ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും. ഇന്ത്യയുടെ സൈനിക തയാറെടുപ്പ്, പ്രാദേശിക ബന്ധം, സാമ്പത്തിക വളർച്ച എന്നിവ വർധിപ്പിക്കുന്നതിനായി അദ്ദേഹം പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കൊൽക്കത്തയിൽ രാവിലെ 9.30ന് 16-ാമത് കമ്പൈൻഡ് കമാൻഡേഴ്സ് കോൺഫറൻസ്-2025 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബർ 15 മുതൽ 17 വരെ നടക്കുന്ന മൂന്ന് ദിവസത്തെ ഈ സമ്മേളനം, ഇന്ത്യയുടെ സായുധ സേനകളുടെയും ഉന്നത സിവിലിയൻ നേതൃത്വത്തിൻ്റെയും ഉന്നതതല യോഗമാണ്. ‘പരിഷ്കാരങ്ങളുടെ വർഷം – ഭാവിയിലേക്കുള്ള പരിവർത്തനം’ എന്ന ഈ വർഷത്തെ പ്രമേയം, ഇന്ത്യയുടെ സൈനിക ശേഷികളുടെ ദീർഘകാല പരിവർത്തനത്തിലും ആധുനികവൽക്കരണത്തിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ അടിവരയിടുന്നു. ബിഹാറിലെ പൂർണിയ സന്ദർശിക്കുന്ന പ്രധാനമന്ത്രി 36,000 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികൾക്കും തുടക്കമിടും.
പുതിയ പദ്ധതികൾ
പൂർണിയയിൽ പുതുതായി നിർമിച്ച വിമാനത്താവള ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിലൂടെ ഈ മേഖലയുടെ ദീർഘകാലമായുള്ള വ്യോമയാന ആവശ്യം നിറവേറ്റപ്പെടും. കൂടാതെ, ബിഹാറിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ നിക്ഷേപമായ ഭഗൽപൂരിലെ പിർപൈന്തിയിൽ 25,000 കോടി രൂപയുടെ 3800 മെഗാവാട്ട് താപവൈദ്യുത നിലയത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. അൾട്രാ-സൂപ്പർ ക്രിട്ടിക്കൽ, ലോ-എമിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പദ്ധതി, ബിഹാറിൻ്റെ ഊർജ സുരക്ഷ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മറ്റ് പ്രധാന പദ്ധതികളിൽ, 2,680 കോടിയിലധികം രൂപ വിലമതിക്കുന്ന കോസി-മേച്ചി ഇൻട്രാ-സ്റ്റേറ്റ് നദീ ലിങ്ക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും. കനാലിൻ്റെ ജലവിതരണ ശേഷി വർധിപ്പിച്ചും നിർണായക അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചും വടക്കുകിഴക്കൻ ബിഹാറിലെ ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, കൃഷി എന്നിവ ഈ പദ്ധതി പ്രോത്സാഹിപ്പിക്കും. വിവിധ റെയിൽവേ പദ്ധതികൾക്ക് തറക്കല്ലിടുകയും പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും.
ദേശീയ മഖാന ബോർഡ്
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ദേശീയ മഖാന ബോർഡിന് പ്രധാനമന്ത്രി ബിഹാറിൽ തുടക്കം കുറിക്കും. രാജ്യത്തെ മഖാന ഉൽപാദനത്തിൽ 90 ശതമാനവും സംഭാവന ചെയ്യുന്നത് ബിഹാറാണ്. ഈ ബോർഡ് ഉൽപാദന വർധന, വിളവെടുപ്പിന് ശേഷമുള്ള മാനേജ്മെൻ്റ്, സാങ്കേതികവിദ്യ, മൂല്യവർധന, വിപണനം, കയറ്റുമതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
മഖാന ഉൽപാദനത്തിൽ ബിഹാറിനെ ആഗോള ഭൂപടത്തിൽ കൂടുതൽ ശക്തമാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഈ നീക്കം മഖാന കർഷകർക്ക് വലിയ സഹായകരമാകും. രാഷ്ട്രീയ ഗോകുൽ മിഷൻ്റെ കീഴിൽ, ഒരു വർഷം 5 ലക്ഷം ഡോസ് ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ള ആധുനിക സെമൻ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
മറ്റ് പരിപാടികൾ
പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമിൻ, അർബൻ പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുകയും ദീൻദയാൽ അന്ത്യോദയ യോജനയുടെ കീഴിലുള്ള ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾക്ക് 500 കോടി രൂപ വിതരണം ചെയ്യുകയും ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പൂർണിയയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ദേശീയ, സംസ്ഥാന ഹൈവേകളിലെ ഗതാഗതം 24 മണിക്കൂറിനായി നിർത്തിവച്ചിട്ടുണ്ട്.





