എല്ലാവരും വിനോദ സഞ്ചാരികളായി മാറുന്ന കാലമാണിത്. ലോകം ടൂറിസം വിഭവങ്ങളുടെ കേന്ദ്രമാവുകയും സുസ്ഥിര ടൂറിസം വികസനം സാധ്യമാക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അത്തരമൊരു ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് കേരളവും. ഇന്ന് ലോക ടൂറിസം ദിനം.
ടൂറിസമെന്നാല്‍ വെറുമൊരു വിനോദമല്ല മറിച്ച് വിവിധ സംസ്‌കാരങ്ങളെയും പാരമ്പര്യത്തെയും പൈതൃകങ്ങളെയും അടുത്തറിയല്‍ കൂടിയാണ്. ഇതിനായാണ് 1980 മുതല്‍ സെപ്‌റ്റംബര്‍ 27 ലോക ടൂറിസം ദിനമായി ആഘോഷിച്ച് വരുന്നത്.
സമൂഹത്തില്‍ ടൂറിസത്തെ കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കുവാനാണ് ഇത്തരമൊരു ദിനം ആഘോഷിക്കുന്നത്. നമ്മുടെ നാടിന്‍റെ സംസ്‌കാരം, സാമ്പത്തിക വളര്‍ച്ച, സുസ്ഥിര വികസനം എന്നിവയെ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ കൂടി ഈ ദിനം ഓര്‍മിപ്പിക്കുന്നു. കൂടാതെ ഉത്തരവാദിത്വ ടൂറിസത്തെ കുറിച്ച് അറിയാനുള്ള അവസരം കൂടിയാണിത്.
യുഎന്‍ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ചട്ടങ്ങള്‍ അംഗീകരിച്ചതിന്‍റെ വാര്‍ഷികം ആഘോഷിക്കുന്നതിനായാണ് ഈ ദിനം ലോക ടൂറിസം ദിനമായി തെരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്‌ട്ര സമൂഹത്തിലും ടൂറിസത്തിന്‍റെ പങ്കിനെ കുറിച്ച് അവബോധം വളര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
ഇത്തവണത്തെ ടൂറിസം ദിനത്തിന്‍റെ തീം: വര്‍ഷം തോറും യുഎന്‍ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ തെരഞ്ഞെടുക്കുന്ന പ്രത്യേക തീം അനുസരിച്ചാണ് ഈ ദിനം ആചരിക്കുക. ‘ടൂറിസം ആന്‍ഡ് സസ്‌റ്റൈനബിള്‍ ട്രാന്‍സ്‌ഫര്‍മേഷന്‍’ എന്നതാണ് ഈ വര്‍ഷത്തെ ടൂറിസം ദിനത്തിന്‍റെ തീം. വ്യത്യസ്‌ത ഇടങ്ങളെയും സമൂഹങ്ങളെയും അഭിവൃദ്ധിപ്പെടുത്തുകയും അതോടൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ സഹായിക്കുന്ന സുസ്ഥിര ടൂറിസത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളിലും പദ്ധതികളിലും നിക്ഷേപം നടത്തേണ്ടതിന്‍റെ അടിയന്തര ആവശ്യകതയുമാണ് ഈ പ്രമേയം അടിവരയിടുന്നത്.
ടൂറിസത്തിന്‍റെ കാര്യത്തില്‍ ഒട്ടും തന്നെ പിറകിലല്ല ദൈവത്തിന്‍റെ സ്വന്തം നാടും. കേരളമെന്ന സംസ്ഥാനം വെറുമൊരു വിനോദ സഞ്ചാര കേന്ദ്രമല്ല. അതൊരു പുതിയ ലോകമാണ്. പച്ചപ്പാര്‍ന്ന മലനിരകളും തെളിനീരുറവയായി ഒഴുകുന്ന പുഴകളും തിരകള്‍ അലയടിക്കുന്ന കടലോരങ്ങളും വ്യത്യസ്‌തമായ സംസ്‌കാരങ്ങളുമെല്ലാം ഉള്ള അനുഗ്രഹീതമായൊരിടം. ഇതെല്ലാം സഞ്ചാരികളെ ഏറെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നുണ്ട്. കാഴ്‌ചകളുടെ പറുദീസയാണ് പ്രകൃതി കേരളത്തില്‍ ഒരുക്കിയിട്ടുള്ളത്.







