മുലപ്പാലിനു തുല്യം വെള്ളക്കൂവ

0
98

രോഗങ്ങൾ ഒന്നും തന്നെയില്ല. കേരളത്തിലെ ഏതു മണ്ണിലും വളരും. ഒരേക്കറിൽ കൃഷിചെയ്താൽ ആറുലക്ഷം വരെ വരുമാനമുണ്ടാക്കാം. വിളവെടുപ്പു കാത്തിരുന്നു മുഷിയുമെന്നും പേടിവേണ്ട. വെറും ഏഴുമാസം മതി കൂവ കാശാകാൻ. വളപ്രയോഗമോ ജലസേചനമോ വേണ്ട എന്നതും പ്രത്യേകതയാണ്. മുലപ്പാലിനു തുല്യം ഗുണമേന്മയുള്ള ഭക്ഷണവും ഔഷധവുമാണ് കൂവ. ശരീരത്തെ തണുപ്പിക്കാൻ അത്യപൂർവ ശക്‌തി. കരീബിയക്കാരുടെ ഭാഷയിൽ ആരു ആരു (aruaru meal of meals) ഭക്ഷണങ്ങളുടെ ഭക്ഷണം എന്നാണ് കൂവ അറിയപ്പെടുന്നത്. ഇതിൽ നിന്നാണ് കൂവയ്ക്ക് ആരോറൂട്ട് എന്നപേരുണ്ടായതെന്ന് ഒരഭിപ്രായമുണ്ട്. പൊതുവേ പറയുന്ന മറ്റൊരു കഥ കൂടുതൽ വിശ്വസനീയമാണ്. വിഷ അമ്പുകൾ (ഇംഗ്ലീഷ് ഭാഷയിൽ ആരോ) ശരീരത്തു തറയ്ക്കുമ്പോൾ അതിന് ചികിത്സക്കായി ഉപയോഗിച്ചതിനാലാണ് ആരോറൂട്ട് എന്നപേര് ഇംഗ്ലീഷിൽ വന്നതെന്ന്. എന്തുമായിക്കൊള്ളട്ടെ ഒരു ആഹാരമെന്ന നിലയിലും ഔഷധമായും കൂവയ്ക്കുള്ള പ്രാധാന്യം പേരിന്റെ ഉത്ഭവ കഥയിൽ നിന്നും മനസിലാക്കാവുന്നതേയുള്ളു. കേരളത്തിൽ അധികം വ്യാപിക്കാത്ത കൂവ കൃഷിചെയ്യുകയും മൊത്തമായി എടുക്കുകയും വിൽപനനടത്തുകയുമൊക്കെ ചെയ്യുന്ന ഒരു കർഷകനാണ് പാലക്കാട് വാണിയംകുളം പാവുക്കോണം അടവക്കാട് വീട്ടിൽ അജിത്ത് കുമാർ.

