കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമം; മെസ്സിയും സംഘവും കേരളത്തിലേക്ക്

0
97

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും കേരളത്തിലേക്ക്. നവംബറിൽ 10നും 18നും ഇടയിൽ കേരളത്തിൽ എത്തുമെന്ന് അർജൻ്റീന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. ഫിഫയുടെ സൗഹൃദ മത്സരങ്ങൾക്കായാണ് അർജൻ്റീന ടീം കേരളത്തിൽ എത്തുക.

“മെസി വരും ട്ടാ

നവംബർ 2025 ഫിഫ ഇൻ്റർനാഷണൽ വിൻഡോയിൽ സൗഹൃദ മത്സരത്തിനായി ലയണൽ മെസ്സി അടങ്ങുന്ന ഖത്തർ ലോകകപ്പ് നേടിയ അർജൻ്റീന ടീം കേരളത്തിൽ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷ്യൽ മെയിൽ വഴി ലഭിച്ചു”, മെസ്സിയും സംഘവും കേരളത്തിലെത്തുന്നത് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്‌ദുറഹിമാൻ ഫേസ്‌ബുക്കിൽ പോസ്‌റ്റ് പങ്കുവച്ചു.

മെസ്സിയുടെ സന്ദർശനത്തെക്കുറിച്ച് മാസങ്ങളായി പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് പുതിയ പ്രഖ്യാപനം വന്നത്. ഖത്തർ ലോകകപ്പിനിടെ കേരള ആരാധകർ പ്രകടിപ്പിച്ച ശക്തമായ പിന്തുണ അർജൻ്റീന ടീമിൻ്റെ ശ്രദ്ധ പിടിച്ചുപറ്റി.

“കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ സ്നേഹവും പിന്തുണയും ശ്രദ്ധേയമാണ്, അർജൻ്റീന ടീം അവരുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു,” എന്ന കായിക മന്ത്രിയുടെ പോസ്‌റ്റ് കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല.

ലോക ചാമ്പ്യന്മാരെ ആതിഥേയത്വം വഹിക്കുന്നതിൻ്റെ ഉയർന്ന ചെലവുകളെക്കുറിച്ചുള്ള പ്രാരംഭ ആശങ്കകൾ ഉണ്ടായിരുന്നിട്ടും കേരള സർക്കാർ അർജൻ്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. ഫലപ്രദമായ ഓൺലൈൻ ചർച്ചകൾക്ക് ശേഷം ഫുട്ബോൾ വികസന സംരംഭങ്ങളിൽ കേരളവുമായി സഹകരിക്കുന്നതിന് എഎഫ്എ ആവേശം പ്രകടിപ്പിച്ചു.

സെപ്‌റ്റംബറിൽ നടക്കുന്ന അന്തരാഷ്‌ട്ര മത്സരങ്ങൾക്ക് ശേഷമാണ് മെസ്സിയും സംഘവും കേരളത്തിലേക്ക് വരിക. ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. കളിക്കപ്പുറം ഈ സന്ദർശനം കേരളത്തിൻ്റെ കായിക ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here