ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്രയ്ക്കൊപ്പം മലയാളി നേതൃത്വംനല്കുന്ന പ്രമേഹചികിത്സാ ഗവേഷണവും ചരിത്രമാകും. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ വിഭാവനംചെയ്ത ‘സ്വീറ്റ് റൈഡ്’ ഗവേഷണപദ്ധതിയാണ് ആക്സിയം നാല് ബഹിരാകാശദൗത്യത്തിന്റെ ഭാഗമാകുന്നത്. ബഹിരാകാശത്തും ഭൂമിയിലും പ്രമേഹത്തിന്റെ പരിമിതികളെ മറികടക്കുന്നതിനുള്ള മൈക്രോഗ്രാവിറ്റിയിലെ (മനുഷ്യനോ വസ്തുക്കള്‍ക്കോ ഭാരം അനുഭവപ്പെടാത്ത അവസ്ഥ) ഗവേഷണത്തിനാണ് വഴിയൊരുങ്ങുന്നത്.
രണ്ടാഴ്ച നീളുന്ന ദൗത്യത്തിലുടനീളം, മൈക്രോഗ്രാവിറ്റിയില്‍ ശരീരത്തിലെ ഗ്ലൂക്കോസ് ഉപാപചയത്തെപ്പറ്റി വിദഗ്ധ മെഡിക്കല്‍സംഘം പഠിക്കും. ഗ്ലൂക്കോസ് നില കണ്ടെത്തുന്നതിനുള്ള കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഒന്നോ അതിലധികമോ യാത്രികര്‍ ധരിക്കും. ഇതിലൂടെ ലഭിക്കുന്ന വിവരം ആക്സിയത്തിന്റെയും ബുര്‍ജീലിന്റെയും വിദഗ്ധര്‍ തത്സമയം വിശകലനംചെയ്യും. മെറ്റബോളിക് രോഗചികിത്സയില്‍ വിദഗ്ധനായ ‘സ്വീറ്റ് റൈഡ്’ ക്ലിനിക്കല്‍ ലീഡ് ഡോ. മുഹമ്മദ് ഫിത്യാന് ഉള്‍പ്പെടുന്ന സംഘമാണ് ഭഭൂമിയില്‍ ഇക്കാര്യം നിര്‍വഹിക്കുക. ബഹിരാകാശദൗത്യത്തിന് നിലവില്‍ പ്രമേഹബാധിതര്‍ക്കുള്ള നിയന്ത്രണം നീക്കുന്നതിന് ഗവേഷണം വഴിയൊരുക്കും. ഒപ്പം പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയില്‍ സുപ്രധാന മാറ്റം കൊണ്ടുവരാനും സഹായിക്കും.