കൃഷിരീതി

അജിത്തിന്റെ വീടിനു സമീപത്തെ രണ്ടേക്കർ കൃഷിയിടത്തിൽ കൂവച്ചെടികളുടെ പച്ചപ്പാണ്. നല്ല വെയിൽ ലഭിക്കുന്ന പുരയിടം. കൂവയുടെ കിഴങ്ങെടുത്തതിനു ശേഷമുള്ള ചുവടാണ് നടാനായുപയോഗിക്കുന്നത്. കൂവ പറിച്ചശേഷം ഈ ചുവട് വാരങ്ങൾക്കു മധ്യേയുള്ള കുഴിയിൽ ഇട്ട് പുറത്തു മണ്ണിടും. ജൂൺ, ജൂലൈ മാസങ്ങളാണ് കൂവ നടാൻ ഉത്തമം. ജനുവരി, ഫെബ്രുവരി മാസത്തിൽ വിളവെടുക്കാം. വിളവെടുത്ത ഉടൻ തന്നെ വാരങ്ങൾക്കു നടുവിൽ കുവയുടെ ചുവട് മണ്ണു മൂടിയിടും. ഇത് മേയിൽ മഴലഭിക്കുന്നതോടെ കിളിർത്തു തൈകളാകും. ഈ സമയം രണ്ടടി ഉയരത്തിൽ കോരിയ വാരങ്ങളിലേക്ക് കൂവ പറിച്ചു നടാം. ഒരടി അകലത്തിലാണ് തൈകൾ നടേണ്ടത്. അടിവളമായി കോഴിവളം, ചാരം എന്നിവ നൽകാം. വളമൊന്നും നൽകിയില്ലെങ്കിലും കൂവ നല്ല വിളവു നൽകും. നല്ല വേനലിലും ജലസേചനമില്ലാതെ പിടിച്ചു നിൽക്കാനുള്ള ശക്‌തി കൂവയ്ക്കുണ്ട്. നാലു കിഴങ്ങുകൾക്ക് ഒരു കിലോ ലഭിക്കും. നല്ല കാലാവസ്‌ഥയാണെങ്കിൽ ഒരു ചുവട്ടിൽ നിന്ന് 10 കിലോ വരെ വിളവും ലഭിക്കും. കിലോയ്ക്ക് 60–70 രൂപയിൽ കുറയാതെ ലഭിക്കും. ഒരേക്കറിൽ നിന്ന് 20–25 ടൺ വരെ വിളവു ലഭിച്ചിട്ടുണ്ട് അജിത്തിന്. ആറടി ഉയരത്തിൽ വരെ കൂവ വളരും. അയൽ സംസ്‌ഥാനങ്ങളിൽ കൃഷിയില്ലാത്തതിനാൽ കേരളത്തിനു യോജിച്ചകൃഷി. ഉഷ്ണമേഖലാ രാജ്യങ്ങളായ ഗൾഫ് നാടുകളിലേക്കൊക്കെ വൻ കയറ്റുമതിയും നടക്കുന്നു. ആരോറൂട്ട് കമ്പനികൾ നേരിട്ടുമെടുക്കുന്നു. ഓർഡർ അനുസരിച്ച് സാധനം നൽകാൻ തനിക്കു പറ്റുന്നില്ലെന്നും അജിത്ത് പറയുന്നു. കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് വിത്തുകൾ നൽകാനും ഉത്പന്നം തിരിച്ചെടുക്കാനും തയാറാണ് ഈ കർഷകൻ. ആദ്യം ചുവട്ടിൽ നിന്ന് ഒരടി ഉയരത്തിൽ ചെടി മുറിച്ചു മാറ്റിയശേഷം ചുവടു കുഴിച്ചാണ് വിളവെടുപ്പ്. വെള്ളം അധികം കെട്ടിനിൽക്കാത്ത ഏതു പ്രദേശത്തും കൃഷിചെയ്യാം.

ഇടവിളകൾ

കൂവയ്ക്കൊപ്പം ധാരാളം ഇടവിളകളും കൃഷിചെയ്യാം. കൂവയുള്ള പുരയിടത്തിൽ ചിതൽ ശല്യമുണ്ടാവില്ലെന്ന പ്രത്യേകതയുമുണ്ട്. പയർ, മുളക്, വെണ്ട, വെള്ളരി, പടവലം, പാവൽ, വാഴ എന്നിവയെല്ലാം കൂവ കൃഷിയിലെ ഇടവിളകളാക്കാം. കൂവ വിളവെടുപ്ിനു ശേഷം, വാഴച്ചുവട്ടിലിട്ടാൽ നല്ല ജൈവവളവുമാകും. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാമെന്ന മേന്മയുമുണ്ട്. തെങ്ങിൻ തടങ്ങളിൽ വൃത്താകൃതിയിൽ നടാം. തണുപ്പുള്ള വിളയായതിനാൽ വേനൽകാലത്ത് ഇതിന്റെ ഇല കന്നുകാലികളുടെ തീറ്റയിൽ ഉൾപ്പെടുത്തി ഇടയ്ക്കൊക്കെ നൽകാം.

ശരീരത്തെ പരിപോഷിപ്പിക്കാനും തണുപ്പിക്കാനും കൂവ

ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളിൽ നിന്നു രക്ഷിക്കാനും അപൂർവ കഴിവാണ് കൂവയ്ക്കുള്ളത്. മുലപ്പാലിനു പകരം വയ്ക്കാവുന്ന ഭക്ഷണം. ദഹനശേഷി വർധിപ്പിക്കുന്നതിനൊപ്പം ദഹനേന്ദ്രിയങ്ങൾക്ക് ആരോഗ്യവും നൽകുന്നു. മൂത്രത്തിൽ കല്ലുണ്ടാകുന്നതു തടയുന്നു. മൂത്രാശയ രോഗങ്ങൾ ശമിപ്പിക്കുന്നു. ഇതിന് തിളപ്പിച്ചാറിയവെള്ളത്തിലോ കരിക്കിൻ വെള്ളത്തിലോ ഒരു സ്പൂൺ കൂവപ്പൊടി ചേർത്തു കഴിച്ചാൽ മതിയാകും. ശരീരത്തെ പരിപോഷിപ്പിക്കുന്നതിനും കൂവയ്ക്കു കഴിയും. പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്കും ചേർന്ന ഭക്ഷണമാണ് കൂവപ്പൊടി. ചിക്കൻപോക്സ്, സ്മോൾപോക്സ് എന്നിവ വരാതിരിക്കാനും കൂവപ്പൊടി വെള്ളത്തിൽ കലക്കിക്കുടിക്കുന്നതു നല്ലതാണ്.

