൻ ഡ്രൈവും സംഘടിപ്പിക്കുമെന്ന് ഡോ. എം.ഐ. സഹദുള്ള വിശദീകരിച്ചു. ട്രിവാൻഡ്രം കൊമ്പൻസിന്‍റെയും കേരള സൂപ്പർ ലീഗിന്‍റെയും സ്പോൺസർമാരിൽ ഒരാൾ കൂടിയാണ് കിംസ് ഹെൽത്ത്‌കെയർ.
ടൂർണമെന്‍റിൽ ഒക്ടോബർ 10-ന് ഫോഴ്‌സാ കൊച്ചിയുമായുള്ള മത്സരത്തിനു ശേഷം ഒക്ടോബർ 20ന്-ന് മലപ്പുറം എഫ്‌സിയുമായാണ് കൊമ്പന്‍സിന്‍റെ അടുത്ത മത്സരം.
അതേസമയം, ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ട്രിവാൻഡ്രം കൊമ്പൻസ്. ആക്രമണത്തിന് പ്രാധാന്യമുള്ള 4-3-3 ഫോർമേഷനിൽ കളത്തിലിറങ്ങിയ കൊമ്പൻസ് രണ്ടാം പകുതിയിലാണ് ആദ്യ ഗോൾ നേടിയത്. അതേസമയം, സൂപ്പർ ലീഗ് കേരളയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി മിന്നും ജയം സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കണ്ണൂർ വീഴ്‌ത്തിയത്. ഷിജിൻ ടി, സെനഗൽ താരം അബ്ദു കരീം സാമ്പ് എന്നിവരുടെ ഗോളും ഫെലിപ്പ് അൽവീസിന്‍റെ സെൽഫ് ഗോളുമാണ് കണ്ണൂരിന് ജയം ഉറപ്പിച്ചത്. ഓട്ടിമാർ ബിസ്‌പൊ, വിഘ്‌നേഷ് എന്നിവർ കൊമ്പന്‍സിനായി ആശ്വാസ ഗോളുകൾ കണ്ടെത്തി.
ഒക്ടോബർ 10-ന് നടക്കുന്ന മത്സരത്തോടെ ടൂർണമെന്‍റിലെ രണ്ടാം റൗണ്ടിന് തുടക്കമാകും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7:30-നാണ് മത്സരം. സോണി ടെൻ 2, ഡി.ഡി. മലയാളം, സ്പോർട്‌സ്.കോം (sports.com) എന്നിവയില്‍ മത്സരം തത്സമയം കാണാം.








