ചന്ദ്രൻ ചുവന്ന് തുടുക്കും! പൂർണ ചന്ദ്രഗ്രഹണം സെപ്‌തംബർ 7ന്

0
54

ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം സെപ്‌തംബർ 7-8 തീയതികളിൽ. ബ്ലഡ് മൂൺ കാഴ്‌ചയിലായിരിക്കും പൂർണ ചന്ദ്രഗ്രഹണം. എവിടെ ദൃശ്യമാകുമെന്നും എങ്ങനെ ദൃശ്യമാകുമെന്നും അറിയാം.

ഹൈദരാബാദ്: ഓരോ വർഷവും ആകാശം നിരവധി അത്ഭുത പ്രതിഭാസങ്ങൾക്ക് വേദിയാകാറുണ്ട്. സൗരയൂഥത്തിലെ ഏഴ്‌ ഗ്രഹങ്ങൾ ഒന്നിക്കുന്ന പ്ലാനറ്ററി പരേഡും, ചന്ദ്രഗ്രഹണവും, സൂര്യഗ്രഹണവും, ഉൽക്കാവർഷവും, സൂപ്പർമൂണും ഇതിൽപെടുന്നു. ഇപ്പോഴിതാ 2025ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം നടക്കാനൊരുങ്ങുകയാണ്. ആകാശത്ത് ഏതാനും മണിക്കൂറുകൾ മാത്രം ദൃശ്യമാകുന്ന ഈ ചന്ദ്രഗ്രഹണം സെപ്റ്റംബർ 7-8 (ഞായർ, തിങ്കൾ) തീയതികളിൽ ആണ് നടക്കുക.

രക്തചന്ദ്രൻ അഥവാ ബ്ലഡ് മൂൺ കാഴ്‌ചയിലുള്ള പൂർണ ചന്ദ്രഗ്രഹണമാണ് വരാനിരിക്കുന്നത്. ഗ്രഹണം ആരംഭിക്കുമ്പോൾ ചന്ദ്രൻ ചുവപ്പ് നിറത്തിൽ ദൃശ്യമാകുന്നതിനാലാണ് ഇതിന് ‘രക്തചന്ദ്രൻ’ എന്ന വിശേഷണം നൽകിയിരിക്കുന്നത്. ഏകദേശം 82 മിനിറ്റ് നീണ്ടുനിൽക്കുന്ന കാഴ്‌ച എപ്പോൾ, എവിടെ നിന്ന് ദൃശ്യമാകുമെന്നും ഇന്ത്യയിലെ ഏതൊക്കെ നഗരങ്ങളിൽ നിന്ന് കാണാൻ കഴിയുമെന്നും പരിശോധിക്കാം.

എവിടെ ദൃശ്യമാകും?
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇത്തവണ ചന്ദ്രഗ്രഹണം വ്യക്തമായി കാണാൻ കഴിയും. ഇന്ത്യയിലെ പല നഗരങ്ങളിൽ നിന്നും കാണാനാകും. ഡൽഹി, മുംബൈ, ചണ്ഡീഗഡ്, പൂനെ, ലഖ്‌നൗ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ നിന്ന് രക്തചന്ദ്രന്‍റെ ദൃശ്യം വ്യക്തമായി കാണാൻ കഴിയും. എന്നിരുന്നാലും ഇത് കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. മേഘാവൃതമാണെങ്കിലോ, മഴ പെയ്യുകയാണെങ്കിലോ, അന്തരീക്ഷം മലിനമാണെങ്കിലോ ദൃശ്യമാകില്ല.

2025ലെ ആദ്യ ചന്ദ്രഗ്രഹണം മാർച്ച് 14നായിരുന്നു. ഇത് പകൽസമയത്ത് നടന്നതിനാൽ ഇന്ത്യക്കാർക്ക് ദൃശ്യമായില്ല. അതേസമയം യുഎസ്എ, പടിഞ്ഞാറൻ യൂറോപ്പ്, പടിഞ്ഞാറൻ ആഫ്രിക്ക, വടക്ക്, തെക്ക് അറ്റ്ലാൻ്റിക് സമുദ്രം എന്നിവിടങ്ങളിൽ ദൃശ്യമായിരുന്നു.

എപ്പോൾ ദൃശ്യമാകും?