ഹൽവയാക്കാം പായസവും നിർമിക്കാം

കൂവപ്പൊടിയുപയോഗിച്ച് രുചികരമായ ധാരാളം മൂല്യവർധിത വിഭവങ്ങളും നിർമിക്കാം. കൂവപ്പൊടി വെള്ളത്തിൽ ചാലിച്ച് ചൂടാക്കി പഞ്ചസാരയോ ശർക്കരയോ പാനിയാക്കി ഒഴിക്കുക. വറ്റിവരുമ്പോൾ തേങ്ങ ചെറു കഷണങ്ങളാക്കിയതും നെയ്യുമൊഴിച്ച് വരട്ടിയെടുത്താൽ രുചികരമായ ഹൽവ തയാർ.

പായസം ഉണ്ടാക്കുന്നതിനായി പൊടി കലക്കി അതിലേക്ക് തേങ്ങാപ്പാൽ, ശർക്കരപ്പാനി എന്നിവയൊഴിച്ച് തിളപ്പിക്കുക. പായസപരുവമാകുമ്പോൾ നെയ്യിൽ ചൂടാക്കിയ കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവയിട്ട് വിളമ്പാം.

പാലിനും കസ്റ്റാഡിനുമൊപ്പം കൂവപ്പൊടിയും ചേർത്താൽ ഐസ്ക്രീമും നിർമിക്കാം.

മറ്റു കൃഷികൾ

കൂവയ്ക്കൊപ്പം ചേന, ചേമ്പ്്, കാച്ചിൽ, ചെറുകിഴങ്ങ്്, വാഴ, കുരുമുളക് എന്നിവയെല്ലാം കൃഷിചെയ്യുന്നുണ്ട് അജിത്ത്. ഭാര്യ രഞ്ജിനിയും മകൾ അഞ്ജനയും അജിത്തിനെ കൃഷിയിൽ സഹായിക്കുന്നു.

കൂവപ്പൊടി നിർമിക്കാം

കൂവപ്പൊടി നിർമാണം അൽപം പ്രയാസം പിടിച്ച ജോലിയാണെങ്കിലും പാലക്കാടുകാർ അത്് എളുപ്പമാക്കാൻ ചില സൂത്രപ്പണികളൊക്കെ കണ്ടുപിടിച്ചിട്ടുണ്ട്. സാധാരണ, കൂവ ചതച്ച ശേഷം ഒരു പാത്രത്തിൽ വെള്ളമെടുക്കുന്നു. ഇതിനു മുകളിലായി ഒരു തുണി വെള്ളത്തിൽ പാതി മുങ്ങുന്നരീതിയിൽ കെട്ടുന്നു. ഇതിലേക്ക് ചതച്ച കൂവയിട്ട് കൈകൊണ്ട് രണ്ടുമുന്നു പ്രാവശ്യം ഉലച്ചശേഷം ചണ്ടി മാറ്റും. കൂവപ്പൊടി വെള്ളത്തിലലിഞ്ഞ് വെള്ളം പാൽനിറമാകും. ഒരു ദിവസം ഇത് അനക്കാതെ വച്ച് വെള്ളം വാർക്കുമ്പോൾ അടിയിൽ വെള്ളക്കളറിൽ സിമന്റുപോലെ കൂവപ്പൊടി അടിഞ്ഞിട്ടുണ്ടാവും. ഇത് വെയിലത്തു വച്ച്് ഉണക്കുകയേവേണ്ടു കൂവപ്പൊടി ലഭിക്കാൻ. എന്നാൽ ഇതിൽ ഏറ്റവും പാടുള്ള ജോലിയാണ് കൂവക്കിഴങ്ങ് ചതയ്ക്കുക എന്നത്്. ഇതിനായി അജിത്തും പാലക്കാട്ടുകാരും വെളിച്ചെണ്ണമില്ലുകളെയാണ് സമീപിക്കാറ്. കഴുകി വൃത്തിയാക്കിയ കൂവ മല്ലിൽ കൊടുത്താൽ വെളിച്ചെണ്ണയാട്ടുന്ന അതേരീതിയിൽ മെഷീനിലിടുകയാണ് ചെയ്യുക. പിണ്ണാക്കു വരുന്ന സ്‌ഥലത്തുകൂടി കൂവ ചതച്ചുവരും. ഇത് വെള്ളത്തിനു മീതെ കെട്ടിയ തുണിയിൽ ഇടുകയേ വേണ്ടു, പൊടി ലഭിക്കാൻ. കൂവപ്പൊടി അഞ്ചുവർഷം വരെ കേടുകൂടാതെയിരിക്കും. പഴക്കം കൂടുന്തോറും ഗുണവും കൂടുമെന്ന് കർഷകനായ അജിത്ത് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here