സെപ്റ്റംബർ 29, ഭക്ഷ്യനഷ്ടത്തെയും പാഴാക്കലിനെയും കുറിച്ചുള്ള അവബോധത്തിനായുള്ള അന്താരാഷ്ട്ര ദിനം. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സെപ്റ്റംബർ 29 അന്താരാഷ്ട്ര ഭക്ഷ്യനഷ്ടത്തെയും മാലിന്യത്തെയും കുറിച്ചുള്ള അവബോധ ദിനമായി (IDAFLW) പ്രഖ്യാപിച്ചു. ആദ്യത്തെ IDAFLW 2020 സെപ്റ്റംബർ 29- ന് നടന്നു. ഭക്ഷ്യനഷ്ടത്തെയും പാഴാക്കലിനെയും കുറിച്ചുള്ള ആറാമത്തെ അന്താരാഷ്ട്ര ബോധവൽക്കരണ ദിനം (IDAFLW) 2025 സെപ്റ്റംബർ 29 തിങ്കളാഴ്ച ആചരിക്കും. എല്ലാവർക്കും സുസ്ഥിരമായ ഭക്ഷ്യ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള നിർണായക ഘടകമെന്ന നിലയിൽ, ഭക്ഷ്യനഷ്ടവും പാഴാക്കലും കുറയ്ക്കുന്നതിനുള്ള പങ്കാളികളുടെ ശ്രമങ്ങൾ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും ഈ വർഷത്തെ പ്രമേയം ആഹ്വാനം ചെയ്യുന്നു.
ലോകത്താകെ ഉത്പാദപ്പിക്കുന്ന ഭക്ഷണത്തിന്‍റെ 17 ശതമാനവും ഓരോ വർഷവും പാഴായിപ്പോകുന്നുവെന്നാണ് കണക്ക്. ലോകമെങ്ങും ദിനംപ്രതി ടൺ കണക്കിന് ഭക്ഷണം പാഴായിപ്പോകുമ്പോള്‍ ലക്ഷക്കണക്കിന് പേരാണ് പരമദാരിദ്ര്യത്തിൽ കഴിയുന്നത്. മറ്റെല്ലാ പ്രതികൂല സാഹചര്യങ്ങൾക്കുമൊപ്പം കൊവിഡും ലക്ഷക്കണക്കിനാളുകളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിട്ടു. കൊവിഡ് പശ്ചാത്തലത്തിൽ മാത്രം 13.2 കോടി പേർ ആവശ്യത്തിന് ഭക്ഷണമോ പോഷകാഹാരമോ കിട്ടാത്ത അവസ്ഥയിലെത്തി. നിരവധി രാജ്യങ്ങൾ വൻ ഭക്ഷ്യപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
മനുഷ്യന്‍റെ ഉപയോഗത്തിനായി ലഭ്യമായ ഭക്ഷണത്തിൽ 93.1 കോടി ടൺ ഭക്ഷണം വീടുകളുടെയും ഹോട്ടലുകളുടെയും കടകളുടെയുമെല്ലാം ചവറ്റുകുട്ടയിലേക്ക് ഓരോ വർഷവും വലിച്ചെറിയപ്പെടുന്നു. ഇതിൽ 11 ശതമാനം ഭക്ഷണവും പാഴാകുന്നത് വീടുകളിലാണ് എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. വിളവെടുപ്പിന് ശേഷം ഭക്ഷ്യവസ്തുക്കൾ വിൽപനയ്ക്കെത്തുന്നതിനിടയ്ക്ക് 14 ശതമാനത്തോളം നശിച്ചുപോകുന്നുവെന്നും കണക്കുകൾ പറയുന്നു. വലിച്ചെറിയപ്പെടുന്ന ഭക്ഷണം പലപ്പോഴും മാലിന്യക്കൂമ്പാരങ്ങളിൽ എത്തുന്നു, അവിടെ അത് അഴുകുകയും മീഥെയ്ൻ എന്ന ദോഷകരമായ വാതകം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ വാതകം ഭൂമിയെ കൂടുതൽ ചൂടാക്കുന്നു, ഇത് മൃഗങ്ങൾക്കും സസ്യങ്ങൾക്കും മനുഷ്യർക്കും ദോഷകരമാണ്. ഭക്ഷണം പാഴാക്കുന്നത് അത് വളർത്തുന്നതിനും കൊണ്ടുപോകുന്നതിനും പാചകം ചെയ്യുന്നതിനും ചെലവഴിച്ച വെള്ളം, ഊർജ്ജം, കഠിനാധ്വാനം എന്നിവയെല്ലാം പാഴാക്കുന്നു.
2030ഓടെ ലോകത്തെ പട്ടിണിയും പോഷകാഹാരക്കുറവും പരമാവധി പരിഹരിക്കാനാണ് യുഎൻ ലക്ഷ്യമിടുന്നത്. ഭക്ഷ്യക്ഷാമം ആസന്നമായെന്ന് യുഎൻ മുന്നറിപ്പ് നൽകുന്നു. ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ചുള്ള അവബോധത്തിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഭക്ഷണം പാഴാകാതിരിക്കാനുള്ള നയരൂപീകരണത്തിലും സർക്കാരുകളുടെയും സംഘടനകളുടെയും ഇടപെടൽ കുറച്ചൊക്കെ സഹായിക്കും. ഭക്ഷണം പാഴാക്കാനുള്ളതല്ലെന്ന തിരിച്ചറിവ് നാം നേടുക എന്നത് വളരെ പ്രധാനമാണ്. അനാവശ്യമായി ആഹാര സാധനങ്ങള്‍ വാങ്ങി, വലിച്ചെറിയുമ്പോള്‍ ഓർക്കണം, നാം പാഴാക്കുന്ന ഭക്ഷണം മറ്റുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന്. ഭക്ഷണം പാഴാക്കുമ്പോള്‍ അതുത്പാദിപ്പിക്കാനായി ഉപയോഗിച്ച പണവും വെള്ളവും ഊർജവും അധ്വാനവുമെല്ലാം പാഴാവുകയാണ്. നിരവധി രാജ്യങ്ങൾ വൻ ഭക്ഷ്യപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് അറിയുമ്പോഴാണ് പ്രശ്നത്തിന്‍റെ ഗൗരവം വ്യക്തമാകുന്നത്.







