യുഎസിൽ ജോലി സ്വപ്‌നം കാണുന്നവർക്ക് കനത്ത പ്രഹരം; വിസാ ഫീ കുത്തനെ ഉയർത്തി ട്രംപ് ഭരണകൂടം

0
41

വാഷിങ്ടണ്‍: യുഎസിൽ ജോലി ചെയ്യാൻ ആവശ്യമായ എച്ച്-1ബി വിസ ഫീസ് കുത്തനെ ഉയർത്തി ട്രംപ് ഭരണകൂടം. ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം ഇന്ത്യൻ രൂപ) ആണ് ഒറ്റയടിക്ക് ഉയർത്തിയത്. ഇത് യുഎസിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്ന അടിസ്ഥാന ഘടനയെ തന്നെ മാറ്റിമറിക്കും എന്നാണ് വിലയിരുത്തൽ.

യുഎസിൽ ജോലി സ്വപ്‌നം കാണുന്ന ഇന്ത്യക്കാർക്കുള്‍പ്പെടെ കനത്ത തിരിച്ചടിയാണ് നടപടി. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും ഏറ്റവുമധികം തൊഴിൽ തേടി പോകുന്ന ഐടി പ്രൊഫഷണലുകള്‍ക്ക്, പുതിയ തീരുമാനം കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും യുഎസ് ട്രഷറിക്ക് വരുമാനം ഉണ്ടാക്കുന്നതിനുമായാണ് ഭരണകൂടം മാറ്റങ്ങൾ രൂപപ്പെടുത്തിയത് എന്നാണ് ഭരണകൂടം പറയുന്നത്.

കുടിയേറ്റ നയം പരിഷ്‌കരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ തീരുമാനം. ഉയർന്ന വരുമാനക്കാരെ, പണമുള്ള ആളുകളെ കൊണ്ടുവരിക എന്നതാണ് ആശയം. കുറഞ്ഞ ഫീസ് നിരക്ക് പല തസ്‌തികകളിലും അമേരിക്കക്കാർക്ക് പകരം വിദേശികളെ നിയമിക്കാൻ കാരണമായി. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുള്ള അവസരങ്ങൾ സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് പുതിയ നയം പ്രഖ്യാപിക്കവേ വ്യക്തമാക്കി.

നിലവിലുള്ള വെറ്റിംഗ് ചാർജുകൾക്ക് പുറമേ ആണ് ഈ ഫീസ് ഈടാക്കുക. പുതുക്കലുകള്‍ക്കും ഫീ വർധനവ് ബാധകമാകും. മുഴുവൻ തുകയും മുൻകൂറായി ശേഖരിക്കണോ അതോ വാർഷികമായി ശേഖരിക്കണോ എന്ന് ഭരണകൂടം പിന്നീട് തീരുമാനിക്കും. ശമ്പള നിലവാരമോ നൈപുണ്യ ആവശ്യകതയോ പരിഗണിക്കാതെ എല്ലാ എച്ച്-1ബി തസ്‌തികകൾക്കും ഫീസ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

പരിശീലനത്തിനും വികസനത്തിനുമായി പരിചയക്കുറവുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്ന തസ്‌തികകള്‍ ഇതിലൂടെ ഇല്ലാതാക്കാനാകും എന്നാണ് ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ പോലുള്ള ഇന്ത്യൻ ഐടി കമ്പനികളെ ഈ മാറ്റം സാരമായി ബാധിച്ചേക്കാം. ഈ കമ്പനികള്‍ ക്ലയൻ്റ് പ്രോജക്റ്റുകൾക്കും നൈപുണ്യ വികസനത്തിനുമായി ജൂനിയർ, മിഡ്-ലെവൽ എഞ്ചിനീയർമാരെ യുഎസിലേക്ക് കൊണ്ടുവരാൻ എച്ച്-1B വിസകൾ ഉപയോഗിച്ചിട്ടുണ്ട്.

അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിൽ കൃത്യതയും വേഗതയും നൽകുന്നതിനാൽ ടെക് കമ്പനികൾ പുതിയ മാറ്റങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് സെക്രട്ടറി ലുട്‌നിക് അവകാശപ്പെട്ടു. അതേസമയം എച്ച്-1ബി വിസ ക്വാട്ടകൾ മാറ്റമില്ലാതെ തുടരും. പക്ഷേ ഫീ കുത്തനെ ഉയർത്തിയ സാഹചര്യത്തിൽ കുറവ് അപേക്ഷകള്‍ മാത്രമേ ഇനി പ്രതീക്ഷിക്കുന്നുള്ളൂ എന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.

ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൻ്റെ മെച്ചപ്പെടുത്തിയ വെറ്റിംഗ് നടപടിക്രമങ്ങൾക്കൊപ്പം പുതിയ ഫീസും നടപ്പിലാക്കുമെന്ന് ലുട്‌നിക് പറഞ്ഞു. പ്രത്യേക തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏതാനും ആഴ്‌ചകൾക്കുള്ളിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. പുതിയ ഫീസ് ഘടന നടപ്പിലാക്കിയ ശേഷം പ്രോസസ് ചെയ്‌ത എല്ലാ അപേക്ഷകൾക്കും ബാധകമാകും. അതുകൊണ്ടു തന്നെ പുതുക്കൽ കാലയളവ് വരുമ്പോൾ നിലവിൽ എച്ച്-1ബി തൊഴിലാളികളുള്ള കമ്പനികൾക്ക് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here