രക്തചന്ദ്രന്‍റെ ഘട്ടങ്ങൾ സമയം (IST)
തുടക്കം സെപ്‌റ്റംബർ 7, 8:58 pm
ഭാഗികമായ തുടക്കം സെപ്‌റ്റംബർ 7, 9:57 pm
പൂർണതയിലേക്കെത്താനുള്ള തുടക്കം സെപ്‌റ്റംബർ 7, 11:00 pm
പൂർണതയിലെത്തിയ ചന്ദ്രഗ്രഹണം (Peak of Blood Moon) സെപ്‌റ്റംബർ 7, 11:41 pm
പൂർണതയിൽ നിന്ന് കുറയാനാരംഭിക്കുന്നു സെപ്‌റ്റംബർ 8, 12:22 am
പൂർണമായും ഇല്ലാതാവുന്നു (Lunar eclipse ends) സെപ്‌റ്റംബർ 8, 2:25 am

ഇന്ത്യയിൽ സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്ന മികച്ച സമയം:
ബിബിസി നൈറ്റ് സ്കൈ മാഗസിൻ നടത്തിയ റിപ്പോർട്ട് അനുസരിച്ച്, രക്തചന്ദ്രൻ 2025 സെപ്റ്റംബർ 7ന് ഇന്ത്യൻ സമയം രാത്രി 8:58ന് ആരംഭിക്കും. 2025 സെപ്റ്റംബർ 7ന് രാത്രി 11:00 മണിക്ക് പൂർണതയിലേക്കെത്താൻ തുടങ്ങും. തുടർന്ന് സെപ്റ്റംബർ 7ന് 11:00 മണി മുതൽ സെപ്‌റ്റംബർ 8ന് 12:22 am വരെ സമ്പൂർണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. ഈ സമയമാണ് സമ്പൂർണ ചന്ദ്രഗ്രഹണം കാണാനാഗ്രഹിക്കുന്നവർക്കുള്ള മികച്ച സമയം (സെപ്റ്റംബർ 7ന് രാത്രി 11:00നും സെപ്റ്റംബർ 8ന് രാത്രി 12:22നും ഇടയിലുള്ള 82 മിനിറ്റ്).

എന്താണ് ചന്ദ്രഗ്രഹണം?
ഭൂമി ചന്ദ്രനും സൂര്യനും ഇടയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. ഈ സമയം ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അപ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രന്‍റെ ഉപരിതലത്തിൽ പതിക്കുകയും ഇതുമൂലം ചന്ദ്രന്‍റെ ചില ഭാഗങ്ങൾ ഇരുണ്ടതായിത്തീരുകയും ചെയ്യും.

എന്താണ് ബ്ലഡ് മൂൺ ?
സെപ്റ്റംബർ 7ന് സംഭവിക്കാനിരിക്കുന്ന ചന്ദ്രഗ്രഹണം ‘ബ്ലഡ് മൂൺ’ ആയിരിക്കും. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ ചന്ദ്രനിൽ ഭൂമിയുടെ നിഴൽ പതിക്കും. ഇത് കാരണം നേരിട്ടുള്ള സൂര്യപ്രകാശം ചന്ദ്രനിൽ പതിക്കില്ല. സൂര്യപ്രകാശത്തിലെ ചെറിയ തരംഗദൈർഘ്യമുള്ള നീല വെളിച്ചം എളുപ്പത്തിൽ ചിതറിക്കിടക്കുകയും, എന്നാൽ നീണ്ട തരംഗദൈർഘ്യമുള്ള ചുവപ്പും ഓറഞ്ചും നിറങ്ങൾ ഭൂമിയുടെ കട്ടിയുള്ള പാളിയിലേക്ക് തുളച്ചുകയറുകയും, പിന്നീട് ചന്ദ്രന്‍റെ ഉപരിതലത്തിൽ പതിക്കുകയും ചെയ്യും. ഇത് കാരണമാണ് ചുവന്ന നിറത്തിൽ ചന്ദ്രനെ കാണാനാകുന്നത്.

നഗ്നനേത്രങ്ങൾ കൊണ്ട് നോക്കാമോ?
സൂര്യഗ്രഹണം പോലെ, രക്തചന്ദ്രനെ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുന്നതിന് പ്രശ്‌നമൊന്നുമില്ല. ബൈനോക്കുലറോ ദൂരദർശിനിയോ ഉണ്ടെങ്കിൽ കൂടുതൽ മികച്ച കാഴ്‌ച ലഭിക്കുമെന്ന് മാത്രം. കൂടുതൽ വ്യക്തമായി കാണാൻ തെളിഞ്ഞ ആകാശമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here