ഇന്ത്യയെ, ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ചത് ജൂൺ തേഡ് പ്ലാൻ അഥവാ മൗണ്ട്ബാറ്റൺ പദ്ധതി അനുസരിച്ചാണ്. 1947 ജൂൺ 3 ന് ഒരു പത്രസമ്മേളനത്തിൽ വെച്ച് മൗണ്ട്ബാറ്റൺ പ്രഭുവാണ് ഇത് പ്രഖ്യാപിച്ചത്. ഈ പദ്ധതിയനുസരിച്ച് ഭരണഘടനാ നിർമ്മാണ സമിതിയുടെ പ്രവർത്തനം തുടരും. പക്ഷേ, ഈ സമിതിയുണ്ടാക്കുന്ന ഭരണഘടന അതംഗീകരിക്കാൻ കൂട്ടാക്കാത്ത പ്രദേശങ്ങൾക്ക് ബാധകമായിരിക്കുന്നതല്ല. അതായത് സ്വയംനിർണയാവകാശം തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1947 ആഗസ്ത് 15 ഇതിനകം ഇന്ത്യയുടെ സ്വതന്ത്ര്യദിനമായി തീരുമാനിച്ചിട്ടുമുണ്ടായിരുന്നു. ഇതിലെ പ്രധാന നിർദ്ദേശങ്ങൾ :
- ഇന്ത്യൻ യൂണിയനിൽ നിന്ന് വിട്ടുപോകണമെന്ന് തീരുമനിക്കുന്നവർക്ക് അതിനും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും.
- പഞ്ചാബിലേയുംബംഗാളിലേയും ഹിന്ദുക്കളും മുസ്ലീങ്ങളും വിഭജനത്തിനായി വോട്ട് രേഖപ്പെടുത്തണം. ഭൂരിപക്ഷം വിഭജനത്തിനായി വോട്ട് ചെയ്താൽ അതു നടപ്പാക്കും.
- സിന്ധിന്സ്വയം തീരുമാനമെടുക്കാം.
- വടക്ക് പടിഞ്ഞാറൻ അതിർത്തിയിലെ നാട്ടുരാജ്യങ്ങളും ബംഗാളിലെ സിൽഹട്ട് ജില്ലയും ഹിതപരിശോധനയിലൂടെ തീരുമാനമെടുക്കും.
- ഇന്ത്യ 1947 ആഗസ്ത് 15 ന് സ്വതന്ത്രമാകും.
- ബംഗാളിന്റെ സ്വാതന്ത്ര്യവും യാഥാർത്ഥ്യമാകണം.
- പഞ്ചാബ്, ബംഗാൾ, ആസ്സാം എന്നീ പ്രവിശ്യകൾ വിഭജിക്കേണ്ടി വന്നാൽ അതിർത്തി നിർണ്ണയിക്കാൻ സ്വതന്ത്ര്യവും നിഷ്‌പക്ഷവുമായ ഒരു അതിർത്തിനിർണ്ണയക്കമ്മീഷനെ രൂപീകരിക്കുന്നതാണ്.
- അധികാരക്കൈമാറ്റം നടന്നുകഴിഞ്ഞാൽ അന്നുമുതൽ നാട്ടുരാജ്യങ്ങളുടെമേൽ ബ്രിട്ടീഷ് ഗവണ്മെന്റിന് അധീശാധികാരം ഉണ്ടായിരിക്കുന്നതല്ല. അവയ്ക്ക് ഇന്ത്യൻ യൂണിയനിലോ പാകിസ്താനിലോ ചേരാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും.
1935 ൽ സിന്ധ് ഭരണകൂടമാണ് ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. അതുവരെ ഏകരാഷ്ട്രം എന്ന രീതിയിൽ തന്നെ മുന്നോട്ടു പോയിരുന്ന മുഹമ്മദലി ജിന്നയും പിന്നീട് മുസ്ലിമുകൾക്കായി ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യവുമായി കോൺഗ്രസ്സിനെ സമീപിച്ചു.
1940 ലെ മുസ്ലിം ലീഗിന്റെ ലാഹോർ കോൺഗ്രസ്സിൽ വെച്ച് മുഹമ്മദ് അലി ജിന്ന പ്രത്യേക രാഷ്ട്രം എന്ന പ്രമേയം അവതരിപ്പിച്ചു. കക്സാർ തെഹ്രിക്ക് പോലുള്ള മുസ്ലീം സംഘടനകൾ ഈ വിഭജനത്തെ ശക്തിയായി എതിർത്തിരുന്നു. തെഹ്രിക്ക് പാർട്ടിയുടെ നേതാവായിരുന്ന അല്ലാമ മഷ്രിഖിയെപ്പോലുള്ള നേതാക്കളെ വിഭജനത്തെ എതിർത്തു എന്ന കാരണത്തിൽ അറസ്റ്റു ചെയ്തു ജയിലിലടച്ചു.ഹിന്ദുക്കളും, മുസ്ലിങ്ങളും ഐക്യത്തോടെ ഒരു രാജ്യമായി തന്നെ കഴിയുമെന്നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി, അല്ലാമ മഷ്രിഖി തുടങ്ങിയ നേതാക്കൾ വിശ്വസിച്ചിരുന്നത്. ഹിന്ദുക്കൾക്കും, മുസ്ലിമുകൾക്കും വേണ്ടി ഇന്ത്യയെ വിഭജിക്കുക എന്നത് ദൈവനിന്ദയാണെന്ന് മോഹൻദാസ് കരംചന്ദ് ഗാന്ധി പറയുകയുണ്ടായി.
