കെടിയു, ഡിജിറ്റല്‍ സർവകലാശാല വിഷയത്തില്‍ ഗവർണർ സമർപ്പിച്ച ഹർജി ഉടൻ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. സെർച്ച് കമ്മിറ്റി റിപ്പോർട്ട് വരട്ടെ എന്നും റിപ്പോർട്ട് വന്ന ശേഷം ഹർജി പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇരു സർവകലാശാലകളിലെയും വിസി നിയമനവുമായി ബന്ധപ്പെട്ടാണ് ഗവർണർ ഹർജി സമർപ്പിച്ചത്. വിസി നിമയന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വിഷയവുമായി ബന്ധപ്പെട്ട് മുൻ സുപ്രീംകോടതി ജഡ്‌ജി അധ്യക്ഷനായ ഒരു സെർച്ച് കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു.
സെർച്ച് കമ്മിറ്റി പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിലാണ് ഗവർണറുടെ ഹർജി. വിസി നിയമന പ്രക്രിയയില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തിയത് ഒഴിവാക്കണമെന്നും ഉത്തരവ് പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ സുപ്രീംകോടതിയില്‍ പുതിയ ഹർജി നല്‍കുകയായിരുന്നു. കൂടാതെ യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷയും ഗവർണർ സുപ്രീംകോടതിയില്‍ സമർപ്പിക്കുകയുണ്ടായി.
ഈ രണ്ട് അപേക്ഷകളാണ് സുപ്രീംകോടതിയില്‍ അറ്റോർണി ജനറല്‍ വെങ്കിട്ട രമണി പരാമർശിച്ചത്. എന്നാല്‍ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. നിലവില്‍ സെർച്ച് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അതിന്‍റെ റിപ്പോർട്ട് വന്നതിന് ശേഷം ഇക്കാര്യം പരിശോധിക്കാമെന്നുമാണ് കോടതി അറിയിച്ചത്.






