പാൽപായസം, സേമിയ പായസം, അടപ്രഥമൻ, കടലപ്രഥമൻ ഇവയെ കടത്തിവെട്ടുന്ന ഒരു കിടിലൻ വിഭവമാണ് മത്തങ്ങ പായസം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഓണക്കാലമായാൽ പിന്നെ ആഘോഷങ്ങളുടെയും സന്തോഷത്തിൻ്റെയും രുചി വൈവിധ്യങ്ങളുടെയും ദിനങ്ങളാണ്. അത്തപ്പൂക്കളവും ഓണക്കളികളും സദ്യവട്ടങ്ങളുമൊക്കെയായി ഓണം അങ്ങ് ‘ഓണ്‍’ ആകും. എപ്പോഴും താരം സദ്യതന്നെയാണ്. വ്യത്യസ്‌ത രുചികളും മണങ്ങളും ഏറെ പ്രിയങ്കരമാണ് ഓരോ മലയാളികൾക്കും. അതിൽ ഏറെ പ്രിയപ്പെട്ട വിഭവമാണ് ഓണപ്പായസം. പാൽപായസം, പരിപ്പ് പായസം സേമിയ പായസം, അടപ്രഥമൻ, കടലപ്രഥമൻ എന്നിങ്ങനെ നീളുന്നു വിഭങ്ങൾ.
എന്നാൽ ഈ ഓണത്തിന് വളരെ വ്യത്യസ്‌തമായി ഒരു പായസം ഉണ്ടാക്കിയാലോ? കിടിലൻ ഒരു മത്തങ്ങ പായസം. വളരെ എളുപ്പമാണ് തയാറാക്കാൻ. അതിലുപരി സ്വാദിൽ കേമനും. വളരെ കുറച്ച് ചേരുവകൾ മാത്രം മതി. വേഗത്തിൽ എങ്ങനെ മത്തങ്ങ പായസം ഉണ്ടാക്കാം എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മത്തൻ – ഒരു കിലോ (ചെറുകഷണങ്ങളാക്കി മുറിച്ചത്)
- ശർക്കര – 400 മുതൽ 500 ഗ്രാം വരെ
- വെള്ളം – ഒന്നേകാൽ ഗ്ലാസ്
- തേങ്ങാപ്പാൽ (ഒന്നാം പാൽ) – അരലിറ്റർ
- രണ്ടാം പാൽ – ഒരു ലിറ്റർ
- ചൗവ്വരി – 5 ടേബിൾ സ്‌പൂണ്‍ (രണ്ടാം പാലിൽ കുതിർത്തത്)
- അണ്ടിപ്പരിപ്പ് – ആവശ്യാനുസരണം
- ഉണക്കമുന്തിരി – ആവശ്യാനുസരണം
- തേങ്ങാക്കൊത്ത് – രണ്ട് കഷണം (ചെറുതായി അരിഞ്ഞത്)
- നെയ്യ് – നാല് ടേബിൾ സ്‌പൂണ്‍
- ഏലക്കപ്പൊടി- 2 ടീസ്‌പൂണ്‍
- ചുക്കുപൊടി- 1 ടീസ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു കിലോ മത്തൻ തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച് എടുക്കുക. ശേഷം കുക്കറിലിട്ട് അര ലിറ്റർ വെള്ളത്തിൽ രണ്ടോ മൂന്നോ വിസിലിൽ നന്നായി വേവിച്ച് എടുക്കുക. ഈ സമയം ശർക്കര ഒന്നേകാൽ ഗ്ലാസ് വെള്ളത്തിൽ ഉരുക്കി അരിച്ച് എടുക്കുക. മത്തങ്ങ ആവശ്യാനുസരണം ഉടച്ചും എടുക്കാം.
മത്തങ്ങ പാകത്തിന് തയ്യാറാക്കിയതിനുശേഷം ഉരുളിയോ കട്ടിയുള്ള പാത്രമോ അടുപ്പിൽ വച്ച് നാല് ടേബിൾ സ്‌പൂണ്‍ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായതിനുശേഷം ഇതിലേക്ക് അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് എന്നിവ ഓരോന്നായി വറത്തുകോരി മാറ്റിവക്കുക. ശേഷം ഇതിലേക്ക് വേവിച്ച മത്തങ്ങ ചേർത്ത് വഴറ്റി എടുക്കുക. മത്തങ്ങയിൽ വെള്ളം ഉണ്ടെങ്കിൽ വറ്റിക്കാനും ശ്രദ്ധിക്കുക.
ഇനി ഇതിലേക്ക് അരിച്ചുവച്ചിരിക്കുന്ന ശർക്കര ഒഴിക്കുക. ശേഷം നന്നായി ഇളക്കി കുറുക്കി എടുക്കൂ. നന്നായി കുറുകി വന്നതിനുശേഷം തേങ്ങയുടെ രണ്ടാം പാലും കുതിർത്തു വച്ചിരിക്കുന്ന ചൗവ്വരിയും ചേർത്ത് തിളപ്പിച്ച് കുറുകിയ പാകത്തിൽ ആക്കുക.





