കറുപ്പു കവുണി’ കൃഷിയില്‍ ഓഫ്‌ സീസണിലും നൂറുമേനി വിലയിടിവില്‍ നട്ടംതിരിഞ്ഞ് കര്‍ഷകര്‍

0
49

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത അരിയാണ് ‘കറുപ്പു കവുണി’. കൂടുതലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഈ ഇനം കൃഷി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ചിലയിടങ്ങളിലും ഇതിന്‍റെ കൃഷിയുണ്ട്.

ചെന്നൈ: ചോറാണ് മലയാളിയുടെ പ്രധാന ആഹാരം. ചോറുണ്ടാക്കാന്‍ പലതരത്തിലുള്ള അരിയാണ് ആളുകള്‍ ഉപയോഗിക്കുന്നത്. വെളുത്തതും ചുകന്നതുമായി വ്യത്യസ്‌ത അരി വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ നമുക്ക് അത്ര പരിചിതമല്ലാത്ത ഒന്നാണ് കറുത്ത അരി.

കൂടുതലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഈ കരിനെൽ ഏറെ ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ തന്നെ മണിപ്പൂരാണ് ഏറെ മുന്നില്‍. അവിടെ ‘ചക് ഹാവോ’ എന്നാണ് ഈ നെല്ലിനം അറിയപ്പെടുന്നത്. ‘കറുപ്പു കവുണി’ എന്ന പേരിൽ തമിഴ്‌നാട്ടിലെ ചിലയിടങ്ങളിലും കൃഷി ചെയ്യുന്നുണ്ട്.

കറുപ്പു കവുണി നെല്ലിന് മാത്രമല്ല ഓലയ്ക്കും കടയ്ക്കും വരെ കറുപ്പുരാശി കലർന്ന നിറമാണുള്ളത്. സാധാരണയായി സാംബ സീസണിലാണ് (സെപ്റ്റംബർ-ജനുവരി) കറുപ്പു കവുണി കൃഷി ചെയ്യുന്നത്. വിപണിയില്‍ വലിയ വില ലഭിച്ചിരുന്ന ഇതിന്‍റെ കൃഷിരീതിയിൽ ഇപ്പോഴാവട്ടെ ഏറെ മാറ്റം വന്നിട്ടുണ്ട്. വലിയ വില മുന്നില്‍ക്കണ്ടുകൊണ്ട് പല കർഷകരും വേനൽക്കാലത്തും കറുപ്പു കവുണി വളർത്തുന്നുണ്ട്.

എന്നാല്‍ കൃഷിയിലെ ഈ മാറ്റം തമിഴ്‌നാട്ടിലെ കര്‍ഷകരെ തള്ളിവിട്ടത് ദുരിതത്തിലേക്കാണ്. ഓഫ്‌ സീസണ്‍ കൃഷിയിലെ വര്‍ധനവ് വിലയിടിച്ചതിനാല്‍ നൂറുമേനി കൊയ്‌തിട്ടും കര്‍ഷകെ വലയ്‌ക്കുകയാണ്. മധുര, തിരുച്ചി, വിരുദുനഗർ തുടങ്ങിയ തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലെ കർഷകരും അരി മില്ലുടമകളുമാണ് നഷ്‌ടത്തിൽ വലയുന്നത്. ഈ ഇനത്തിന് മുമ്പ് ഉയർന്ന വിപണി മൂല്യമാണുണ്ടായിരുന്നത്.

മൊത്തവില കിലോയ്ക്ക് ശരാശരി 50 മുതൽ 60 രൂപ വരെയായിരുന്നു കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. എന്നിരുന്നാലും കറുപ്പു കവുണിയുടെ പെട്ടെന്നുള്ള അമിത വിതരണം വിപണിയിൽ വലിയ വിലയിടിവിലേക്കാണ് നയിച്ച്. കഴിഞ്ഞ ദിവസങ്ങളില്‍ വില കിലോയ്ക്ക് 35 രൂപ വരെയായി താഴുന്നു.

മധുര, വിരുദുനഗർ, പരിസര ജില്ലകളിൽ നിന്നുള്ള ‘കറുപ്പു കവുണി’ നെല്ല് തിരുമംഗലം റെലുഗുലേറ്റഡ് മാര്‍ക്കറ്റിലൂടെ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുണ്ടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. എന്നാല്‍ 66 കിലോ ഗ്രാം ഭാരമുള്ള ഏകദേശം 1,600 ബാഗുകള്‍ മാര്‍ക്കറ്റില്‍ കെട്ടിക്കിടക്കുകയാണ്. ഇക്കൂട്ടത്തിലേക്ക് കഴിഞ്ഞ ദിവസം 200 ബാഗുകള്‍ കൂടി എത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഉല്‍പാദനം ഏറിയെങ്കിലും ഇതു വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്. ഇതോടെ വിറ്റുപോകാത്ത സ്റ്റോക്ക് കൂടുന്നതിനൊപ്പം വില വീണ്ടും താഴേക്ക് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. പരമ്പരാഗത നെല്ലിനങ്ങൾക്കെന്ന പോലെ അതേ രീതിയിൽ കറുപ്പു കവുണിയും സംഭരിക്കാന്‍ സർക്കാർ ഇടപെടണമെന്ന് കർഷക പ്രതിനിധിയായ എംഎസ്കെ ഭാഗ്യനാഥൻ പറഞ്ഞു.

ഓഫ്‌ സീസണല്‍ കൃഷി നെല്ലിന്‍റെ ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ടാവാമെന്ന് ഒരു മില്ലുടമ ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ തന്നെ ഗുണനിലവാരവും വിപണി മൂല്യവും സംരക്ഷിക്കുന്നതിന് ഓഫ്‌ സീസണ്‍ കൃഷി നിയന്ത്രിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here