മുഖം രക്ഷിക്കാൻ പെടാപാട്; മികവു കാട്ടുന്ന പോലീസുകാർക്ക് ‘കോവിഡ് വാരിയർ’ ബഹുമതി

0
95

കോവിഡ് പ്രതിരോധത്തിൽ പാളിച്ചകൾ കണ്ടതോടെ നയം മാറ്റി പൊലീസ്. മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന പൊലീസുകാരെ കോവിഡ് വാരിയർ ബഹുമതി നൽകി ആദരിക്കും. തിരുവനന്തപുരത്ത് ഇന്ന് പൊലിസുകാർ മാവേലിക്കൊപ്പമെത്തി ബോധവൽക്കരണം നടത്താനും തീരുമാനം.

പൊലീസുകാർക്കിടയിൽ രോഗവ്യാപനവും ജോലി ഭാരവും കൂടുന്നത് സേനയിലാകെ ആശങ്കയും അതൃപ്തിയും നിറച്ചിട്ടുണ്ട്. ഇതോടെയാണ് പൊലീസുകാരെ പ്രോത്സാഹിപ്പിക്കാൻ ഡി.ജി.പിയുടെ പുതിയ പ്രഖ്യാപനം. മുപ്പത് ദിവസം ഡ്യൂട്ടി ചെയ്യുന്നവർക്കല്ലാം കോവിഡ് പോരാളി എന്ന പദവിയോടെ ചെറു പതക്കം നൽകും. യൂണിഫോമിൽ തുന്നി പിടിപ്പിക്കുന്ന തരത്തിലെ പതക്കത്തിന് അർഹരായവരെ യൂണിറ്റ് മേധാവികൾ ഉടൻ കണ്ടെത്താനാണ് ബെഹ്റയുടെ നിർദേശം.

ഇതിനൊപ്പം നിയന്ത്രണങ്ങളിൽ പൊതുജന പങ്കാളിത്തം തേടി വിവിധ ബോധവൽകരണ തന്ത്രങ്ങളും പൊലീസ് പയറ്റിത്തുടങ്ങി. തിരുവനന്തപുരം സിറ്റിയിൽ ഇന്ന് കമ്മീഷ്ണറും ഡി.സി.പിയുമെല്ലാം മാവേലിക്കൊപ്പം എത്തിയാണ് നാട്ടുകാരെ ഉപദേശിക്കുന്നത്. പഞ്ചായത്ത് അംഗങ്ങളെ വരെ പങ്കെടുപ്പിച്ച് വെബിനാർ നടത്തിയാണ് തിരുവനന്തപുരം റൂറൽ പൊലീസ് ജനപിന്തുണ തേടിയത്.

അതിനിടെ ക്വാറൻ്റീൻ ലംഘനം പൊലിസ് തന്നെ നടത്തുന്ന സംഭവങ്ങളും പുറത്തായിട്ടുണ്ട്. പേരൂർക്കട എസ്.എ.പി ക്യാംപിൽ ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങിയ പൊലീസുകാരന് സസ്പെൻഷൻ. രോഗബാധിതനായ പൊലീസുകാരന്റെ സമ്പർക്ക പട്ടികയിൽ പെട്ട് എസ്.എ.പി ക്യാംപിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഹവിൽദാർ പ്രവീണിനാണ് സസ്പെൻഷൻ നൽകിയത്. അസിസ്റ്റൻറ് കമാണ്ടന്റ് രണ്ട് തവണ പരിശോധനക്കെത്തിയപ്പോഴും നിരീക്ഷണ കേന്ദ്രത്തിന്റെ പുറത്തിറങ്ങിയത് കണ്ടെന്നാണ് കാരണം. തുടരന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ, ക്യാംപിലെ നിരീക്ഷണ കേന്ദ്രത്തിൽ ആവശ്യത്തിന് ശുചി മുറികളില്ലന്നും കുളിക്കാൻ നിരീക്ഷണ കേന്ദ്രത്തിലെ മറ്റൊരിടത്തേക്ക് പോയതിനാണ് ക്വാറന്റീൻ ലംഘനമെന്ന് ആരോപിക്കുന്നതെന്നും പ്രവീൺ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here