പാലക്കാട് ജമ്മു കശ്മീരിലെ ഗുൽമർഗിൽ മലയാളിയായ മുഹമ്മദ് ഷാനിബിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ തേടി കേരള പൊലീസ്. കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. അതേസമയം, സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി വഴി മുഖ്യമന്ത്രിക്ക് പരാതി നൽകി. ജമ്മു കശ്മീരിലെ വനമേഖലയിൽ ഷാനിബ് എങ്ങനെ എത്തി എന്നതിൽ സ്ഥിരീകരണം വേണമെന്നാണ് പരാതിയിലെ ആവശ്യം.
ഏപ്രിൽ 13നാണ് ഷാനിബ് ബെംഗളൂരുവിലേക്ക് പോയത്. 17ന് അവസാനമായി മാതാവിനോട് സംസാരിച്ചു. താൻ തിരക്കിലായിരിക്കുമെന്നും സംസാരിക്കാൻ സാധിക്കില്ലെന്നുമാണ് അന്ന് പറഞ്ഞത്. 19 വരെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, കശ്മീരിലേക്ക് പോകുന്ന കാര്യം അറിയിച്ചിരുന്നില്ല. മെയ് ആറ് ചൊവ്വാഴ്ചയാണ് തന്മാർഗ് പൊലീസ് മണ്ണാർകാട് പൊലീസ് വഴി കാഞ്ഞിരപ്പുഴയിലെ ബന്ധുക്കളെ മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചത്. തുടർന്നാണ് ജനപ്രതിനിധികൾ പൊലീസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തിരക്കിയത്. മുമ്പ് 21 ദിവസം ഷാനിബിനെ കാണാതായിട്ടുണ്ട്.