1946 ഓഗസ്റ്റ് 16 നടന്ന കൽക്കട്ട കൂട്ടക്കുരുതിക്കുശേഷം, ഇരുവിഭാഗത്തിലുമുള്ള നേതാക്കൾ ഭാവിയിലുണ്ടായേക്കാവുന്ന ഹിന്ദു – മുസ്ലിം സംഘർഷങ്ങളെ ഓർത്ത് ഭീതിതരായിരുന്നു. കൽക്കട്ട കൂട്ടക്കുരുതിയിൽ ഏതാണ്ട് 5000 ഓളം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇതേതുടർന്ന് വടക്കേ ഇന്ത്യയിലും, ബംഗാളിലും വ്യാപകമായ തോതിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വിഭജനതീരുമാനം വേഗത്തിലാക്കാൻ ഇത്തരം കലാപങ്ങൾ നേതാക്കൾക്കു മുന്നിൽ സമ്മർദ്ദം സൃഷ്ടിച്ചു.
റാഡ്ക്ലിഫ് രേഖ
ഇന്ത്യയേയും പാകിസ്താനേയും വേർതിരിക്കുന്ന അതിർത്തിരേഖയാണ് റാഡ്ക്ലിഫ് രേഖ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കുവാൻ വേണ്ടിയുള്ള കമ്മീഷന്റെ ചെയർമാനായിരുന്ന സർ. സിറിൾ റാഡ്ക്ലിഫിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്. അമൃത്സറിലൊഴിച്ച് ബാക്കിയെല്ലാം മുസ്ലിം പ്രാതിനിധ്യമുള്ള പ്രദേശങ്ങളായിരുന്നു. അമൃത്സറിൽ മാത്രം 46.5 ശതമാനം മാത്രമേ മുസ്ലിം സമുദായക്കാരുണ്ടായിരുന്നുള്ളു. പ്രദേശങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുക എന്നത് ശ്രമപ്പെട്ട ജോലിയായിരുന്നു. ഇതിനായാണ് സർക്കാർ അതിർത്തി നിർണ്ണയ കമ്മീഷനെ നിയമിക്കുന്നത്. സർ.സിറിൾ റാഡ്ക്ലിഫ് ആയിരുന്നു കമ്മീഷൻ ചെയർമാൻ. റാഡ്ക്ലിഫ് ഇന്ത്യയിലേക്ക് ആദ്യമായി വരുന്ന ഒരാളായിരുന്നു. അതുകൊണ്ട് തന്നെ നിഷ്പക്ഷമായി കാര്യങ്ങൾ ചെയ്യാനും കഴിയുമെന്ന് ബ്രിട്ടീഷ് സർക്കാർ വിശ്വസിച്ചു. രണ്ട് മുസ്ലീം പ്രതിനിധികളും, രണ്ട് മുസ്ലീമേതര പ്രതിനിധികളും അടങ്ങിയതായിരുന്നു കമ്മീഷൻ. അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ട പല തീരുമാനങ്ങളും റാഡ്ക്ലിഫിനു തന്നെ സ്വയം എടുക്കേണ്ടി വന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ട രീതിയിൽ ശ്രദ്ധകൊടുക്കാൻ റാഡ്ക്ലിഫ് കമ്മീഷനും കഴിഞ്ഞിരുന്നില്ല. റാഡ്ക്ലിഫ് കമ്മീഷൻ ഇരുവിഭാഗങ്ങളുടേയും ആവശ്യങ്ങൾ ശ്രദ്ധിച്ചില്ല എന്ന പരാതി തുടക്കം മുതലേ ഉണ്ടായിരുന്നു. കമ്മീഷന്റെ തീരുമാനങ്ങൾ അന്തിമമായിരുന്നു. അതിർത്തി നിശ്ചയിച്ചു കഴിഞ്ഞ ഉടൻ തന്നെ ഇരുവശത്തേക്കും ജനങ്ങൾ പലായനം ആരംഭിച്ചു. പുതിയതായി രൂപം കൊണ്ട സർക്കാരുകൾക്ക് ഇത്ര ഭീമമായ പലായനം കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പലയിടത്തും അക്രമങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. മരണസംഖ്യ വളരെ ഉയർന്നതായിരുന്നു. അഞ്ചുലക്ഷത്തിനും, പത്തു ലക്ഷത്തിനും ഇടക്ക് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നു കണക്കാക്കപ്പെടുന്നു.






