കോഴിക്കോട്: ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാപ്പില്‍ കരുമാരപ്പറ്റ സ്വദേശിയായ 55 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന് വ്യാഴാഴ്‌ച രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.
നിലവിൽ അഞ്ച് പേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഓമശ്ശേരിയില്‍ നിന്നുള്ള 3 മാസം പ്രായമുളള കുട്ടി ഗുരുതരാവസ്ഥയില്‍ വെൻ്റിലേറ്ററില്‍ തുടരുകയാണ്. അസുഖത്തെ തുടര്‍ന്ന് മരിച്ച താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയില്‍ അനയയുടെ ഏഴ് വയസുള്ള സഹോദരന്‍, മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരി, മലപ്പുറം പുല്ലിപറമ്പ സ്വദേശിയായ 49 കാരന്‍, അന്നശേരി സ്വദേശിയായ 31കാരന്‍ എന്നിവരും ചികിത്സയിലുള്ളതായി ആരോഗ്യ വിദഗ്‌ധർ അറിയിച്ചു.
അനയയുടെ മറ്റൊരു സഹോദരനും രോഗലക്ഷണങ്ങളുമായി ചികിത്സയിലാണെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസർ കെ.കെ രാജാറാം അറിയിച്ചു. അതേസമയം അടുത്തിടെ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ അമീബയുടെ വകഭേദങ്ങളും കാരണമായെന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണ്ടെത്തൽ. മലിന ജലത്തിൽ മാത്രമല്ല ഒഴുകുന്ന വെള്ളത്തിലും മണ്ണിലും പൊടിപടലങ്ങളിലും ഇലകളിലും വകഭേദത്തിൻ്റെ സാന്നിധ്യം ഉണ്ടാകാം എന്നാണ് പ്രാഥമിക നിരീക്ഷണമെന്ന് ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെട്ടു.
അന്തരീക്ഷ താപനിലയിലെ വ്യതിയാനമാണ് അമീബയുടെ വളർച്ചയ്ക്ക് സഹായകമാകുന്നത്. പെട്ടെന്നുള്ള മഴയും പിന്നീടുണ്ടാകുന്ന കൊടുംചൂടും അമീബയുടെ വളർച്ചക്ക് വേഗം കൂട്ടും. അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ കുറിച്ച് പഠിക്കാൻ ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്‌ധ സമിതികൾ പഠനം തുടരുകയാണ്.
2016ലാണ് കേരളത്തിൽ ആദ്യമായി അമീബിക് മസ്‌തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ വലിയ രീതിയിൽ പിടിപെടുന്നതിൽ ആശങ്ക നിലനിൽക്കുകയാണ്.







